കുറച്ചു ദിവസം പിതാവിനെ പരിചരിക്കാൻ സാധിച്ചു: ലോകകപ്പ് കളിക്കാത്തതിൽ നഷ്ടബോധമില്ലെന്ന് ഇന്ത്യൻ താരം

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: March 12, 2026 05:08 PM IST

1 minute Read

ജിതേഷ് ശർമ
ജിതേഷ് ശർമ

മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്തതിൽ നഷ്ടബോധമില്ലെന്ന് യുവവിക്കറ്റ് കീപ്പർ ജിതേഷ് ശർമ. ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതുകൊണ്ടാണു രോഗാവസ്ഥയിലായിരുന്ന പിതാവിന്റെ കൂടെ കുറച്ചു ദിവസം സമയം ചെലവഴിക്കാൻ സാധിച്ചതെന്ന് ജിതേഷ് ശർമ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ജിതേഷിന്റെ പിതാവ് മരിച്ചത്. പിതാവിന് ആവശ്യമുള്ളപ്പോൾ അദ്ദേഹത്തിനൊപ്പം നിൽക്കാനുള്ള ഭാഗ്യം തനിക്കു ലഭിച്ചതായും ജിതേഷ് ശര്‍മ വ്യക്തമാക്കി. മികച്ച ഫോമിൽ കളിച്ചിട്ടും ജിതേഷിനെ ലോകകപ്പ് ടീമില്‍ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു സാംസണും ഇഷാൻ കിഷനുമായിരുന്നു ഇന്ത്യയുടെ കീപ്പർമാർ.

കഴിഞ്ഞ വർഷം നടന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ കളിച്ചിരുന്നു. എന്നാൽ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഇഷാൻ വന്നതോടെ ജിതേഷ് ശർമ പുറത്താകുകയായിരുന്നു. ലോകകപ്പ് ടീമിൽ ഇല്ലെന്ന കാര്യം അറിഞ്ഞപ്പോൾ ആദ്യം സങ്കടം തോന്നിയിരുന്നെന്നും, എന്നാൽ പിതാവിനെ പരിചരിക്കാനുള്ള സമയം ലഭിക്കുമെന്നു തിരിച്ചറിഞ്ഞപ്പോൾ പിന്നെ കുഴപ്പമില്ലായിരുന്നെന്നും ജിതേഷ് ശർമ പിടിഐയോടു പറഞ്ഞു.

‘‘ലോകകപ്പ് ടീം പ്രഖ്യാപനത്തേക്കുറിച്ച് അറിഞ്ഞപ്പോൾ എനിക്കു കുറച്ച് സങ്കടം തോന്നി. എന്നാൽ കുടുംബവും സുഹൃത്തുക്കളും പിന്തുണച്ചതോടെ ആ സങ്കടം മാറി. എന്റെ പിതാവ് അസുഖ ബാധിതനായിരുന്നു. ഫെബ്രുവരി ഒന്നിന് അദ്ദേഹം മരിച്ചു. എനിക്ക് അദ്ദേഹത്തോടൊപ്പം ഏഴു ദിവസം കഴിയാൻ‌ സാധിച്ചു. ലോകകപ്പിനെക്കാളും എന്റെ പിതാവിന് എന്നെ ആവശ്യമായിരുന്നെന്ന് എനിക്കു മനസ്സിലായി. പിന്നീട് എനിക്ക് ഒരു നഷ്ടബോധവും ഇല്ലായിരുന്നു. അവസാന നാളുകളിൽ പിതാവിനെ നന്നായി നോക്കാൻ സാധിച്ചു. അതിൽ എനിക്കു ദൈവത്തോട് നന്ദിയുണ്ട്.’’

‘‘വീട്ടിലിരുന്നാണ് ഞാൻ ലോകകപ്പ് മത്സരങ്ങൾ കണ്ടത്. കളിക്കുന്നതിനേക്കാൾ സമ്മർദം അപ്പഴാണെന്നാണു തോന്നിയത്. പരിശീലകന്റെയും ക്യാപ്റ്റന്റെയും പ്ലാനുകൾ കൃത്യമായി നടപ്പാക്കാൻ ഇന്ത്യൻ ടീമിനു സാധിച്ചു. ലക്ഷ്യത്തിനായി അവർ നന്നായി പൊരുതി.’’– ജിതേഷ് ശർമ വ്യക്തമാക്കി. വിജയ് ഹസാരെ ട്രോഫിയിൽ ബറോ‍‍ഡയ്ക്കു വേണ്ടിയാണ് ജിതേഷ് ശർമ ഒടുവിൽ കളിച്ചത്. ഐപിഎൽ 2026 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് ജിതേഷ് ഇപ്പോള്‍.

English Summary:

Jitesh Sharma Opens Up About T20 World Cup Snub and Father's Demise

Read Entire Article