Published: July 30, 2026 04:03 PM IST
1 minute Read
മെഡലുകൾ വാരിക്കൂട്ടാനല്ല, എങ്ങനെയെങ്കിലും കരസേനയിൽ കയറാൻ മോഹിച്ചായിരുന്നു ഗുൽവീർ സിങ് ഓടാൻ തുടങ്ങിയത്. ആ ഓട്ടം എത്തിനിൽക്കുന്നതാവട്ടെ, കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 10,000 മീറ്ററിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടത്തിലും! ഉത്തർപ്രദേശിലെ അലിഗഡിലെ സിർസ ഗ്രാമത്തിലാണ് ഗുൽവീറിന്റെ ജനനം. ആ ഗ്രാമത്തിലെ എല്ലാ വീട്ടിലും ഒരു സൈനികനെങ്കിലുമുണ്ടാകും. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ ആർമിയിൽ ജോലി നേടുകയായിരുന്നു ഗുൽവീറിന്റെ സ്വപ്നവും.
തന്റെ നാട്ടിലെ മറ്റു ചെറുപ്പക്കാരെ പോലെ ആ സ്വപ്നത്തിനായി ഗുൽവീറും ഓടാൻ തുടങ്ങി. സ്പോർട്സ് ക്വോട്ടയിൽ ഒരു ജോലി മാത്രമായിരുന്നു ലക്ഷ്യം. 2018ൽ ഗുൽവീർ ലക്ഷ്യം നേടി; ദ് ഗ്രനേഡിയേഴ്സ് ഇൻഫൻട്രി റെജിമെന്റിൽ ഗ്രനേഡിയറായി തുടക്കം. പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതോടെയാണു ഗുൽവീറിന്റെ ഓട്ടം ‘ദിശമാറിത്തുടങ്ങുന്നത്’. പതിയെ മത്സരങ്ങൾക്കായി ഗുൽവീർ ഓടാൻ തുടങ്ങി. കായിക പരിശീലനത്തിനൊപ്പം ഗുൽവീർ അരുണാചൽ പ്രദേശിൽ സൈനിക സേവനത്തിലുമേർപ്പെട്ടു; നിലവിൽ ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ.
2022ൽ കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പിൽ 10000 മീറ്ററിൽ വെങ്കലം; ദേശീയ തലത്തിൽ ഗുൽവീറിന്റെ ആദ്യ മെഡൽ. 2023 ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിലും ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 5000 മീറ്ററിലും വെങ്കലം. ഇതോടെ ദീർഘദൂര ഓട്ടത്തിൽ ശ്രദ്ധേയനായി. പിന്നീട് ഗുൽവീർ ഓടിയതു മെഡലുകളുടെയും റെക്കോർഡുകളുടെയും പിറകെയായിരുന്നു. 2025 ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 5000, 10000 മീറ്ററുകളിൽ സ്വർണം നേടി. 3000 മീറ്റർ (7:34.49 മിനിറ്റ്), 5000 മീറ്റർ (13:11.82 മിനിറ്റ്), 10,000 മീറ്റർ (27:00.22 മിനിറ്റ്) എന്നിങ്ങനെ ദീർഘദൂര ഓട്ടത്തിലെ ദേശീയ റെക്കോർഡുകൾ ഗുൽവീറിന്റെ പേരിലാണ്.
English Summary:
Gulveer Singh: From Army Aspirant to Commonwealth Games Silver Medalist
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·