Published: June 27, 2026 05:22 AM IST Updated: June 27, 2026 06:19 AM IST
1 minute Read
ബോസ്റ്റൺ ∙ കാത്തിരുന്നത് കിലിയൻ എംബപെയുടെ ഹാട്രിക്കിന്, കിട്ടിയത് ഡെംബലെയുടെ കിടിലൻ ഹാട്രിക്! ഫിഫ ലോകകപ്പിസെ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവേയ്‌ക്കെതിരായ മത്സരത്തിലാണ് ഫ്രാൻസ് ഫോർവേഡ് ഉസ്മാൻ ഡെംബലെയുടെ തകർപ്പൻ പ്രകടനം. വെറും 32 മിനിറ്റുകൾക്കിടെയാണ് മൂന്നു തവണ താരം ഗോൾവല കുലുക്കിയത്. ഇതോടെ ലോകകപ്പിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമായി ഡെംബലെ മാറി. കിലിയൻ എംബപെയും ജസ്റ്റ് ഫോണ്ടെയ്‌നും മാത്രമാണ് ഇതിനുമുൻപ് ഫ്രാൻസിനായി ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങൾ.
What you should work next
ഇതിഹാസ ഫ്രഞ്ച് സ്ട്രൈക്കറായ ഫോണ്ടെയ്ൻ, 1958ലെ ലോകകപ്പിൽ പാരഗ്വേയ്ക്കും വെസ്റ്റ് ജർമനിക്കുമെതിരെ രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്. 2022ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്‌ക്കെതിരെയായിരുന്നു എംബപെയുടെ ഹാട്രിക് നേട്ടം. അന്ന് നിശ്ചിത സമയത്ത് 3-3 ന് സമനിലയിലായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് പരാജയപ്പെട്ടത്.
1994ന് ശേഷം ആദ്യ പകുതിയിൽ തന്നെ പൂർത്തിയാകുന്ന ആദ്യത്തെ ഹാട്രിക് കൂടിയാണ് ഡെംബലെയുടേത്. ഏഴാം മിനിറ്റിൽ ബോക്സിന്റെ ഇടത് കോർണറിലേക്ക് തൊടുത്ത വലതുകാലൻ ഷോട്ടിലൂടെയാണ് താരം ഗോൾവേട്ട ആരംഭിച്ചത്. 20-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നുള്ള മറ്റൊരു ഷോട്ടിലൂടെ ഡെംബലെ വീണ്ടും ഇടത് കോർണറിലേക്ക് പന്തെത്തിച്ചു. 12 മിനിറ്റുകൾക്ക് ശേഷം നോർവെ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി തൊടുത്ത ഒരു കേളിങ് ഷോട്ടിലൂടെ താരം ഹാട്രിക് തികച്ചു.
ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്കാണിത്. അൽജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും ഖത്തറിനെതിരെ കാനഡയുടെ ജൊനാഥൻ ഡേവിഡും നേരത്തെ ഹാട്രിക് നേടിയിരുന്നു. ഡെംബലെയുടെ രണ്ടു ഗോളുകൾക്ക് അസിസ്റ്റ് നൽകിയെങ്കിലും കിലിയൻ എംബപെ ഗോളടിക്കാതിരുന്നത് ആരാധകർക്ക് നിരാശയുണ്ടാക്കി. ഗോൾഡൻ ബൂട്ട് പട്ടികയിൽ നാലു ഗോളുകളുമായി മെസ്സിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് എംബപെ. ബ്രസീൽ താരം വിനിസ്യൂസ്, നോർവേ താരം എർലിങ് ഹാലണ്ട് എന്നിവർക്കും നാലു ഗോൾ വീതമുണ്ട്.
എംബപെ ഈ മത്സരത്തിൽ ഹാട്രിക് നേടിയിരുന്നെങ്കിൽ, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡിൽ ലയണൽ മെസ്സിയെ (18) മറികടക്കാമായിരുന്നു. നിലവിൽ 16 ലോകകപ്പ് ഗോളുകളുമായി ജർമൻ ഇതിഹാസം മിറോസ്ലാസ് ക്ലോസെയ്ക്കൊപ്പമാണ് കിലിയൻ എംബപെ.
English Summary:





English (US) ·