Published: August 08, 2026 05:26 PM IST
1 minute Read
ഒരാഴ്ചയ്ക്കു ശേഷം ആരംഭിക്കുന്ന സ്പാനിഷ് ലാ ലിഗയോടെ ക്ലബ് ഫുട്ബോളിനു കിക്കോഫ് വിസിൽ മുഴങ്ങും. രാജ്യാന്തര മത്സരങ്ങൾക്കു മുടക്കം വരാത്ത രീതിയിൽ ലീഗ് മത്സരങ്ങളുടെ തീയതിയും സമയവും വേദിയും പ്രഖ്യാപിക്കുന്നതു സംഘാടകർക്കു ബാലികേറാമലയായി തോന്നുമെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) ഇതൊക്കെ ‘നിസ്സാരമാണ്’. കായിക ലോകത്തെ സങ്കീർണമായ പല തീരുമാനങ്ങളിലും അവസാന വാക്ക് ഇപ്പോൾ നിർമിത ബുദ്ധിയുടേതാണ്.
കലണ്ടർ റെഡി!
ഇത്തവണ സ്പാനിഷ് ലാ ലിഗ മത്സരകലണ്ടർ തീരുമാനിച്ചത് എഐയുടെ സഹായത്തോടെയാണ്. മൈക്രോസോഫ്റ്റ് ആഷർ പ്ലാറ്റ്ഫോമിലെ എഐ ടൂളായ ‘കലണ്ടർ സിലക്ടർ’ ഉപയോഗിച്ചാണ് തീയതികളും വേദികളും സമയവും ഉൾപ്പെടെയുള്ള മത്സര കലണ്ടർ ലാ ലിഗ നിശ്ചയിച്ചത്. യൂറോപ്യൻ ലീഗുകളുടെ സമയം, കാലാവസ്ഥ, യാത്രാദൂരം, സ്റ്റേഡിയങ്ങളുടെ സീറ്റിങ് കപ്പാസിറ്റി, ടൈം സോണുകൾ തുടങ്ങിയ വിവിധ ഡേറ്റ വിശകലനം ചെയ്താണ് ലീഗിന് ഏറ്റവും ഉചിതമായ മത്സര കലണ്ടർ തയാറാക്കുന്നത്.
കോർണർ സഹായം
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്സി എഐയുടെ സഹായത്തോടെയാണ് കോർണർ കിക്കെടുക്കാൻ പഠിക്കുന്നത്. ഗൂഗിൾ ഡീപ്മൈൻഡിന്റെ സഹായത്തോടെ നിർമിച്ച ‘ടാക്ടിക് എഐ’യാണ് ഇതിനായി ഉപയോഗിക്കുന്നത്. കിക്ക് എടുക്കുന്ന കളിക്കാരന്റെ പൊസിഷൻ അനുസരിച്ച് ഏതു താരത്തിനു പന്ത് ലഭിക്കുമെന്നും ഫലം എന്താകുമെന്നും ടാക്ടിക് എഐ പ്രവചിക്കും. ഇതിനായി മുൻ മത്സരങ്ങളിലെ ഡേറ്റയാണ് ഉപയോഗിക്കുന്നത്.
ക്രിക്കറ്റിലും എഐ
ഓരോ പിച്ചിലും ബാറ്റർമാരുടെ പ്രകടനം പ്രവചിക്കാൻ അനലറ്റിക്കൽ മോഡലുകളുടെ സഹായം ക്രിക്കറ്റ് ടീമുകൾ തേടാറുണ്ട്. ഇതിനായി ബിസിസിഐ ഉൾപ്പെടെയുള്ളവ ക്രിക്ക്‌വിസ് – ഹോക്സ് ഐ തുടങ്ങിയ കംപ്യൂട്ടർ വിഷൻ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ സഹായത്തോടെ പഴയ മത്സരങ്ങളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ഒരു മത്സരരംഗം സൃഷ്ടിക്കും. ഇതിലൂടെ പവർപ്ലേയിൽ വലംകൈ ബാറ്റർ, ഒരു ഇടംകൈ സ്പിന്നറെ എങ്ങനെ നേരിടുമെന്നു വിലയിരുത്താം. പ്രകടനം പ്രവചിക്കാൻ റിലീസ് പോയിന്റ്, പിച്ചിന്റെ സ്വഭാവം, കാറ്റിന്റെ വേഗം എന്നിവ വരെ ഉപയോഗിക്കും.
താരങ്ങളെ കണ്ടെത്തും
കംപ്യൂട്ടർ വിഷൻ പ്ലാറ്റ്ഫോമായ ‘ഹഡിൽ’, ‘പ്രോ ഫുട്ബോൾ ഫോക്സ്’ എന്നിവയുടെ സഹായത്തോടെയാണ് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബുകൾ പുതിയ കളിക്കാരെ കണ്ടെത്തുന്നത്. ആഭ്യന്തര മത്സരങ്ങളിൽ പോലുമുള്ള താരങ്ങളുടെ പ്രകടനം മെഷീൻ ലേണിങ്ങിന്റെ സഹായത്തോടെ ഇവ വിലയിരുത്തും എന്നതാണു പ്രത്യേകത. കൂടാതെ ചെൽസി, ബേൺലി തുടങ്ങിയ ഇംഗ്ലിഷ് ക്ലബ്ബുകളും റിക്രൂട്മെന്റിനായി ‘എഐസ്കൗട്ട്’ പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നുണ്ട്. താരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന മത്സര വിഡിയോ, പ്രിമിയർ ലീഗിലെ പ്രകടനത്തിനു യോജിച്ചതോ എന്ന് എഐസ്കൗട്ട് കണ്ടെത്തും. ഇതിനായി താരങ്ങളുടെ പാസിങ് കൃത്യത, വേഗം, ചലനങ്ങൾ എന്നിവയെല്ലാം എഐ വിലയിരുത്തും.
ടെന്നിസിൽ നേരത്തേ...
ടെന്നിസ് മത്സരങ്ങൾ അവസാനിച്ച് നിമിഷങ്ങൾക്കുള്ളിൽ ഹൈലൈറ്റ് വിഡിയോ പുറത്തുവരാറുണ്ട്. ഇതിനായി ഐബിഎം ‘സ്ലാംട്രാക്കർ’ പ്ലാറ്റ്ഫോമിനെയാണ് ആശ്രയിക്കുന്നത്. കാണികളുടെ ആവേശം, കളിക്കാരുടെ ആഘോഷം, കമന്ററി, മത്സരത്തിന്റെ മറ്റു ഡേറ്റ എന്നിവ ഉപയോഗിച്ച് ‘സ്ലാംട്രാക്കർ’ ഓട്ടമാറ്റിക്കായി ഹൈലൈറ്റ് വിഡിയോ നിർമിക്കും.
English Summary:
Artificial quality is revolutionizing sports by assisting successful analyzable decision-making processes. AI tools are present being utilized to make sports schedules, analyse subordinate performance, and adjacent scout caller talent.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·