കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കി, കാനഡയെ കളി പഠിപ്പിച്ച് മൊറോക്കോ, മൂന്നടിച്ച് ക്വാർട്ടറിലെത്തി ഹക്കീമിയും സംഘവും

2 weeks ago 4

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: July 05, 2026 01:08 AM IST Updated: July 05, 2026 05:19 AM IST

3 minute Read

കാനഡയ്ക്കെതിരായ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങൾ. Photo by RONALDO SCHEMIDT / AFP
കാനഡയ്ക്കെതിരായ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങൾ. Photo by RONALDO SCHEMIDT / AFP

കയ്യാങ്കളി വരെ നീണ്ട ലോകകപ്പ് പോരാട്ടത്തിൽ തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ചതു കാന‍‍ഡയായിരുന്നു. എന്നാൽ ഫൈനൽ തേർഡിൽ അവർക്കു തൊട്ടതെല്ലാം പിഴച്ചു. മറുവശത്ത് മൊറോക്കോ ആകെ നാല് ‘ഓൺ ടാർഗറ്റ് ഷോട്ടുകളാണ്’ മത്സരത്തിൽ നേടിയത്. അതിൽ മൂന്നും ഗോളിൽ കലാശിച്ചു. ഫലം മൊറോക്കോ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ആതിഥേയർ കൂടിയായ കാന‍ഡ പുറത്തേക്ക്. ക്വാർട്ടറിൽ ഫ്രാൻസ്– പാരഗ്വായ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ നേരിടേണ്ടത്. കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനക്കാരായിരുന്നു മൊറോക്കോ. ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ– അറബ് രാജ്യമെന്ന റെക്കോർഡുമായാണ് മൊറോക്കോ ഖത്തറിൽ കളി അവസാനിപ്പിച്ചത്. യുഎസിൽ മൊറോക്കോയുടെ പടയോട്ടം എത്രവരെ നീളുമെന്നു കാത്തിരുന്നു കാണണം. അടുത്ത റൗണ്ടിൽ മൊറോക്കോയ്ക്ക് എതിരാളികളായി ഫ്രാൻസ് വന്നാൽ ലോകകപ്പിലെ തന്നെ വാശിയേറിയ പോരാട്ടങ്ങളിലൊന്നാകും അത്.

What you should work next

പോരാടി കാനഡ, ഗോളില്ല

ഇതുവരെ ഒരു മത്സരവും തോൽക്കാത്ത മൊറോക്കോയ്ക്കെതിരെ കാനഡയുടെ പ്രസിങ് ഗെയിം എത്രത്തോളം വിലപ്പോകുമെന്നതായിരുന്നു ഈ പോരാട്ടത്തിന്റെ തുടക്കത്തിലെ പ്രധാന ചോദ്യം. മൊറോക്കോ താരം ബ്രാഹിം ഡിയാസിന്റെയും കാന‍ഡയുടെ ടജോൺ ബുച്ചാനന്റെയും ഫൗളുകളോടെയാണു മത്സരത്തിനു തുടക്കമായത്. അഞ്ചാം മിനിറ്റിൽ കാനഡ താരം ജൊനാഥൻ ഡേവിഡിന്റെ ഷോട്ട് മൊറോക്കോ ഗോൾ കീപ്പർ യാസിൻ ബോനു പ്രതിരോധിച്ചു. സ്റ്റീഫൻ യുസ്റ്റാക്കിയോ എടുത്ത കോര്‍ണറില്‍നിന്നാണ് മത്സരത്തിലെ ആദ്യ ഷോട്ടിനു കാനഡയ്ക്കു വഴി തുറന്നത്. തുടർന്നും ആദ്യ മിനിറ്റുകളിൽ കാനഡയുടെ ആക്രമണങ്ങളായിരുന്നു ഗ്രൗണ്ടിൽ. പത്താം മിനിറ്റിൽ മൊറോക്കോ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് കാനഡ താരം ടാനി ഒലുവസെയി എടുത്ത ഷോട്ടും യാസിൻ ബോനു തടുത്തിട്ടു.

കാനഡയ്‌ക്കെതിരെ മൊറോക്കോയുടെ അസെദിൻ ഔനാഹി ഗോൾ നേടുന്നു. (Photo by Lars Baron / Getty Images via AFP)

കാനഡയ്‌ക്കെതിരെ മൊറോക്കോയുടെ അസെദിൻ ഔനാഹി ഗോൾ നേടുന്നു. (Photo by Lars Baron / Getty Images via AFP)

18–ാം മിനിറ്റിൽ കനേഡിയൻ താരം സ്റ്റീഫൻ യുസ്റ്റാക്കിയോ എടുത്ത കോർണറിൽ അലിസ്റ്റർ ജോൺസൺ ഉയർന്നുചാടി ഹെഡറിനു ശ്രമിച്ചെങ്കിലും മൊറോക്കോ പ്രതിരോധ താരങ്ങളിൽ തട്ടി പന്തുതെറിച്ചു. ആദ്യ പകുതിയുടെ 22–ാം മിനിറ്റിൽ മൊറോക്കോ താരം ഇസ്മായിൽ സയ്ബാരി പരുക്കേറ്റു പുറത്തായി. പകരക്കാരനായി സുഫിയാൻ റഹിമിയെയാണ് മൊറോക്കോ കളത്തിലിറക്കിയത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ഗോളുകൾ നേടിയ സയ്ബാരിയുടെ മടക്കം ആദ്യ പകുതിയിൽ മൊറോക്കോയുടെ സാധ്യതകളെ ബാധിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ തീക്കളിക്കുള്ള ഒരുക്കം മാത്രമായിരുന്നു അത്. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ മൊറോക്കോ, മത്സരത്തിൽ അവരുടെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് കണ്ടെത്തി. 28–ാം മിനിറ്റില്‍ പകരക്കാരനായി വന്ന സുഫിയാൻ റഹിമി തൊടുത്ത ദുർബലമായ ഷോട്ട്, കാനഡ ഗോൾ കീപ്പർ മാക്സിമെ ക്രെപിയു പ്രതിരോധിച്ചു. സെറ്റ് പീസുകളിലൂടെയും തകർപ്പൻ നീക്കങ്ങളിലൂടെയും ആദ്യ പകുതിയിൽ ഗോൾ നേടാൻ കാനഡ സമ്മർദം ശക്തമാക്കിയെങ്കിലും നീക്കങ്ങളെല്ലാം മൊറോക്കോ പ്രതിരോധിച്ചു. 40–ാം മിനിറ്റിൽ കാനഡ താരം റിച്ചി ലാരിയയെ ഫൗൾ ചെയ്തതിന് മൊറോക്കോ ക്യാപ്റ്റൻ അച്ച്റഫ് ഹക്കീമിയ്ക്ക് യെല്ലോ കാർഡ് ലഭിച്ചു. പിന്നാലെ ഹക്കീമിയോട് തർക്കിച്ച ലാരിയയ്ക്കും യെല്ലോ കാർഡ് കിട്ടി. ഈ സംഭവം ഇരു വിഭാഗങ്ങളെയും കയ്യാങ്കളി വരെ എത്തിച്ചു. റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. ഹാഫ് ടൈം വിസിൽ മുഴക്കിയപ്പോൾ ഗോൾ വഴങ്ങാതെ 45 മിനിറ്റുകൾ അതിജീവിച്ചതിന്റെ ആശ്വാസമായിരുന്നു മൊറോക്കോയ്ക്ക്. ആദ്യ പകുതിയിൽ കാനഡ നാല് ഗോൾ ശ്രമങ്ങൾ നടത്തിയപ്പോൾ മൊറോക്കോ ഒന്നിൽ ഒതുങ്ങി.

മൊറോക്കോ ആധിപത്യം

കാനഡ താരം ലുക് ഡെ ഫോഗ്റോൾസിന്റെ 49–ാം മിനിറ്റിലെ ഗോൾ ശ്രമത്തോടെ രണ്ടാം പകുതി ചൂടുപിടിച്ചു. കാനഡയുടെ തുടർച്ചയായുള്ള സമ്മർദങ്ങൾക്കിടെയാണ് മൊറോക്കോ മത്സരത്തിലെ ആദ്യ ലീഡെടുക്കുന്നത്. പെനാൽറ്റി ഏരിയയുടെ വലതു ഭാഗത്തുനിന്ന് ഫ്രീകിക്കിൽ അച്റഫ് ഹക്കീമി നൽകിയ ക്രോസ് ലഭിച്ച അസദിൻ ഔനാഹി എടുത്ത ഷോട്ട് കനേഡിയൻ പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പറെയും മറികടന്നു വലയിലെത്തുകയായിരുന്നു. മൊറോക്കോ 1–0ന് മുന്നിൽ. മൊറോക്കോയ്ക്കു മറുപടി നൽകാനുള്ള ശ്രമങ്ങൾക്കിടെ കാനഡ താരങ്ങളായ ടജോൻ ബുച്ചാനന്റെയും റിച്ചി ലരെയയുടെയും നീക്കങ്ങൾ ഓഫ് സൈഡിൽ കലാശിച്ചു. 63–ാം മിനിറ്റിൽ അയൂബ് ബുവാദിയെ പിൻവലിച്ച മൊറോക്കോ, സോഫിയാൻ അംറബാത്തിനെ പകരക്കാരനാക്കി. കാനഡയ്ക്കു വേണ്ടി ടാനി ഒലുവാസെയിക്കു പകരം കൈൽ ലാരിനും കളിക്കാനിറങ്ങി. ഗ്രൗണ്ടിലിറങ്ങിയതിനു പിന്നാലെ മൊറോക്കോ ഗോളി യാസിൻ ബോനുവിനെ ഫൗൾ ചെയ്തതിന് കൈൽ ലാരിന് യെല്ലോ കാർഡും ലഭിച്ചു. രണ്ടാം പകുതിയുടെ ഹൈഡ്രേഷൻ ബ്രേക്ക് വരെയെത്തിയിട്ടും അല്‍ഫോൻസോ ഡേവിഡിനെ കളത്തിലിറക്കാൻ കാനഡ തയാറായിരുന്നില്ല.

മൊറോക്കോയ്‌ക്കെതിരെ കാനേഡിയൻ സ്ട്രൈക്കർ ടാനി ഒലുവസേയിയുടെ ഗോൾശ്രമം. (Photo by Lars Baron / Getty Images via AFP)

മൊറോക്കോയ്‌ക്കെതിരെ കാനേഡിയൻ സ്ട്രൈക്കർ ടാനി ഒലുവസേയിയുടെ ഗോൾശ്രമം. (Photo by Lars Baron / Getty Images via AFP)

78–ാം മിനിറ്റിൽ മൊറോക്കോയുടെ അംറബാത്ത് കാനഡ താരം യൂസ്റ്റാകിയോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ ലക്ഷ്യം കാണാൻ ജൊനാഥൻ ഡേവിഡിനു സാധിച്ചില്ല. 79–ാം മിനിറ്റിൽ കാനഡ താരം ടജോൺ ബുച്ചാനന്റെ ലോങ് റേഞ്ച് ഷോട്ട് യാസീൻ ബോനു ഡൈവ് ചെയ്തു രക്ഷപെടുത്തി. കാനഡ സമനില ഗോൾ നേടാൻ തുടർച്ചയായി ശ്രമിക്കുന്നതിനിടെ അസദിൻ ഔനാഹി മൊറോക്കോയുടെ ലീഡ് രണ്ടാക്കി ഉയർത്തി. മൊറോക്കോയുടെ കൗണ്ടർ അറ്റാക്കിൽ ബ്രാഹിം ഡിയാസിൽനിന്നു പന്തു ലഭിച്ച ഔനാഹി കാന‍ഡ പ്രതിരോധ താരങ്ങളെ മറികടന്ന് ലക്ഷ്യം കണ്ടു. സ്കോർ 2–0. 85–ാം മിനിറ്റിൽ മൊറോക്കോയ്ക്ക് മൂന്നാം ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും നീക്കം ഗോളിലെത്തിയില്ല. കൗണ്ടർ അറ്റാക്കിൽ വലതു വിങ്ങിൽനിന്ന് ഔനാഹി നൽകിയ ക്രോസ് സുഫിയാൻ റഹിമി ഹെഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എട്ടു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. കാനഡ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഈ സമയത്തും ഒരു ആശ്വാസ ഗോൾ കണ്ടെത്താൻ അവർക്കു സാധിച്ചില്ല. എന്നാൽ ഇൻജറി ടൈമിന്റെ എട്ടാം മിനിറ്റിൽ സുഫിയാൻ റഹിമിനെ മൊറോക്കോയുടെ മൂന്നാം ഗോളും സ്വന്തമാക്കി. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ മൊറോക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ, കാനഡ‍ പുറത്തേക്ക്.

English Summary:

Morocco Dominates Canada to Reach World Cup Quarterfinals

Read Entire Article