Published: July 29, 2026 09:03 AM IST Updated: July 29, 2026 02:03 PM IST
1 minute Read
മലയാളി ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പേരിനൊപ്പം 17.50 എന്നുകൂടി കാണാം. എൽദോസ് താണ്ടാൻ ലക്ഷ്യമിടുന്ന സ്വപ്നദൂരം– 17.50 മീറ്റർ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ഏക സ്വർണം എൽദോസിന്റെ വകയായിരുന്നു. 17.03 മീറ്റർ താണ്ടിയ ആ ഒറ്റച്ചാട്ടത്തിലൂടെ എറണാകുളം കോലഞ്ചേരിക്കാരൻ എൽദോസ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനതാരമായി ഉയർന്നു.
What you should work next
എന്നാൽ, എൽദോസിന്റെ ഇടതു കാൽമുട്ടിൽ വേദന ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. 2024 പാരിസ് ഒളിംപിക്സിനുള്ള തയാറെടുപ്പിന്റെ ഭാഗമായി കസഖ്സ്ഥാനിൽ നടന്ന ചാംപ്യൻഷിപ്പിനിടെ ഇതു ഗുരുതരമായി. പരിശോധനയിൽ കണ്ടെത്തിയതു ജന്മനാലുള്ള അപൂർവമായ രോഗാവസ്ഥ– ബൈപാർട്ടൈറ്റ് പട്ടേല; കാൽമുട്ടിലെ ചിരട്ട ഒന്നിനു പകരം രണ്ടായിരിക്കുന്ന അവസ്ഥ.
അത്ര സങ്കീർണമല്ലെങ്കിലും കാലുകളിൽ ബലമൂന്നി ചാടുന്ന ട്രിപ്പിൾ ജംപർക്ക് ഇതൊരു ഗുരുതര പ്രശ്നമാണ്. അതു പരിഹരിക്കാനായി 2025ൽ ഇന്ത്യയിൽ നടത്തിയ 2 ശസ്ത്രക്രിയകളും പരാജയപ്പെട്ടു. കരിയർ തന്നെ നഷ്ടപ്പെടുമോയെന്നു ഭയപ്പെട്ട ദിവസങ്ങൾ. പിന്നാലെ സ്പോർട്സ് മെഡിസിനു പേരു കേട്ട ദോഹയിലെ ആസ്പെറ്റർ ആശുപത്രിയിലേക്ക്. കഴിഞ്ഞവർഷം അവസാനം അവിടെവച്ചു നടത്തിയ ശസ്ത്രക്രിയ വിജയിച്ചു.
ബെംഗളൂരുവിലെ സായി സെന്ററിൽ തിരിച്ചുവരവിനായുള്ള പരിശീലനത്തിലാണ് ഇപ്പോൾ എൽദോസ്. ‘മുട്ടിലെ ചിരട്ടയുടെ അവസ്ഥ കാരണം ജംപിൽ എനിക്കു ചില പിഴവുകളുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ അതു പരിഹരിച്ചതോടെ ഇനി കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ’– എൽദോസ് ‘മനോരമ’യോടു പറഞ്ഞു.
അടുത്തവർഷം ആദ്യം നടക്കുന്ന ദേശീയ ജംപ്സ് ചാംപ്യൻഷിപ്പിൽ ഇറങ്ങാനാകുമെന്നാണ് എൽദോസിന്റെ കണക്കുകൂട്ടൽ. അതിനു പിന്നാലെ ഏഷ്യൻ, ലോക ചാംപ്യൻഷിപ്പുകൾ. ഭയമില്ലാതെ സ്വപ്നം കാണാൻ ഇഷ്ടപ്പെടുന്ന എൽദോസ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലീറ്റുകളോടു പറയുന്നു; ‘സമ്മർദമില്ലാതെ രാജ്യത്തിനു വേണ്ടി പരമാവധി മികച്ച പ്രകടനം നടത്തുക; മെഡൽ നിങ്ങൾക്കൊപ്പം വരും’.
ബൈപാർട്ടൈറ്റ് പട്ടേലജനന സമയത്ത് മുട്ടിലെ ചിരട്ടയുടെ സ്ഥാനത്തു മൃദുവായ ചില തരുണാസ്ഥികളാണുണ്ടാകുക. ഈ തരുണാസ്ഥികൾ സംയോജിച്ചാണ് പിന്നീട് മുട്ടിലെ ചിരട്ട രൂപപ്പെടുന്നത്. ഇതു പൂർണമായും രൂപപ്പെടാൻ 10–12 വർഷമെടുക്കും. എന്നാൽ ഇതു പൂർണമായി സംയോജിക്കാതെ രണ്ട് എല്ലുകളായി വേറിട്ടു നിൽക്കുന്ന അവസ്ഥയാണു ബൈപാർട്ടൈറ്റ് പട്ടേല.
English Summary:






English (US) ·