കളിച്ചത് 7 ഏകദിനം, പക്ഷേ സിഎസ്‌കെയിലേക്ക് സേവാഗിനു പകരം ധോണിയെ എത്തിച്ച ‘തല’; ഒടുവിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മുൻ ഇന്ത്യൻ താരം

4 days ago 3

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ അക്രമാസക്തമായ ബാറ്റിങ്ങിന്റെ പര്യായമായിരുന്നു ഒരിക്കൽ വി.ബി.ചന്ദ്രശേഖർ എന്ന വി.ബി.സി. കൃഷ്ണാമാചാരി ശ്രീകാന്തിനെപ്പോലൊരു ബാറ്ററുടെ ഒപ്പം ഓപ്പൺ ചെയ്യുമ്പോൾ ഏതൊരു കളിക്കാരനും നിഴലിലായിപ്പോകുക സ്വാഭാവികമാണ്. എന്നാൽ, ശ്രീകാന്തിന്റെ അതേ ആക്രമണ ശൈലിയോടെ, ചിലപ്പോൾ അതിനേക്കാൾ വേഗത്തിൽ പന്തിനെ അതിർത്തി കടത്താൻ വി.ബിക്ക് കഴിയുമായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി കളിച്ച ഏഴ് ഏകദിന മത്സരങ്ങളിലെ 88 റൺസെന്ന കണക്കിൽ മാത്രം ഒതുങ്ങുന്നതല്ല ഈ തമിഴ്നാട്ടുകാരന്റെ ജീവിതം. തമിഴ്നാട് ക്രിക്കറ്റിന്റെ സുവർണകാലത്തെ നയിച്ച, ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഗതിമാറ്റിയ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച, ഒടുവിൽ കടക്കെണിയുടെ ഭാരത്താൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു പ്രതിഭയുടെ കഥയാണിത്.

What you should work next

∙ വൈകിയെത്തിയ അരങ്ങേറ്റം, റെക്കോർഡുകളുടെ പെരുമഴ

ഒരു കൗമാര പ്രതിഭയായി ഉയർന്നുവന്ന കളിക്കാരനായിരുന്നില്ല വി.ബി.ചന്ദ്രശേഖർ. ബിരുദ പഠനവും എൻജിനീയറിങും പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് വരുന്നത്. 1986-87 സീസണിൽ, 25-ാം വയസ്സിൽ തമിഴ്നാടിനായി അരങ്ങേറുമ്പോൾ ആദ്യ മത്സരത്തിൽ തന്നെ 81 റൺസ് നേടി അദ്ദേഹം തന്റെ വരവറിയിച്ചു.

തൊട്ടടുത്ത സീസൺ (1987-88) തമിഴ്നാട് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. രണ്ടാം തവണയും അവർ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ ബാറ്റിങ് നിരയിലെ നെടുന്തൂൺ വി.ബിയായിരുന്നു. ആ സീസണിൽ 45.91 ശരാശരിയിൽ 551 റൺസ് അദ്ദേഹം അടിച്ചുകൂട്ടി. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ നേടിയ 160 റൺസും, റെയിൽവേസിനെതിരായ ഫൈനലിൽ നേടിയ 89 റൺസും തമിഴ്നാടിന്റെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചു.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത് 1988-ലെ ഇറാനി ട്രോഫി മത്സരത്തോടെയാണ്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിന്റെ വിഷമത്തിലായിരുന്നു അദ്ദേഹം. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ വി.ബി, തോൽവിയിൽ നിന്ന് തമിഴ്നാടിനെ കരകയറ്റിയത് ഒരു കൊടുങ്കാറ്റായാണ്. നരേന്ദ്ര ഹിർവാനിയും ഗോപാൽ ശർമയും അടങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യയുടെ മികച്ച സ്പിൻ നിരയെ ചെപ്പോക്കിലെ കഠിനമായ പിച്ചിൽ അദ്ദേഹം നിലംപരിശാക്കി.

വെറും 56 പന്തിൽ നിന്നാണ് വി.ബി തന്റെ സെഞ്ചറി തികച്ചത്. അന്ന് ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയായിരുന്നു അത്. 78 പന്തിൽ നിന്ന് 119 റൺസ് നേടിയ വി.ബിയുടെയും ശ്രീകാന്തിന്റെയും (154 റൺസ് ഓപ്പണിങ് കൂട്ടുകെട്ട്) മികവിൽ തമിഴ്നാട് 340 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്നു. പിൽക്കാലത്ത് 2016ൽ ഋഷഭ് പന്ത് (48 പന്തിൽ സെഞ്ചറി) മറികടക്കുന്നതുവരെ ഈ റെക്കോർഡ് വി.ബിയുടെ പേരിൽ ഭദ്രമായിരുന്നു.

∙ ഇന്ത്യൻ ജഴ്സിയിൽ

ഇറാനി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ 1988 ഡിസംബറിൽ ന്യൂസീലൻഡിനെതിരെ വിശാഖപട്ടണത്ത് വി.ബി രാജ്യാന്തര അരങ്ങേറ്റം കുറിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഇൻഡോറിൽ നടന്ന മത്സരത്തിൽ 53 റൺസ് നേടി തന്റെ ഏക രാജ്യാന്തര അർധസെഞ്ചറിയും കുറിച്ചു. എന്നാൽ, അതിനുശേഷം സ്ഥിരത നിലനിർത്താൻ അദ്ദേഹത്തിനായില്ല.

വി.ബി.ചന്ദ്രശേഖർ മത്സരകാലത്ത് (X/@TNCACricket)

വി.ബി.ചന്ദ്രശേഖർ മത്സരകാലത്ത് (X/@TNCACricket)

1989-90 സീസണിൽ ദുലീപ് ട്രോഫിയിൽ രണ്ട് സെഞ്ചറികൾ നേടി വീണ്ടും തിരികെ എത്തിയ അദ്ദേഹം 1990ലെ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ടൂർ മത്സരങ്ങളിൽ 92, 71 എന്നിങ്ങനെ മികച്ച സ്കോറുകൾ കണ്ടെത്തിയെങ്കിലും ഏകദിന പരമ്പരയിൽ 4, 8, 3 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ. ഹാമിൽട്ടണിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ആ മൂന്നു റൺസോടെ അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിന് തിരശ്ശീല വീണു. ഏഴ് ഏകദിനങ്ങളിൽ നിന്നായി 88 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ദേശീയ ടീമിൽനിന്നു പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം തുടർന്നും റൺസ് അടിച്ചുകൂട്ടി. ഗോവയ്ക്ക് വേണ്ടി പ്രഫഷനൽ കളിക്കാരനായി മാറിയ അദ്ദേഹം കേരളത്തിനെതിരെ കരിയറിലെ മികച്ച സ്കോറായ പുറത്താകാതെ 237 റൺസ് നേടി. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 10 സെഞ്ചറികളും 23 അർധസെഞ്ചറികളും അടക്കം 43.09 ശരാശരിയിൽ 4,999 റൺസോടെയാണ് അദ്ദേഹം പാഡ് അഴിച്ചുവച്ചത്. വെറും ഒരു റൺസ് കൂടി നേടിയിരുന്നെങ്കിൽ 5,000 ഫസ്റ്റ് ക്ലാസ് റൺസ് എന്ന നാഴികക്കല്ല് തികയ്ക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

∙ ദ്രാവിഡും ധോണിയും സിഎസ്കെയും

കളിക്കാരനെന്ന നിലയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ക്രിക്കറ്റ് നിരീക്ഷകനും അഡ്മിനിസ്ട്രേറ്ററും എന്ന നിലയിൽ വി.ബി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കർണാടകയിൽ നിന്നുള്ള യുവതാരമായിരുന്ന രാഹുൽ ദ്രാവിഡിനെ ചെന്നൈയിലെ ‘ഇന്ത്യ സിമന്റ്സ്’ ടീമിലേക്ക് കൊണ്ടുവരുന്നതിൽ വി.ബി നിർണായക പങ്കുവഹിച്ചു. ചെന്നൈ ലീഗ് ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ദ്രാവിഡ് താമസിച്ചിരുന്നത് വി.ബിയുടെ വീട്ടിലായിരുന്നു. ഒരു മഹാനായ ബാറ്ററായി ദ്രാവിഡ് വളരുന്നതിന് മുന്നേയുള്ള ആ കാലഘട്ടത്തിൽ വി.ബി നൽകിയ പിന്തുണ വലുതായിരുന്നു.

വി.ബി.ചന്ദ്രശേഖർ (Facebook/CSKFansOfficial/)

വി.ബി.ചന്ദ്രശേഖർ (Facebook/CSKFansOfficial/)

2004 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ സൗത്ത് സോണിനെ പ്രതിനിധീകരിച്ച് ദേശീയ സിലക്ഷൻ കമ്മിറ്റിയിൽ വി.ബി ഉണ്ടായിരുന്നു. സൗരവ് ഗാംഗുലി-ഗ്രേഗ് ചാപ്പൽ തർക്കവും, ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ടീമിൽ നിന്നും മാറ്റിയതും, ദ്രാവിഡ് ക്യാപ്റ്റനായി ചുമതലയേറ്റതുമെല്ലാം ഈ കാലയളവിലായിരുന്നു.

വി.ബി. ചന്ദ്രശേഖർ എന്ന പേര് ഐപിഎൽ ചരിത്രത്തിൽ സുവർണാക്ഷരങ്ങളിൽ എഴുതപ്പെട്ടത് 2008ലെ ആദ്യ ഐപിഎൽ ലേലത്തോടെയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടറായിരുന്നു അന്ന് അദ്ദേഹം. വീരേന്ദർ സേവാഗിനെ ഐക്കൺ പ്ലെയറായി ടീമിലെത്തിക്കാനായിരുന്നു സിഎസ്കെ മാനേജ്മെന്റിനും എൻ.ശ്രീനിവാസനും താൽപര്യം. എന്നാൽ എം.എസ്. ധോണിയെ ടീമിലെത്തിക്കണമെന്ന് ശക്തമായി വാദിച്ചത് വി.ബിയായിരുന്നു. ക്യാപ്റ്റൻ, മികച്ച ബാറ്റർ, വിക്കറ്റ് കീപ്പർ എന്നീ മൂന്നു ചുമതലകളും ഒരാളിൽ തന്നെ ലഭിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

അവസാനം ശ്രീനിവാസൻ സമ്മതം മൂളിയതോടെ, ലേലത്തിൽ ആറു കോടി രൂപയ്ക്ക് (അന്ന് ലേലത്തിലെ ഏറ്റവും ഉയർന്ന തുക) വി.ബി ധോണിയെ ചെന്നൈയിലെത്തിച്ചു. തുടർന്നുള്ള 19 വർഷങ്ങളിൽ സിഎസ്കെ നേടിയ വിജയങ്ങൾക്കും, ചെന്നൈ നഗരവും ധോണിയും തമ്മിലുള്ള ആത്മബന്ധത്തിനും വിത്തുപാകിയത് വി.ബിയുടെ ആ ഒരു ദീർഘവീക്ഷണമായിരുന്നു.

∙ കടക്കെണിയും കണ്ണീരണിയിച്ച വിടവാങ്ങലും

കളിക്കളത്തിലും സിലക്ഷൻ മുറിയിലും കമന്ററി ബോക്സിലുമെല്ലാം തിളങ്ങിനിന്ന വി.ബി, പിന്നീട് തമിഴ്നാട് പ്രീമിയർ ലീഗിൽ ‘വി.ബി കാഞ്ചി വീരൻസ്’ എന്ന ഫ്രാഞ്ചൈസി സ്വന്തമാക്കി. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ ഒരു ടീമിന്റെ ഉടമസ്ഥനാകാൻ പ്രേരിപ്പിച്ചത്. എന്നാൽ, ആ സംരംഭം അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു.

തന്റെ സമ്പാദ്യവും കടം വാങ്ങിയ തുകയുമെല്ലാം ടീമിനായി ചെലവഴിച്ചെങ്കിലും സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് കരകയറാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ, കടബാധ്യതകൾ താങ്ങാനാവാതെ, 2019 ഓഗസ്റ്റ് 15ന്, തന്റെ 58-ാം ജന്മദിനത്തിന് വെറും ആറ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചെന്നൈയിലെ വസതിയിൽ വി.ബി ചന്ദ്രശേഖർ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.

ഏഴ് ഏകദിനങ്ങൾ മാത്രം കളിച്ച ഒരു ക്രിക്കറ്ററുടെ കണക്കുകൾക്കപ്പുറം, തമിഴ്നാട് ക്രിക്കറ്റിന്റെ അടയാളമായി, ധോണിയെന്ന നായകനെ സിഎസ്കെയ്ക്ക് സമ്മാനിച്ച സൂത്രധാരനായി വി.ബി. ചന്ദ്രശേഖർ എന്നും ഓർമിക്കപ്പെടും. ബാറ്റിങ്ങിലെ അദ്ദേഹത്തിന്റെ അതേ വേഗത്തിൽ തന്നെയായിരുന്നു ജീവിതത്തിലെ അദ്ദേഹത്തിന്റെ വിടവാങ്ങലും.

English Summary:

V.B. Chandrasekhar: A prolific Indian home cricketer, V.B. Chandrasekhar held the grounds for the fastest first-class century. He was pivotal successful bringing M.S. Dhoni to CSK, shaping the team's future. Tragically, helium passed distant prematurely successful 2019 owed to fiscal burdens, leaving down a analyzable bequest successful cricket.

Read Entire Article