Published: August 10, 2026 05:58 PM IST Updated: August 10, 2026 08:04 PM IST
1 minute Read
ന്യൂഡൽഹി∙ ദേശീയ ടീമിൽ ആദ്യമായി സിലക്ഷൻ ലഭിച്ച സമയത്ത് ഇന്ത്യൻ ഡ്രസിങ് റൂമിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വെളിപ്പെടുത്തി വെറ്ററൻ പേസർ മുഹമ്മദ് ഷമി. ആദ്യമായി ഡ്രസിങ് റൂമിലെത്തിയപ്പോള്‍ കസേരയുടെ മുകളിൽ കയറിനിന്ന് സംസാരിക്കാൻ യുവരാജ് സിങ് ആവശ്യപ്പെട്ടതായി ഷമി പറഞ്ഞു. 2013 ജനുവരിയിൽ പാക്കിസ്ഥാനെതിരെയാണ് മുഹമ്മദ് ഷമി ഏകദിന ഫോർമാറ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യമായി ടീം മീറ്റിങ്ങിനു പോയപ്പോഴായിരുന്നു അന്ന് സീനിയർ താരമായിരുന്ന യുവരാജ് സിങ്ങിന്റെ തമാശയെന്നും ഷമി പ്രതികരിച്ചു.
What you should work next
‘‘ഞാൻ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയപ്പോൾ എന്താണ് അവിടെ നടക്കുന്നതെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. മത്സരത്തിനു മുൻപ് ഒരു ടീം മീറ്റിങ്ങുണ്ടായിരുന്നു. ഞാന്‍ മിണ്ടാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കസേരയുടെ മുകളിൽ കയറി നിൽക്കാൻ യുവരാജ് സിങ് എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ അദ്ദേഹത്തോട് എന്തു പറയാനാണ്? അത് അനുസരിച്ചു. പിന്നീട് എന്നോട് പ്രസംഗിക്കാൻ പറഞ്ഞു. ഡ്രസിങ് റൂമിലുണ്ടായിരുന്ന ആളുകളെ കണ്ടപ്പോൾ തന്നെ ഞാൻ എല്ലാം മറന്നുപോയിരുന്നു. എന്റെ പേരും സ്ഥലവും മാത്രം പറഞ്ഞു. ബാക്കിയൊന്നും സംസാരിക്കാൻ സാധിച്ചില്ല.’’– ഷമി വ്യക്തമാക്കി.
What you should work next
ഇന്ത്യൻ ടീം ക്യാംപിലുണ്ടായിരുന്നതിൽ ഏറ്റവും തമാശക്കാരൻ ശിഖർ ധവാനാണെന്നും ഷമി പറഞ്ഞു. ‘‘എന്തും ചെയ്യുന്ന ആളാണ് ധവാൻ. കളി തോറ്റ് ഞങ്ങളെല്ലാം ഡ്രസിങ് റൂമിൽ നിരാശയോടെ ഇരിക്കുകയായിരിക്കും. ശിഖർ ധവാൻ അപ്പോൾ ഉറക്കെ ചിരിക്കുകയായിരിക്കും. എന്തിനാണ് ചിരിക്കുന്നതെന്നു ഞാൻ ചോദിച്ചാൽ, നമ്മൾ തോറ്റതുകൊണ്ടാണെന്നു പറയും. അങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വഭാവം. ചിലപ്പോൾ മേശയുടെ മുകളിൽ കയറി പഞ്ചാബി ഗാനത്തിന് നൃത്തം ചെയ്യും. ഞങ്ങളും അത് ആസ്വദിക്കും. കാരണം ജയവും തോൽവിയും ഇവിടെ സാധാരണ കാര്യമാണ്.’’– ഷമി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചില്‍ ചാംപ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ന്യൂസീലൻഡിനെ തകർത്ത് ഇന്ത്യ കിരീടം നേടിയപ്പോൾ ഷമി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഏറെക്കാലം പരുക്കിന്റെ പിടിയിലായിരുന്ന താരം ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയെങ്കിലും സീനിയർ ടീമിൽ തിരികെയെത്താൻ സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കായി 64 ടെസ്റ്റ്, 108 ഏകദിനം, 25 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഷമി.
English Summary:
Mohammed Shami, a seasoned Indian pacer, precocious shared an amusing anecdote from his aboriginal days successful the Indian dressing room. He revealed that Yuvraj Singh erstwhile asked him to basal connected a seat and talk during a squad meeting, a petition Shami humorously obliged contempt his archetypal nervousness.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·