കരിയർ ബെസ്റ്റ്! ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ച് സഞ്ജു; രണ്ടാമനായി ഇഷാൻ, ടോപ് 10ൽ 4 ഇന്ത്യക്കാർ; ഒന്നാം സ്ഥാനം പോയി വരുൺ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 11, 2026 03:07 PM IST

2 minute Read

ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർധസെഞ്ചറി നേടിയ ഇന്ത്യൻ താരം സഞ്ജു സാംസൺ.  (PTI Photo/Ravi Choudhary)
ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർധസെഞ്ചറി നേടിയ ഇന്ത്യൻ താരം സഞ്ജു സാംസൺ. (PTI Photo/Ravi Choudhary)

മുംബൈ∙ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ. പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണാണ് റാങ്കിങ്ങിൽ ഏറ്റവും കുതിപ്പുണ്ടാക്കിയത്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 637 പോയിന്റോടെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 22-ാം സ്ഥാനത്താണ് സഞ്ജു. ലോകകപ്പിന് തൊട്ടു മുൻപ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ബാറ്റിങ് റാങ്കിങ്ങിൽ സഞ്ജു 65-ാം സ്ഥാനത്തേക്ക് വീണിരുന്നു. വെസ്റ്റിൻഡീസിനെതിരെ സൂപ്പർ 8 മത്സരത്തിലെ മിന്നും പ്രകടനത്തോടെ 40–ാം സ്ഥാനത്തേയ്ക്കു കയറി. സെമിയിലും ഫൈനലിലും തിളങ്ങിയതോടെയാണ് 22–ാം സ്ഥാനത്തേയ്ക്കു എത്തുന്നത്. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ആകെ 43 സ്ഥാനങ്ങളാണ് സഞ്ജു മെച്ചപ്പെടുത്തിയത്. 

ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ താരമായ ഇഷാൻ കിഷൻ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്കു ഉയർന്നു. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായ ഇഷാൻ കിഷൻ, ഒൻപത് മത്സരങ്ങളിൽനിന്നു മൂന്ന് അർധസെഞ്ചറി ഉൾപ്പെടെ 317 റൺസാണ് അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർധസെഞ്ചറിയോടെ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ 875 റേറ്റിങ് പോയിന്‍റുമായി ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. അഭിഷേകും ഇഷാനും തമ്മിൽ നാലു പോയിന്റ് വ്യത്യാസം മാത്രമാണ് ഉള്ളത്.

ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യൻ ഓൾറൗണ്ടര്‍ ശിവം ദുബെ ബാറ്റിങ് റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തെത്തിയപ്പോള്‍ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തേയ്ക്കും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രണ്ടു സ്ഥാനം നഷ്ടമായി ഒൻപതാം സ്ഥാനത്തേയ്ക്കും വീണു. അഭിഷേകും ഇഷാനും തിലകും സൂര്യയുമടക്കം നാലു ഇന്ത്യൻ താരങ്ങളാണ് ബാറ്റിങ് റാങ്കിങ്ങിൽ ടോപ് 10ൽ ഉള്ളത്. 

ട്വന്റി20 ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായെങ്കിലും റൺസ് വഴങ്ങിയ സ്പിന്നർ വരുൺ ചക്രവർത്തിക്ക് ബോളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ആണ് ‌753 റേറ്റിങ് പോയന്‍റുമായി‌ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 740 റേറ്റിങ് പോയിന്റുള്ള വരുൺ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഓൾറൗണ്ടർ അക്ഷർ പട്ടേൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റും സ്വന്തമാക്കി. ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഓൾറൗണ്ടർമാരിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് താരം വിൽ ജാക്സ് അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 13–ാമതായി.

ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായ പാക്ക് താരം ഷാഹിബ്സാദ ഫർഹാൻ ബാറ്റിങ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചറി കുറിച്ച ന്യൂസീലൻഡ് ഓപ്പണർ ഫിൻ അലൻ ഏഴു സ്ഥാനം മെച്ചപ്പെടുത്തി ബാറ്റിങ് റാങ്കിങ്ങിൽ 20-ാം സ്ഥാനത്തെത്തി. സെമിയിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടിയ ഇംഗ്ലണ്ടിന്‍റെ ജേക്കബ് ബെതേൽ 17 സ്ഥാനം ഉയര്‍ന്ന് 16-ാം റാങ്കിലെത്തി. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ അർധസെഞ്ചറി നേടിയ ന്യൂസീലൻഡ് ഓപ്പണർ ടിം സെയ്ഫർട്ട് ആറാം റാങ്കിലേക്ക് ഉയർന്നു.

English Summary:

Indian players person made important leaps successful the ICC rankings pursuing their T20 World Cup triumph. Notably, Player of the Tournament Sanju Samson has achieved a career-best 22nd position, climbing 43 places overall.

Read Entire Article