കുൽദീപിന്റെ ‍റിവ്യു ദൗർബല്യം നന്നായി അറിയാം: ‘പുറത്തായപോലെ അഭിനയിച്ച്’ രോഹിത് ശർമ, ഡൽഹിക്ക് ഡിആർഎസ് നഷ്ടം!- വിഡിയോ

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 05, 2026 11:46 AM IST

2 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.
കുൽദീപ് യാദവും നിതീഷ് റാണയും മത്സരത്തിനിടെ, രോഹിത് ശർമ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

ന്യൂഡൽഹി∙ ഇന്ത്യൻ‍ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിന്റെ ‍ഡിആർഎസ് പാഴാക്കാൻ ഗ്രൗണ്ടിൽ ‘പുറത്തായതായി അഭിനയിച്ച്’ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിനിടെ ഒൻപതാം ഓവറിലെ അഞ്ചാം പന്തിലാണു സംഭവം. കുൽദീപിന്റെ ലെഗ് സൈഡിലെ പന്തിൽ രോഹിത് ഒരു സ്വീപ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ രോഹിതിന്റെ പാഡിൽ തട്ടിയ പന്ത് ഡൽഹി വിക്കറ്റ് കീപ്പർ കെ.എൽ.രാഹുൽ പിടിച്ചെടുത്തു. കുൽദീപും രാഹുലും രോഹിതിന്റെ ബാറ്റിൽ പന്ത് തട്ടിയിട്ടുണ്ടോയെന്നു സംശയിച്ചു നിൽക്കെയായിരുന്നു താരത്തിന്റെ നാടകം. നിരാശ കലർന്ന ഭാവത്തിൽ രോഹിത് ക്രീസ് വിട്ടു മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ വിക്കറ്റാണെന്നു കരുതി കുൽദീപും രാഹുലും ചേർന്ന് ഡിആർഎസിനു പോയി.

തേർഡ് അംപയറുടെ പരിശോധനയിൽ ബാറ്റിൽ പന്തു തട്ടിയിട്ടില്ലെന്നു തെളിഞ്ഞതോടെ ഡൽഹി താരങ്ങൾക്കു നിരാശ. ഡൽഹിക്ക് ഒരു ഡിആർഎസ് അവസരം നഷ്ടമാകുകയും ചെയ്തു. സംഭവത്തെക്കുറിച്ചു രോഹിത് മത്സരത്തിനു ശേഷം പ്രതികരിച്ചു. ചെറിയ സാധ്യത ഉണ്ടെങ്കിൽ പോലും റിവ്യുവിനു പോകാനുള്ള കുൽദീപിന്റെ താൽപര്യം അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തമാശ ചെയ്തതെന്നു രോഹിത് വ്യക്തമാക്കി. ‘‘എനിക്ക് കുൽദീപിനെ നന്നായി അറിയാം. അവന് ഡിആർഎസ് പോകാൻ പ്രത്യേക താൽപര്യമാണ്. ഞാൻ അവിടെ കുറച്ചു ഭാഗ്യപരീക്ഷണം കൂടിയാണു നടത്തിയത്. എന്നാൽ അടുത്ത ഓവറിൽ തന്നെ ഞാൻ പുറത്തായി. കുറച്ചുനേരം കൂടി ക്രീസിൽ തുടരണമെന്ന് എനിക്കുണ്ടായിരുന്നു. കുൽദീപ് 50–50 ചാൻസ് ആണെങ്കിൽ പോലും റിവ്യുവിനു ശ്രമിക്കും. അതുകൊണ്ടാണു ഞാൻ വെറുതെ മുന്നോട്ടു നടന്നത്.’’– രോഹിത് ശർമ  വ്യക്തമാക്കി.

മത്സരത്തിൽ 26 പന്തുകൾ നേരിട്ട രോഹിത് ശർമ 35 റൺസാണു നേടിയത്. ഒരു സിക്സും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ രോഹിതിനെ അക്ഷർ പട്ടേലിന്റെ പന്തിൽ നിതീഷ് റാണ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. 20 ഓവറിൽ മുംബൈ വിയർത്തു ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഇംപാക്ട് പ്ലെയറായ സമീർ റിസ്‌വിയുടെ കരുത്തിൽ ഡൽഹി 11 പന്ത് ശേഷിക്കെയാണ് കീഴടക്കിയത്. ഈ സീസണിൽ ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയവും റിസ്‌വിയുടെ തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയുമാണിത്. സ്കോർ: മുംബൈ 20 ഓവറിൽ 6ന് 162, ഡൽഹി 18.1 ഓവറിൽ 4ന് 164. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക്, സ്വന്തം തട്ടകമായ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്ന ഓപ്പണറായ കെ.എൽ.രാഹുലിനെയും (1), പിന്നാലെ നിതീഷ് റാണയെയും (0) നഷ്ടമായ ഡൽഹി 2 ഓവർ അവസാനിക്കുമ്പോൾ 2ന് 7 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ശ്രീലങ്കൻ താരം പാത്തും നിസ്സങ്കയുടെ (30 പന്തിൽ 44) കരുതലോടെയുള്ള ബാറ്റിങ് ഡൽഹിയുടെ സ്കോർ പതിയെ ഉയർത്തി. രണ്ടാം വിക്കറ്റിൽ നിസ്സങ്ക – റിസ്‌വി സഖ്യം ഉയർത്തിയ 66 റൺസ് കൂട്ടുകെട്ടാണ് ഡൽഹിയുടെ വിജയത്തിന്റെ അടിത്തറ പാകിയത്. മിച്ചൽ സാന്റ്നറുടെ പന്തിൽ നിസ്സങ്ക മടങ്ങിയെങ്കിലും ഡേവിഡ് മില്ലറിനെ കൂട്ടുപിടിച്ച് (21) റിസ്‌വി സ്കോറിങ് വേഗത്തിലാക്കി. മുംബൈയുടെ ബാറ്റിങ്ങിൽ ആകെ പിറന്നത് 4 സിക്സറുകൾ മാത്രമാണെങ്കിൽ ഡൽഹിയുടെ യുപി പയ്യൻസ് സമീർ റിസ്‌വിയുടെ ബാറ്റിൽ നിന്നുമാത്രം വിരിഞ്ഞത് 7 സിക്സും 7 ഫോറുമാണ്. 

മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 78 റൺസ് കൂട്ടുകെട്ടിൽ 65 റൺസും വന്നതു റിസ്‌വിയുടെ തകർപ്പൻ ബാറ്റിങ്ങിൽ നിന്നു തന്നെ. സെഞ്ചറിക്കു 10 റൺസ് അകലെ റിസ്‌വി പുറത്തായെങ്കിലും അപ്പോഴേക്കും ഡൽഹിയുടെ വിജയദൂരം 11 റൺസായി കുറഞ്ഞിരുന്നു. മുംബൈയ്ക്കായി ദീപക് ചാഹർ, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് മുകേഷ് കുമാറിന്റെ മൂന്നാം ഓവറിൽ തന്നെ 2 വിക്കറ്റ് നഷ്ടമായിരുന്നു. റയാൻ റിക്കൽറ്റനും (9), തിലക് വർമയും (0) മുകേഷിന്റെ മുൻപിൽ അടിയറവു വച്ചപ്പോൾ മുംബൈ 2ന് 18 എന്ന നിലയിലായി. വേഗം കുറഞ്ഞ പിച്ചിൽ രോഹിത് ശർമയുടെയും (26 പന്തിൽ 35), സൂര്യകുമാർ യാദവിന്റെയും (36 പന്തിൽ 51) ചെറുത്തുനിൽപാണ് മുംബൈയ്ക്ക് 162 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ നൽകിയത്. മുകേഷ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ലുങ്ഗി എൻഗിഡി, അക്ഷർ പട്ടേൽ, വിപ്‍രാജ് നിഗം, ടി.നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

When Kuldeep Yadav’s shot deed Rohit Sharma’s pad, KL Rahul made a immense entreaty of caught out.Rohit past started pretending to locomotion disconnected similar helium was out, which forced Kuldeep and Axar Patel to spell for a reappraisal and they ended up losing it.🔥🫡 pic.twitter.com/OXBSsCdtnM

— META_07 (@Dhonizenith07) April 5, 2026

English Summary:

Did Rohit Sharma Fake Being Out to Waste DRS?

Read Entire Article