Published: August 03, 2026 10:17 PM IST Updated: August 04, 2026 07:36 AM IST
2 minute Read
ഇസ്‍ലാമാബാദ്/ഗ്ലാസ്ഗോ ∙ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവായ പാക്കിസ്ഥാന്റെ ജാവലിൻ ത്രോ താരം അർഷദ് നദീം കോമൺവെൽത്ത് ഗെയിംസിൽ പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന് വിമർശനം. ശക്തമായ ഒരു തിരിച്ചുവരവിനായി അർഷദ് കഠിനമായി അധ്വാനിക്കണമെന്നും താരത്തിന്റെ മുൻ മെന്റർമാർ ആവശ്യപ്പെട്ടു. 2024 പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് റെക്കോർഡുകൾ തകർത്ത നദീം, ഇത്തവണ 12 പേർ പങ്കെടുത്ത ഫൈനലിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ മോശം പ്രകടനം ആരാധകരെയും കോച്ചിങ് സ്റ്റാഫിനെയും ഒരുപോലെ ഞെട്ടിച്ചു. യോഗ്യതാ മത്സരത്തിൽ 78.63 മീറ്റർ ദൂരം മാത്രം കണ്ടെത്തിയ അർഷാദ്, കഷ്ടിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെ 89.75 മീറ്ററിന്റെ മികച്ച പ്രകടനത്തോടെ സ്വർണം നേടിയ മത്സരത്തിൽ, കഴിഞ്ഞ നാല് വർഷമായി നദീമിന്റെ പ്രധാന എതിരാളിയായ ഇന്ത്യയുടെ നീരജ് ചോപ്രയാണ് വെള്ളി മെഡൽ നേിയത്. മറ്റൊരു ഇന്ത്യൻ താരം യശ‌്‌വീർ സിങ് വെങ്കലം സ്വന്തമാക്കി.
What you should work next
2018ന്റെ തുടക്കത്തിൽ അർഷദ് നദീമിന്റെ വളർച്ചയ്ക്ക് ആദ്യമായി സഹായിച്ച മെന്ററായ അക്രം സാഹി, താരത്തിനൊപ്പമുള്ള ചില വ്യക്തികളെയാണ് കുറ്റപ്പെടുത്തിയത്. ‘‘നദീമിന് ഒളിംപിക് സ്വർണ മെഡൽ ലഭിച്ചതുമുതൽ ഒരു സംഘം ആളുകൾ അദ്ദേഹത്തെ കൈപ്പിടിയിലൊതുക്കുകയും എന്റെയടുത്തേക്ക് വരാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.’’– പാക്കിസ്ഥാൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ സാഹി ടെലികോം ഏഷ്യ സ്പോർട്ടിനോട് പറഞ്ഞു. ‘‘പുതിയ ഉയരങ്ങൾ കീഴടക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം ഗ്ലാസ്‌ഗോയിലെ ഈ ഫലം തികച്ചും നിരാശാജനകമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള അശ്രദ്ധയും പരിശീലനക്കുറവും നൽകിയ സൂചനകളിൽ ഇക്കാര്യം വ്യക്തമായിരുന്നു.’’
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു മുൻ മെന്ററും സാഹിയുടെ അഭിപ്രായത്തോട് യോജിച്ചു. ‘‘അർഷദ് നദീം തന്റെ നേട്ടങ്ങളിൽ തൃപ്തനായി അലസനായിരുന്നു. ഈ വർഷത്തെ ഹജ് കർമങ്ങൾക്ക് ശേഷം അദ്ദേഹം കൃത്യമായ പരിശീലനം നടത്തിയിരുന്നില്ല.’’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ദക്ഷിണാഫ്രിക്കൻ കോച്ച് ടെർഷ്യസ് ലീബൻബെർഗിൽനിന്നു പരിശീലനം ലഭിച്ച ശേഷമാണ് അദ്ദേഹം ഒളിംപിക്സ് ജയിച്ചത്. നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി പോച്ചെഫ്സ്ട്രൂമിലെ പരിശീലനവും ഒളിംപിക് സ്വർണം നേടാൻ അദ്ദേഹത്തെ സഹായിച്ചു. ഇപ്പോൾ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിന് അയക്കാൻ അദ്ദേഹം ഫെഡറേഷനെയും സർക്കാരിനെയും കാത്തിരിക്കുകയാണ്. പാരിസിലെ പ്രകടനത്തിന് ശേഷം വലിയ തുകകൾ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതിനാൽ മറ്റാരെങ്കിലും തന്നെ അയക്കുന്നതുവരെ കാത്തിരിക്കാതെ സ്വന്തം പരിശീലനത്തിനായി അദ്ദേഹം പണം മുടക്കണമായിരുന്നു.’’– അദ്ദേഹം പറഞ്ഞു.
നദീമിന് ശരിയായ ഒരു കോച്ച് ഇല്ലാത്തതിനെയും ഈ ഉപദേശകൻ കുറ്റപ്പെടുത്തി. ‘‘നദീമിന്റെ നിലവിലെ കോച്ചായ സൽമാൻ ബട്ടിന് ജാവലിൻ ത്രോയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം വലിയ നേട്ടങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ഡിസ്കസ് ത്രോ താരം മാത്രമായിരുന്നു. എന്നാൽ അദ്ദേഹം ഒരു നിഴൽ പോലെ നദീമിനൊപ്പം കൂടിയത് പ്രകടനത്തെ ദോഷകരമായി ബാധിച്ചു. സമ്മാനമായി ഏകദേശം 30 കോടി പാക്കിസ്ഥാൻ രൂപ (300 മില്യൻ പികെആർ) ലഭിച്ചതുമുതൽ, നദീം കൂടുതൽ ബിസിനസ്സ് സംരംഭങ്ങളിലേക്ക് തിരിഞ്ഞു. സ്വന്തം നാടായ മിയാൻ ചന്നുവിൽ ഒരു കല്യാണമണ്ഡപവും റസ്റ്ററന്റും അദ്ദേഹം നിർമിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ സമയവും ശ്രദ്ധയും കവർന്നു. ഒരു അത്‌ലറ്റിന് ഇത്തരം ശ്രദ്ധതിരിക്കലുകൾ ആവശ്യമില്ല.’’
നദീമിന്റെ മോശം പ്രകടനത്തിൽ ആരാധകരും നിരാശ പ്രകടിപ്പിച്ചു. ‘‘അധികാരികൾ അദ്ദേഹത്തെ അമിതമായി ലാളിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുന്ന രീതിയിൽ ദശലക്ഷക്കണക്കിന് രൂപ നൽകുന്നതിന് പകരം, സർക്കാരും കായിക അധികൃതരും നല്ലൊരു വിദേശ കോച്ചിനെ ഏർപ്പാടാക്കുകയും ജർമനി, ദക്ഷിണാഫ്രിക്ക അല്ലെങ്കിൽ ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളിൽ താമസിപ്പിക്കുകയും ചെയ്യണമായിരുന്നു. എങ്കിൽ അദ്ദേഹത്തിന് മികച്ച പരിശീലനവും അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സാഹചര്യവും ലഭിക്കുമായിരുന്നു. ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് ഏതാണ്ട് അസാധ്യമായിരിക്കും.’’– കായിക വിശകലന വിദഗ്ധനായ അഹ്സാൻ മുനീബ് പറഞ്ഞു.
English Summary:
Arshad Nadeem: Pakistan's Olympic golden medalist javelin thrower Arshad Nadeem faced beardown disapproval for his mediocre show astatine the Commonwealth Games successful Glasgow. Former mentors property his ninth-place decorativeness to a deficiency of grooming and focus, citing distractions similar caller concern ventures. They impulse him to intensify grooming for a beardown comeback successful the 2024 Paris Olympics.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·