കറ്റാലയ്ക്കു പകരക്കാരൻ ആഷ്‌ലി വെസ്റ്റ്‌വുഡ്, ബെംഗളരു എഫ്സി മുൻ പരിശീലകൻ ബ്ലാസ്റ്റേഴ്സിലേക്ക്

2 months ago 9

മനോജ് മാത്യു

Published: March 23, 2026 03:38 PM IST

1 minute Read

ആഷ്‍ലി വെസ്റ്റ്‍വുഡ്
ആഷ്‍ലി വെസ്റ്റ്‍വുഡ്

കൊച്ചി ∙ ദവീദ് കറ്റാലയ്ക്കു പകരം ഇംഗ്ലിഷ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകാൻ സാധ്യത. മുൻ ഇംഗ്ലിഷ് ഫുട്ബോളറായ ആഷ്‌ലി ഇന്ത്യയിൽ ബെംഗളൂരു എഫ്സി പരിശീലകനായാണ് പേരെടുത്തത്. പഞ്ചാബ് എഫ്സി, എടികെ ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടെ പരിശീലകനുമായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളും ഇന്ത്യൻ താരങ്ങളുടെ ശൈലിയും രീതികളും നന്നായി അറിയാവുന്ന അദ്ദേഹത്തിന് എളുപ്പത്തിൽ ബ്ലാസ്റ്റേഴ്സുമായി ഇണങ്ങാൻ കഴിയുമെന്നാണു മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിനും മധ്യനിരയുടെ കരുത്തിനും ഊന്നൽ നൽകുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.  

ദവീദ് കറ്റാല പുറത്ത്

സൂപ്പർ കപ്പിലും ഐഎസ്എലിലുമായി വെറും 9 മത്സരങ്ങളിൽ മാത്രം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സ്പാനിഷ് കോച്ച് ദവീദ് കറ്റാല പുറത്തേക്ക്; ഐഎസ്എലിലെ ദയനീയ പ്രകടനമാണു കറ്റാലയുടെ വിധിയെഴുതിയത്. സീസണിൽ 7 മത്സരങ്ങൾ കൂടി ബാക്കിയിരിക്കെയാണു കറ്റാലയുടെ മടക്കം. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ അപമാനിതനായി പാതിവഴിയിൽ പുറത്താക്കപ്പെട്ട സ്വീഡിഷ് കോച്ച് മികേൽ സ്റ്റാറെയുടെ പിൻഗാമിയായി എത്തിയ കറ്റാലയ്ക്കും അതേ വിധി!

 12 –ാം സീസണിൽ കറ്റാലയുടെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയ 6 കളികളിൽ അഞ്ചിലും തോറ്റു. ആദ്യ 4 കളികളിലും തുടർച്ചയായ തോൽവി, പിന്നൊരു സമനില, വീണ്ടും തോൽവി. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മോശം തുടക്കത്തിന്റെ ആദ്യ രക്തസാക്ഷി കൂടിയാണു കറ്റാല. സ്വാഭാവികമായും ‘വേർപിരിയൽ’ അല്ലെങ്കിൽ ‘പുറത്താക്കൽ’ അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ കേരളത്തിന്റെ മണ്ണിൽ കാൽത്തൊട്ട കറ്റാലയ്ക്ക് ഒരു വർഷം തികയും മുൻപേ മടക്ക ടിക്കറ്റ്. പാതിവഴിയിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക പദവിയിൽ നിന്നു പുറത്താക്കപ്പെട്ട ‘ഒടുവിലത്തെ’ വിദേശ കോച്ച്! അദ്ദേഹത്തിന് ആശ്വസിക്കാം. പീറ്റർ ടെയ്‌ലറും റെനെ മ്യുളൻസ്റ്റീനും ഡേവിഡ് ജയിംസുമൊക്കെയുണ്ട്, ആ പട്ടികയിൽ.

‘മുൻകൂട്ടി’ യാത്ര പറഞ്ഞ്

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര അവസാനിച്ചുവെന്നു വ്യക്തമായിരുന്ന കറ്റാല പ‍ഞ്ചാബിനെതിരായ മത്സരത്തിനു പിന്നാലെ ടീം അംഗങ്ങളോടു ‘ബൈ’ പറഞ്ഞിരുന്നു. അടുത്ത മത്സരം ഏപ്രിൽ 5നാണ്. നീണ്ട ഇടവേളയായതിനാൽ എല്ലാവരും സ്വന്തം നാടുകളിലേക്കു മടങ്ങുന്നതുകൂടി കണക്കിലെടുത്തായിരുന്നു യാത്ര പറയൽ. പഞ്ചാബിനോടു തോറ്റ ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ കറ്റാല പങ്കെടുക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്ന്  വ്യക്തമായിരുന്നു. സഹപരിശീലകൻ ചന്ദ്രശേഖർ റാവു ചിന്റയാണു പകരമെത്തിയത്. കർക്കശക്കാരനായ കറ്റാലയുടെ രീതികൾ ടീമിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നതായും സൂചനകളുണ്ട്. ആദ്യ 4 മത്സരങ്ങളിൽ  തോറ്റതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് പുതിയ കോച്ചിനായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. തിരിച്ചടികളിൽ നിരാശനായ കറ്റാലയും സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 

English Summary:

Kerala Blasters are apt to name English manager Ashley Westwood arsenic their caller manager, replacing David Catala

Read Entire Article