Published: August 31, 2026 07:50 AM IST
1 minute Read
മെൽബൺ∙ വനിതാ ബിഗ് ബാഷ് ലീഗിൽ (ഡബ്ല്യുബിബിഎൽ) കളിക്കാൻ സാധ്യത തുറന്നതോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുകയാണ്. പ്രഫഷനൽ ക്രിക്കറ്റ് കളിക്കുകയെന്ന തന്റെ സ്വപ്നം ഒരു ഘട്ടത്തിൽ ഏതാണ്ട് ഉപേക്ഷിച്ചിരുന്നെന്നും എന്നാൽ ചുറ്റുമുള്ളവരുടെ പിന്തുണയും അംഗീകാരവും ആ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായും അനായ തുറന്നുപറഞ്ഞു. തന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുമ്പോൾ, ഭാവിയിൽ ഇന്ത്യയ്‌ക്കായി ലോകകപ്പ് നേടുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അനായ പറഞ്ഞു.
What you should work next
ബിസിസിഐയിൽ നിന്ന് തനിക്ക് വലിയ പ്രതീക്ഷകളുണ്ടെന്നും തന്നെപ്പോലെയുള്ള കായികതാരങ്ങൾക്ക് വനിതാ ക്രിക്കറ്റിൽ അവസരങ്ങൾ ഉറപ്പാക്കുന്ന നയങ്ങൾ ബോർഡ് രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിൽ അനായ പറഞ്ഞു. മറ്റേതൊരു ഇന്ത്യൻ ക്രിക്കറ്റ് താരത്തെയും പോലെ രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് തന്നെയാണ് തന്റെയും സ്വപ്നമെന്നും അവർ കൂട്ടിച്ചേർത്തു.
‘‘ബിസിസിഐ ഈ വിഷയം പരിശോധിക്കുമെന്നും വനിതാ കായികരംഗത്തോട് തുല്യതയും നീതിയും അന്തസ്സും പുലർത്തുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ രൂപീകരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ദിവസം ഇന്ത്യയ്ക്കായി ലോകകപ്പ് നേടാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് അതു ചെയ്യണം; രാജ്യത്തിനായി എന്തെങ്കിലും നേടണം, അതാണ് എന്റെ സ്വപ്നം.’’ അനായ പറഞ്ഞു.
‘‘ഈ യാത്ര വളരെ കഠിനമായിരുന്നു. ആളുകളിൽനിന്നു മാത്രമല്ല, കുടുംബത്തിൽനിന്നും എനിക്ക് വലിയ രീതിയിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നു. വളരെ കുറച്ചു പിന്തുണ മാത്രമേ ലഭിച്ചുള്ളൂ, മാത്രമല്ല ഈ യാത്രയിലുടനീളം ആരും എന്നെ പൂർണമായി പിന്തുണയ്ക്കുന്നതായും എനിക്ക് തോന്നിയിരുന്നില്ല.’’ –അനായ വ്യക്തമാക്കി.
ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് ശേഷം താൻ യുകെയിലെ ക്രിക്കറ്റ് ഡ്രസ്സിങ് റൂമുകളിലാണ് കഴിഞ്ഞിരുന്നതെന്നും അനായ വെളിപ്പെടുത്തി. ‘‘അതിജീവനത്തിനും സ്വന്തം കാര്യങ്ങൾ നോക്കാനുമായി മാത്രം ഞാൻ യുകെയിലെ ഡ്രസ്സിങ് റൂമുകളിൽ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏതാണ്ട് 5 മാസത്തോളം ഞാൻ ആ അവസ്ഥയിലായിരുന്നു. ഒടുവിൽ, എന്റെ ശസ്ത്രക്രിയകൾക്കും ജീവിതച്ചെലവുകൾക്കുമായി സോഷ്യൽ മീഡിയയുടെ സഹായം തേടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ കുറച്ച് ബ്രാൻഡ് ഡീലുകൾ ലഭിച്ചു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾക്കൊപ്പം എന്റെ ആദ്യത്തെ ചില ശസ്ത്രക്രിയകളും ആ സമയത്താണ് പൂർത്തിയാക്കിയത്.’’ അനായ പറഞ്ഞു,
‘‘സത്യം പറഞ്ഞാൽ ഇതൊരു വല്ലാത്തൊരു യാത്രയായിരുന്നു. തികച്ചും ഒറ്റപ്പെടുത്തുന്നതും ക്രൂരവുമായ അനുഭവങ്ങൾ. എന്നാൽ ഇതിനിടയിലെല്ലാം ഏകാന്തത എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതാണ് എന്നെ ഇത്രയധികം ആത്മവിശ്വാസമുള്ളവളും ശക്തയുമാക്കിയതെന്ന് എനിക്ക് തോന്നുന്നു.’’– അനായ വ്യക്തമാക്കി.
സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്. തുടർന്ന് 2026 മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഇന്‍സ്റ്റഗ്രാമിൽ ഒരു മില്യനിലേറെ പേരാണ് അനായ ബംഗാറിനെ പിന്തുടരുന്നത്.
English Summary:






English (US) ·