Published: February 05, 2026 11:33 PM IST
1 minute Read
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ അടുത്ത മാസം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയാകും. സമൂഹമാധ്യമത്തിലൂടെ അനായ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഏകദേശം അഞ്ച് വർഷത്തോളമായി അനായ ഹോർമോൺ ചികിത്സയിലായിരുന്നു (ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പി– എച്ച്ആർടി).
സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്. രണ്ടുവർഷത്തിനു ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് അറിയിപ്പ് വരുന്നത്.
“മാർച്ച് 14നു ഞാൻ ലിംഗമാറ്റ ശസ്ത്രക്രിയ (വജിനോപ്ലാസ്റ്റി) നടത്തും. ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഫാഷൻ ഡിസൈനർ സായിഷ ഷിൻഡെയും നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജുവുമാണ് എനിക്ക് മാർഗനിർദേശം നൽകിയത്. അവർ ശസ്ത്രക്രിയ നടത്തിയ തായ്‌ലൻഡിലെ അതേ ക്ലിനിക്കിലാണ് എനിക്കും ശസ്ത്രക്രിയ. അവിടെ കുറഞ്ഞത് ഒരു മാസമെങ്കിലും ഞാൻ താമസിക്കേണ്ടിവരും. അതിനുശേഷം, എനിക്ക് കുറച്ചുകാലം വിശ്രമിക്കേണ്ടിവരും. കുറഞ്ഞത് ആറു മാസമെങ്കിലും എനിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല, പക്ഷേ ഇത് ഒടുവിൽ സംഭവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” - അനായ പറഞ്ഞു.
“അഞ്ച് വർഷമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരുന്നു. ഇതാണ് ഞാൻ. എനിക്ക് ജന്മനാ ലഭിച്ച ലിംഗഭേദവുമായി എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയുമായിരുന്നില്ല. വർഷങ്ങളോളം നീണ്ടുനിന്ന തെറപ്പി, മെഡിക്കൽ വിലയിരുത്തലുകൾ, ആഴത്തിലുള്ള ആത്മപരിശോധന എന്നിവയ്ക്ക് ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള തീരുമാനം. ഞാൻ ഇതിനു തയാറാണെന്ന് ഉറപ്പാക്കാൻ ഒരുപാട് പരിശോധനകളിലൂടെ കടന്നുപോയി.’’– അവർ കൂട്ടിച്ചേർത്തു.
ഇപ്പോൾ മാതാപിതാക്കളുടെ പൂർണ പിന്തുണയും തനിക്കുണ്ടെന്ന് അനായ വ്യക്തമാക്കി. ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും സഞ്ജയ് ബംഗാർ വഹിക്കുമെന്നും അനായ പറഞ്ഞു.ക്രിക്കറ്റിൽ ഇനി ഭാവിയില്ലെന്ന് അച്ഛൻ തന്നോട് പറഞ്ഞതായി അനായ മുൻപു വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ ഉൾപ്പെടുത്തണമെന്ന് അനയ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്.
“എനിക്ക് ആളുകളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു, സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലായിരുന്നു. ആളുകൾ എന്നോടൊപ്പം ഫോട്ടോ എടുക്കുന്നതും എന്റെ കൂടെ നിൽക്കുന്നതും എന്നെ ബഹുമാനിക്കുന്നതും എന്റെ അച്ഛൻ കണ്ടു. ഇതെന്റെ ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമല്ലെന്ന് എന്റെ മാതാപിതാക്കൾ മനസ്സിലാക്കി. എന്റെ ജീവിതത്തെയും എന്റെ തിരഞ്ഞെടുപ്പുകളെയും ഞാൻ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അവർക്കു വ്യക്തമായി.
“അതാണ് എനിക്ക് പൂർണ്ണ പിന്തുണ നൽകാൻ അവരെ പ്രേരിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവുകളും എന്റെ അച്ഛൻ വഹിക്കും. ഒരു ഘട്ടത്തിൽ, ഞാൻ യുകെയിൽ പൂർണ്ണമായും ഒറ്റയ്ക്കായിരുന്നു, കുടുംബങ്ങൾക്കുള്ളിൽ എൽജിബിടിക്യൂ+ ആളുകളെ പറ്റി ധാരാളം തെറ്റിദ്ധാരണകളുണ്ട്. എന്റെ കുടുംബം എന്നെ പിന്തുണയ്ക്കുന്നതിലൂടെയും എന്റെ അഭിപ്രായം തുറന്നു പറയുന്നതിലൂടെയും അതു മറ്റു ട്രാൻസ് സ്ത്രീകളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു കുടുംബങ്ങൾക്കുള്ളിൽ ലിംഗ സ്വത്വത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇപ്പോഴും ബുദ്ധിമുട്ടുള്ള ഒരു രാജ്യത്ത്, എന്റെ മാതാപിതാക്കളുടെ പിന്തുണ വലിയ അർഥതലമുള്ളതാണ്.’’– അനയ വ്യക്തമാക്കി.
English Summary:







English (US) ·