Published: February 24, 2026 10:47 AM IST
3 minute Read
നിങ്ങൾക്ക് പവർപ്ലേയിൽ ഒരു മത്സരം ജയിക്കാൻ സാധിക്കില്ല. എന്നാൽ, പവർപ്ലേയിൽ ഒരു മത്സരം തോൽക്കാം– ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 റൗണ്ടിൽ ദക്ഷിണാഫ്രിക്കയോടു തോറ്റതിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞതാണിത്. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 41 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇന്ത്യയാകട്ടെ 3ന് 31 എന്ന സ്കോറിലും. 10 റൺസ് വ്യത്യാസം മാത്രമുള്ള ഈ സാഹചര്യത്തിൽ നിന്ന് 76 റൺസിന്റെ കൂറ്റൻ തോൽവിയിലേക്ക് ഇന്ത്യയെ തള്ളിയിട്ട കാരണങ്ങൾ പലതുണ്ട്.
ടോപ്പിലെ ട്രാപ്
ഓഫ് സ്പിന്നർ ബോളിങ് ഓപ്പൺ ചെയ്താൽ ഇന്ത്യയുടെ ഓപ്പണർമാർക്കു മുട്ടിടിക്കുമെന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും വ്യക്തമായി. കഴിഞ്ഞ 2 മത്സരങ്ങളിൽ അഭിഷേക് ശർമയാണ് ഈ ഓഫ് സ്പിൻ ട്രാപ്പിൽ വീണതെങ്കിൽ ഇത്തവണ ഇഷാൻ കിഷനാണ് ഔട്ടായത്. തുടക്കത്തിൽ രണ്ടോ മൂന്നോ ഡോട് ബോളുകൾ നേരിടേണ്ടിവന്നാൽ അതുണ്ടാക്കുന്ന സമ്മർദം കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഓപ്പണർമാർ ഇതുവരെ പഠിച്ചിട്ടില്ല. ഫോം ഔട്ട് ആണെങ്കിലും അഭിഷേക് മികച്ച ഇന്റന്റോടെയാണ് ബാറ്റ് ചെയ്യുന്നതെന്നാണ് ക്യാപ്റ്റൻ സൂര്യയുടെ വിലയിരുത്തൽ. എന്നാൽ മത്സരം ജയിക്കാൻ ഇന്റന്റ് മാത്രം പോരാ, റൺസും വേണം!
തിലകും തിരിച്ചറിവും
തിലക് വർമയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വിമർശനം ഉയർന്നപ്പോഴെല്ലാം ടീമിൽ തിലകിന്റെ റോൾ അതാണെന്നും ഒരു ‘ആങ്കർ’ ഇന്നിങ്സ് കളിക്കുമ്പോൾ സ്ട്രൈക്ക് റേറ്റ് പ്രശ്നമല്ലെന്നുമായിരുന്നു ക്യാപ്റ്റന്റെ ന്യായം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിൽത്തന്നെ ക്രീസിൽ വരേണ്ടിവന്ന തിലകിന്റെ ദൗത്യം മറ്റു പരുക്കുകളില്ലാതെ പവർപ്ലേ അവസാനിപ്പിക്കുക എന്നതായിരുന്നു. എന്നാൽ, രണ്ടാം ഓവറിലെ ആദ്യ പന്തിൽ മാർക്കോ യാൻസനെ സ്റ്റെപ് ഔട്ട് ചെയ്തു കളിക്കാൻ ശ്രമിച്ച തിലകിനു വിക്കറ്റ് നഷ്ടമായി. 20 ഓവർ മത്സരത്തിൽ, താരതമ്യേന വലിയൊരു സ്കോർ പിന്തുടരുമ്പോൾ ടോപ് ഓർഡറിൽ ഒരു ബാറ്റർ ആങ്കർ റോൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും അതു ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കുമെന്നും ടീം ഇന്ത്യയ്ക്കും തിലകിനും കഴിഞ്ഞ ദിവസം മനസ്സിലായി.
അക്ഷർ, ആശങ്ക
ദക്ഷിണാഫ്രിക്കൻ ടോപ് ഓർഡറിൽ ക്വിന്റൻ ഡികോക്ക്, റയാൻ റിക്കൽറ്റൻ, ഡേവിഡ് മില്ലർ എന്നീ ഇടംകൈ ബാറ്റർമാരുടെ സാന്നിധ്യമാണ്, മത്സരത്തിൽ ഇടംകൈ സ്പിന്നറായ അക്ഷർ പട്ടേലിനു പകരം ഓഫ് സ്പിന്നർ വാഷിങ്ടൻ സുന്ദറിനെ കളിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. എന്നാൽ ഡികോക്കും റിക്കൽറ്റനും പവർപ്ലേയ്ക്കു മുൻപേ പുറത്തായതോടെ ഈ പ്ലാൻ പാളി. മില്ലർക്കെതിരെ 5 പന്തുകളെറിഞ്ഞ വാഷിങ്ടൻ വഴങ്ങിയത് 8 റൺസ്. രണ്ട് ഓവറിൽ സ്പെൽ അവസാനിപ്പിക്കേണ്ടിവന്ന വാഷിങ്ടന് പിന്നീട് പന്തും ലഭിച്ചില്ല. മറുവശത്ത് ഡിയേവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നീ വലംകൈ ബാറ്റർമാർക്കെതിരെ ഇന്ത്യയ്ക്ക് പ്രയോഗിക്കാൻ ആയുധമില്ലാതെ പോയി. അക്ഷറിന്റെ ‘വില’ ബോളിങ്ങിൽ തെളിഞ്ഞുകണ്ട സമയം. ബാറ്റിങ്ങിൽ കൂട്ടത്തകർച്ചയുണ്ടായപ്പോഴും അക്ഷറിന്റെ അസാന്നിധ്യം മുഴച്ചുനിന്നു.
വരുണിന്റെ വീഴ്ച
സ്പിൻ വിഭാഗത്തിന്റെ ചുമതല മുഴുവൻ വരുൺ ചക്രവർത്തിയെ ഏൽപിക്കാനുള്ള പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനവും കഴിഞ്ഞ ദിവസം പിഴച്ചു. 4 ഓവറിൽ 47 റൺസ് വിട്ടുനൽകിയ വരുൺ നിറംമങ്ങിയതോടെ ഇന്ത്യയുടെ ബോളിങ് ബാലൻസ് അടിമുടി തെറ്റി. വരുൺ ഫോം ഔട്ടാകുമ്പോൾ ബാക്കപ്പായി ഒരു സ്പെഷലിസ്റ്റ് സ്പിന്നർ വേണമെന്ന കാര്യം ഇന്ത്യ ഓർത്തില്ല. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ പുറത്തിരുത്താനുള്ള തീരുമാനവും തിരിച്ചടിയായി.
പിച്ചിൽ പതറി
വേഗം കുറഞ്ഞ പിച്ചായിരുന്നു അഹമ്മദാബാദിലേത്. ഇതു മനസ്സിലാക്കിയ ദക്ഷിണാഫ്രിക്കൻ പേസർമാർ തുടർച്ചയായ സ്ലോ ബോളുകളും ഓഫ്, ലെഗ് കട്ടറുകളുമായാണ് ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിച്ചത്. ലുങ്ഗി എൻഗിഡിയുടെ ഡിപ്പിങ് സ്ലോ ബോളുകളും മാർക്കോ യാൻസന്റെ നക്കിൾ ബോളുകളും ഇന്ത്യൻ ബാറ്റർമാരെ വട്ടംകറക്കി. അഭിഷേക് ശർമ മുതൽ ഇങ്ങോട്ട് ഇന്ത്യൻ ബാറ്റർമാർ ഈ സ്ലോ ബോൾ കെണി മനസ്സിലാക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞു. മറുവശത്ത് ഇന്ത്യൻ പേസർമാരിൽ ജസ്പ്രീത് ബുമ്ര മാത്രമാണ് പിച്ച് മനസ്സിലാക്കി പന്തെറിഞ്ഞത്. പേസ് ബോളിങ് ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും (4 ഓവറിൽ 45 റൺസ്) ശിവം ദുബെയും (2 ഓവറിൽ 32 റൺസ്) നിരാശപ്പെടുത്തി.
സഞ്ജുവിന് സാധ്യതയുണ്ടോ?
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണ് അവസരം നൽകുമോ എന്ന ചോദ്യത്തിന്, അഭിഷേകിനെയോ തിലകിനെയോ മാറ്റാൻ സാധിക്കുമോ എന്നായിരുന്നു സൂര്യയുടെ മറുചോദ്യം. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള താരങ്ങളാണ് അഭിഷേകും (ഒന്നാം റാങ്ക്) തിലകും (നാലാം റാങ്ക്). പക്ഷേ, തുടർച്ചയായി ഫോം ഔട്ട് ആകുന്ന താരങ്ങൾക്ക് ഒരു മത്സരത്തിലെങ്കിലും വിശ്രമം നൽകുന്നതിൽ തെറ്റില്ല. ഇനി ടോപ് ഓർഡറിൽ മാറ്റം വരുത്താൻ സാധിക്കില്ലെങ്കിൽ ഫിനിഷർ റോളിൽ തുടർച്ചയായി പരാജയപ്പെടുന്ന റിങ്കു സിങ്ങിനു പകരം സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്. ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാൻ തയാറാണെന്ന് സഞ്ജു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
കോലിയില്ലാ കാലം
ട്വന്റി20 ലോകകപ്പ് മത്സര ചരിത്രത്തിൽ 3 തവണ മാത്രമേ ടീം ഇന്ത്യ 150നു മുകളിൽ സ്കോർ പിന്തുടർന്നു ജയിച്ചിട്ടുള്ളൂ. ആ 3 തവണയും പ്ലെയർ ഓഫ് ദ് മാച്ച് ട്രോഫി നേടിയത് ഒരേ താരമായിരുന്നു; വിരാട് കോലി. 2014 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 2016 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരെയും 2022 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയുമായിരുന്നു കോലിയുടെ അസാമാന്യ പ്രകടനങ്ങൾ. ട്വന്റി20യിൽ കോലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് പലർക്കും വിമർശനങ്ങളുണ്ടെങ്കിലും റൺ ചേസുകളിൽ ഇന്നിങ്സ് ആങ്കർ ചെയ്യാനുള്ള കോലിയുടെ വൈഭവത്തെക്കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 187 റൺസ് പിന്തുടർന്നപ്പോൾ, ഇന്ത്യ മിസ് ചെയ്തതും ഈ കോലി ഫാക്ടറാണ്.
English Summary:







English (US) ·