കീപ്പേഴ്സ് ഡേ! ജുറേലിന് സെഞ്ചറി, പന്തിന് അർധസെഞ്ചറി; 500+ അടിച്ച് ഇന്ത്യ; രണ്ടക്കം കടക്കും മുൻപേ ലങ്കയുടെ 2 വിക്കറ്റ് വീണു

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 24, 2026 05:57 PM IST Updated: August 24, 2026 10:25 PM IST

2 minute Read

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ഇന്ത്യൻ താരം ധ്രുവ്‍‌ ജുറേലിന്റെ ബാറ്റിങ്. (PTI Photo/Shailendra Bhojak)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ഇന്ത്യൻ താരം ധ്രുവ്‍‌ ജുറേലിന്റെ ബാറ്റിങ്. (PTI Photo/Shailendra Bhojak)

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിങ്സിൽ 9ന് 503 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കു തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 2ന് 8 റൺസെന്ന നിലയിലാണ് അവർ. ലാഹിരു കുമാരയെ (6 പന്തിൽ1) മുഹമ്മദ് സിറാജും പ്രഭാത് ജയസൂര്യയെ (7 പന്തിൽ 2) മാനവ് സുതാറുമാണ് വീഴ്ത്തിയത്. കമിൽ മിഷാര (5 പന്തിൽ 5*) ആണ് ക്രീസിൽ. രണ്ടാം ദിനം സെഞ്ചറി നേടിയ ധ്രുവ് ജുറേൽ (177 പന്തിൽ 115*), അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് (89 പന്തിൽ 63) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. ആദ്യ ദിനം ദേവ്‌ദത്ത് പടിക്കലും (193 പന്തിൽ 117) ഇന്ത്യയ്ക്കു വേണ്ടി സെഞ്ചറി നേടിയിരുന്നു.

What you should work next

5ന് 300 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയെ, രണ്ടു വിക്കറ്റ് കീപ്പർമാർ ചേർന്നു തോളിലേറ്റുകയായിരുന്നു. തുടക്കത്തിൽ തന്നെ അരങ്ങേറ്റക്കാരൻ സാരാംശ് ജെയിനിനെ (8 പന്തിൽ 6) ഇന്ത്യയ്ക്കു നഷ്ടമായി. പിന്നാലെ ഏഴാം വിക്കറ്റിൽ ഒന്നിച്ച് പന്ത്– ജുറേൽ സഖ്യം ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിക്കുയായിരുന്നു. ആദ്യദിനം കൈത്തണ്ടയ്ക്കു പരുക്കേറ്റതിനെ തുടർന്ന് റിട്ടയർ ഹർട്ടായ പന്ത് രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 400 കടത്തി. 112 റൺസാണ് കീപ്പർമാർ ചേർന്ന് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. പരുക്കേറ്റ കയ്യും വച്ച് അർധസെഞ്ചറി നേടിയ പന്ത്, രണ്ടാം സെഷനിലെ ആദ്യ പന്തിൽ തന്നെ പുറത്താകുകയായിരുന്നു. 89 പന്തുകള്‍ നേരിട്ട താരം 63 റൺസുമായാണു മടങ്ങിയത്. കേശര നുവാന്തയെ ബൗണ്ടറി കടത്താൻ ഉയർത്തിയടിച്ച ഋഷഭ് പന്തിനെ ലോങ് ഓഫിൽ ലാഹിരു ഉദാര കയ്യിലൊതുക്കുകയായിരുന്നു.

പിന്നാലെ ഇന്ത്യൻ ഇന്നിങ്സിന്റെ ചുമതല ജുറേൽ ഏറ്റെടുക്കുകയായിരുന്നു. ഒൻപതാമനായി ഇറങ്ങിയ മാനവ് സുതാറിനെയും (51 പന്തിൽ 18) പത്താമനായി ഇറങ്ങിയ മുഹമ്മദ് സിറാജിനെയും (29 പന്തിൽ 3) കൂട്ടുപിടിച്ച് ജുറേൽ സാവധാനം സ്കോർ ഉയർത്തി. ജുറേൽ സെഞ്ചറിയിലേക്ക് നീങ്ങുന്നതിനിടെ മഴ എത്തിയതോടെ രണ്ടാം സെഷൻ നേരത്തെ അവസാനിപ്പിച്ചു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷമാണ് കളി തുടങ്ങിയത്. ഇതോടെ ജുറേലിന്റെ സെഞ്ചറിക്കു വേണ്ടിയുള്ള കാത്തിരിപ്പായി. താരം അതിവേഗം 99ൽ എത്തിയെങ്കിലും പിന്നീട് 13 പന്തുകൾ നേരിട്ട ശേഷമാണ് മൂന്നക്കത്തിലേക്ക് എത്തിയത്. 2007നു ശേഷം 99ൽനിന്ന് 100ലേക്ക് എത്താൻ ഏറ്റവും കൂടുതൽ പന്തുകളെടുത്ത മൂന്നാമത്തെ ഇന്ത്യൻ താരമാണ് ജുറേൽ. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചറിയാണ് ജുറേൽ കുറിച്ചത്.

What you should work next

ഇതിനു ശേഷം വീണ്ടും ബൗണ്ടറികളുമായി താരം കളംനിറഞ്ഞു. ഇതിനിടെ മുഹമ്മദ് സിറാജിനെ പ്രഭാത് ജയസൂര്യ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെയെത്തിയ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് ജുറേൽ സ്കോർ 500 കടത്തിയതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തീരുമാനിക്കുകയായിരുന്നു. ലങ്കയ്ക്കായി അസിത ഫെർണാണ്ടോ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രഭാത് ജയസൂര്യ, കെഷാറ ന്യുവന്ത എന്നിവർ രണ്ടു വീതവും ലാഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി.

∙ ബാറ്റിങ് പഠിക്കൽ!ആദ്യ ദിനം, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു ഭേദപ്പെട്ട തുടക്കമാണ് യശ്വസി ജയ്സ്വാളും (53 പന്തിൽ 45) കെ.എൽ.രാഹുലും (33 പന്തിൽ 18) ചേർന്നു നൽകിയത്. എന്നാൽ രാഹുലും ജയ്സ്വാളും പുറത്തായതോടെ ഇന്ത്യ 2ന് 66 എന്ന നിലയിലായി. മൂന്നാമനായി എത്തിയ ദേവ്ദത്ത്, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (108 പന്തിൽ 50) കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ നേടിയ 120 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു പോരാട്ടവീര്യം തിരികെ നൽകിയത്. ദേവ്ദത്ത് (193 പന്തിൽ 117) നേടിയ സെഞ്ചറിയുടെ കരുത്തിൽ ആദ്യ ദിനം 5ന് 300 റൺസ് എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്. പരമ്പരയിൽ ദേവ്ദത്തിന്റെ രണ്ടാം സെ‍ഞ്ചറിയാണിത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും ദേവ്ദത്ത് സെഞ്ചറി നേടിയിരുന്നു.

ദേവ്ദത്തിന്റെ തുടക്കം പക്ഷേ അത്ര നല്ലതായിരുന്നില്ല. പൂജ്യത്തിലും ഒന്നിലും നിൽക്കെ ശ്രീലങ്കൻ താരങ്ങൾ ‘കൈവിട്ട്’ സഹായിച്ചതാണ് ഇരുപത്തിയാറുകാരൻ താരത്തിനു ഗുണമായത്. പേസ് ബോളർമാർക്ക് എക്സ്ട്രാ ബൗൺസ് നൽകിയ പിച്ച് ദേവ്ദത്തിനെ പരീക്ഷിച്ചെങ്കിലും, മത്സരം ആസ്വദിച്ച് കളിച്ച താരം ബാറ്റിങ് ശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്തി വെല്ലുവിളി വീറോടെ നേരിട്ടു. ഗില്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയ്ക്കൊപ്പം (83 പന്തിൽ 43) 74 റൺസ്‌കൂടി ചേർത്ത ദേവ്ദത്ത്, കെഷാറ ന്യുവന്തായുടെ പന്തിലാണ് പുറത്തായത്.

English Summary:

India vs Sri Lanka Second Test, Day Two Match Live Updates

Read Entire Article