Published: August 02, 2026 08:30 PM IST Updated: August 02, 2026 10:55 PM IST
2 minute Read
ബെംഗളൂരു ∙ ഇന്ത്യൻ ഹോക്കി ടീമുമായി ബന്ധപ്പെട്ട ജഴ്സി വിവാദത്തിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റനും മലയാളിയുമായ പി. ആർ. ശ്രീജേഷ്. അനാവശ്യമായ വിവാദങ്ങളും കളിക്കളത്തിന് പുറത്തെ ചർച്ചകളും മാറ്റിവച്ച്, ലോകകപ്പിൽ രാജ്യത്തിന്റെ 50 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പി.ആർ.ശ്രീജേഷ് പറഞ്ഞു. ജഴ്സിയുടെ നിറം മാറുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയ ശ്രീജേഷ്, 2014, 2018 ലോകകപ്പുകളിൽ ഇന്ത്യ വ്യത്യസ്ത കിറ്റുകൾ അണിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ തങ്ങളുടെ പരമ്പരാഗത നീല നിറത്തിന് പകരം കാവി ജഴ്‌സിയാണ് പ്രൈമറി കിറ്റായി ധരിക്കുക. ഇതു വിവാദമായതോടെയാണ് മുൻ ക്യാപ്റ്റന്റെ പ്രതികരണം.
What you should work next
നീല ടർഫുകളിൽ നീല ജഴ്സി കാഴ്ചയ്ക്ക് തടസ്സമാകുമെന്ന വാദത്തെ ശ്രീജേഷ് ചോദ്യം ചെയ്തെങ്കിലും താരങ്ങൾ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ചർച്ചകൾ അവിടെ അവസാനിക്കണമെന്ന് ശ്രീജേഷ് വ്യക്തമാക്കി. ‘‘സത്യം പറഞ്ഞാൽ, എന്താണ് ഇതിലെ പ്രശ്നമെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. കാരണം 2014ലെയും 2018ലെയും ലോകകപ്പുകളിലും ജഴ്സിയുടെ നിറം മാറിയിരുന്നു. നമ്മുടെ പരിശീലന കിറ്റുകളിൽ ഒന്ന് പോലും ഓറഞ്ച് നിറത്തിലുള്ളതായിരുന്നു. ഇത്തവണ ലോകകപ്പിന് തൊട്ടുമുൻപ് എന്തുകൊണ്ടാണ് ഇത്രയധികം ചർച്ചകൾ നടക്കുന്നത്? ഇത് കാവി നിറമായതുകൊണ്ടാണോ, അതോ നിറം മാറിയതുകൊണ്ട് മാത്രമാണോ?’’– ശ്രീജേഷ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ജഴ്സിയുടെ നിറം മാറ്റുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് പറഞ്ഞ ശ്രീജേഷ്, നീല ടർഫുകളിൽ നീല ജഴ്‌സി കാഴ്ചയെ ബാധിക്കുമെന്ന വിശദീകരണം ഉൾക്കൊള്ളാൻ പ്രയാസമാണെന്നും കൂട്ടിച്ചേർത്തു.‘‘നിറം മാറ്റത്തെക്കുറിച്ചാണ് വിവാദമെങ്കിൽ, 2014ലും 2018ലും അത് ഉണ്ടാകണമായിരുന്നു. അന്ന് നമ്മൾ മഞ്ഞയും ഇളം നീലയും ജഴ്സികളാണ് ധരിച്ചത്. ജയുടെ നിറം മാറ്റുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല, പക്ഷേ അതിന് പറയുന്ന കാരണം വിചിത്രമാണ്. കളിസ്ഥലത്തെ കാഴ്ചാ പ്രശ്നങ്ങൾ കാരണമാണ് നിറം മാറ്റുന്നതെങ്കിൽ, നീല ജഴ്സി ഇനി ഒരിക്കലും ധരിക്കാൻ പാടില്ലല്ലോ.’’– ശ്രീജേഷ് ചോദിച്ചു.
Every thread tells a story. Every crest carries a dream. 🇮🇳
The Indian Men's Hockey Team unveils its caller jersey up of the FIH Hockey Men's World Cup Belgium & Netherlands 2026—a awesome of pride, passion, and the unwavering content of millions.
Here's to giving everything for… pic.twitter.com/AhzmJtvq3S
‘‘ഒരേ നിറം വരുന്നത് കാഴ്ച അൽപം ബുദ്ധിമുട്ടാക്കുമെന്നത് ശരിയാണ്. എന്നാൽ 2012ൽ നീല ടർഫ് അവതരിപ്പിച്ചതിന് ശേഷമുള്ള 14 വർഷത്തിനിടയിൽ ജഴ്സിയുടെ നിറം രണ്ട് തവണ മാത്രമാണ് മാറിയത്. ടോക്കിയോ, പാരിസ് ഒളിംപിക്സുകൾ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ പ്രധാന ടൂർണമെന്റുകളിലും നമ്മൾ നീല ജഴ്സിയിലാണ് കളിച്ചത്. മാധ്യമങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് താരങ്ങളുടെ സമ്മതത്തോടെയാണ് നിറം മാറ്റം വരുത്തിയത് എന്നാണ്. ഹോക്കി ഇന്ത്യ കാവി ജഴ്സിക്ക് എഫ്ഐഎച്ചിന്റെ അനുമതി വാങ്ങിയിട്ടുണ്ടാകും. ഓറഞ്ച് നെതർലൻഡ്‌സിന്റെ ജഴ്സിയുടെ നിറം കൂടിയായതിനാൽ, അവർക്കെതിരെ കളിക്കുമ്പോൾ നമുക്ക് നമ്മുടെ പകരമുള്ള വെള്ള ജഴ്സി ധരിക്കാം.
താരങ്ങൾ ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ടെങ്കിൽ, കാര്യം അവിടെ തീർന്നു. കാരണം അന്തിമമായി കളിക്കളത്തിൽ പ്രകടനം പുറത്തെടുക്കേണ്ടത് താരങ്ങളാണ്. രാഷ്ട്രീയത്തെ കായികരംഗത്ത് നിന്ന് മാറ്റി നിർത്തണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. താരങ്ങൾക്കാണ് മുൻഗണന. അവർക്ക് അതിൽ പ്രശ്നമില്ലെങ്കിൽ, പുറത്തുള്ളവർക്കും പ്രശ്നമുണ്ടാകേണ്ടതില്ല. എന്നാൽ പുതിയ ജഴ്സിയിൽ കളിക്കാൻ മുൻകൂട്ടി അവസരം നൽകണമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. നിലവിൽ നമ്മൾ നീല ജഴ്സിയിൽ കളിച്ച് ശീലിച്ചവരാണ്. ഉദാഹരണത്തിന്, ഞാൻ കളിക്കളത്തിലായിരിക്കുമ്പോൾ ഹർമൻപ്രീത് അവിടെയുണ്ടെങ്കിൽ, ഞാൻ അവനെ എപ്പോഴും നീല ജഴ്സിയിലാകും തിരയുക. കാരണം ഞാൻ അവനെ എപ്പോഴും ആ നിറത്തിലാണ് കണ്ടിട്ടുള്ളത്. ജഴ്സിയുടെ നിറം മാറ്റണമായിരുന്നെങ്കിൽ, അത് കുറച്ചുകൂടി നേരത്തെ ചെയ്യാമായിരുന്നു.’’– ശ്രീജേഷ് പറഞ്ഞു.
എങ്കിലും, കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ആത്മവിശ്വാസം ശ്രീജേഷ് പ്രകടിപ്പിച്ചു. ‘‘പുറത്തുനിന്നുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഞങ്ങൾ എപ്പോഴും ടീമിനുള്ളിൽ സംസാരിക്കാറുണ്ടായിരുന്നു. കളിക്കളത്തിന് പുറത്ത് എന്താണ് പറയുന്നതെന്ന് കളിക്കാർക്ക് അറിയാം, പക്ഷേ ഭാഗ്യവശാൽ ഇനിയും സമയമുണ്ട്. ടീം ഇപ്പോൾ യൂറോപ്പിലാണ്, അവർ ഈ കാര്യങ്ങൾ മാറ്റിവച്ച് ടൂർണമെന്റിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.’’
‘‘നമ്മൾ ഒരുപാട് വർഷങ്ങളായി കാത്തിരിക്കുകയാണ്. ഇത്തവണ നമുക്ക് സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ പൂളിലെ ഏക കരുത്തരായ ടീം ഇംഗ്ലണ്ട് മാത്രമാണ്. നമ്മൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ, മുൻപ് നമ്മൾ തോൽപ്പിച്ചിട്ടുള്ള അർജന്റീനയെ നേരിടേണ്ടി വന്നേക്കാം. സെമിഫൈനലിലേക്കുള്ള വഴി എളുപ്പമാണെന്ന് തോന്നുന്നു. ഏറ്റവും മികച്ച പ്രകടനം നടത്തുര, കളി പൂർണമായി ആസ്വദിക്കുക, ഈ 50 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുക എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഇങ്ങനെയൊരു അവസരം നിങ്ങൾക്ക് ഇനി ലഭിക്കില്ല. പ്രതീക്ഷകളുടെ സമ്മർദദ്ദവും പുറത്തെ ചർച്ചകളും മറന്ന് പോഡിയത്തിൽ ഒരു സ്ഥാനം ഉറപ്പാക്കൂ. 50 വർഷം എന്നത് വലിയൊരു കാത്തിരിപ്പാണ്.’’– ശ്രീജേഷ് പറഞ്ഞു.
English Summary:
P.R. Sreejesh: Former Indian hockey skipper P.R. Sreejesh addressed the contention implicit the team's caller saffron jerseys for the upcoming World Cup. He urged the men's and women's teams to acceptable speech outer debates and ore connected winning a medal, ending India's 50-year drought. Sreejesh emphasized players' consent and absorption connected performance.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·