കേരള എക്സ്പ്രസ്; കേരളത്തിന് ഇന്നലെ ഒരു സ്വർണവും 2 വീതം വെള്ളിയും വെങ്കലവും

5 months ago 8

ദേശീയ ജൂനിയർ അത്‌ലറ്റിക്സിന്റെ 4–ാം ദിനം കേരളത്തിന് ഒരു സ്വർണവും 2 വീതം വെള്ളിയും വെങ്കലവും. അണ്ടർ 16 പെൺകുട്ടികളുടെ പെന്റാത്‌ലനിൽ ആലപ്പുഴ ചാരമംഗലം സ്വദേശി അനാമിക അജേഷ് ദേശീയ റെക്കോർഡോടെ (4096 പോയിന്റ്) സ്വന്തമാക്കിയ സ്വർണമാണ് ഇന്നലെ കേരളത്തിന്റെ ഏറ്റവും മികച്ച നേട്ടം.

അണ്ടർ 20 വനിതകളുടെ ഷോട്പുട്ടിൽ വി.എസ്.അനുപ്രിയ, അണ്ടർ 20 പുരുഷൻമാരുടെ 800 മീറ്ററിൽ ജെ.ബിജോയ് എന്നിവർ വെള്ളി നേടി. അണ്ടർ 20 വനിതകളുടെ ഹൈജംപിൽ കെ. അഖിലമോൾ, അണ്ടർ 20 പുരുഷൻമാരുടെ ട്രിപിൾജംപിൽ സജൻ ഖാൻ എന്നിവർക്കാണ് വെങ്കലം. 6 ദേശീയ റെക്കോർഡ് ഉൾപ്പെടെ ഇന്നലെ മീറ്റിൽ തിരുത്തപ്പെട്ടത് 12 റെക്കോർഡുകളാണ്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ, കേരളത്തിന്റെ ആകെ മെഡൽ നേട്ടം 17 ആയി. (5 സ്വർണം, 3 വെള്ളി, 9 വെങ്കലം). ഇന്ന് 13 ഫൈനലുകൾ നടക്കും.

മൂന്നിൽനിന്ന് ഒന്നിലേക്ക്കഴിഞ്ഞവർഷം ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ അണ്ടർ 16 വിഭാഗം പെന്റാത്‌ലനിൽ അനാമികയ്ക്കു മൂന്നാം സ്ഥാനമായിരുന്നു. തമിഴ്നാടിന്റെ സ്വാതിക ശക്തിവേലാണ് അന്നു ദേശീയ റെക്കോർഡോടെ (3884 പോയിന്റ്) ഒന്നാം സ്ഥാനം നേടിയത്. എന്നാൽ കലവൂർ എൻ. ഗോപിനാഥ് സ്പോർട്സ് അക്കാദമിയിൽ കെ.ആർ.സാംജിയുടെ കീഴിൽ പരിശീലനം നടത്തുന്ന അനാമിക കഴിഞ്ഞവർഷം കൈവിട്ട നേട്ടം ഇക്കുറി തിരികെപ്പിടിച്ചു. സ്വാതിക ഇത്തവണ 3–ാം സ്ഥാനത്തായി. ചാരംമംഗലം ഡിവിഎച്ച്എസ് സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനിയാണ് ഈ പതിനഞ്ചുകാരി.  അച്ഛൻ പി.എസ്.അജേഷ്, അമ്മ പി.ആർ.സോണി.

വെള്ളിനക്ഷത്രംഒന്നര വർഷത്തോളം തോളിലെ പരുക്കുകാരണം പുറത്തിരുന്ന ശേഷം തിരിച്ചെത്തിയാണ് അണ്ടർ 20 വനിതകളുടെ ഷോട്ട്പുട്ടിൽ വി.എസ്.അനുപ്രിയ വെള്ളി നേടിയത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ അനുപ്രിയ കെ.സി.ത്രോസ് അക്കാദമിയിലാണു പരിശീലനം നടത്തുന്നത്. കെ.സി.ഗിരീഷാണ് കോച്ച്.  2024ൽ നടന്ന ഖേലോ ഇന്ത്യ മീറ്റിൽ ഷോട്പുട്ടിൽ റെക്കോർഡോടെ സ്വർണം നേടിയിരുന്നു. 2023ൽ നടന്ന ദേശീയ സ്കൂൾ കായികമേളയിലും റെക്കോർഡോടെ സ്വർണം നേടി.  

അണ്ടർ 20 പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളി നേടിയ ജെ.ബിജോയ് പാലക്കാട് കമ്പളത്തറ സ്വദേശിയാണ്. അരവിന്ദാക്ഷനാണ് പരിശീലകൻ. അണ്ടർ 20 വനിതകളുടെ ഹൈജംപിൽ വെങ്കലം നേടിയ പാലക്കാട് കൊല്ലംകോട് സ്വദേശി കെ.അഖിലമോളുടെയും അണ്ടർ 20 പുരുഷൻമാരുടെ ട്രിപിൾജംപിൽ  വെങ്കലം നേടിയ കൊല്ലം നിലമേൽ സ്വദേശി സജൻ ഖാന്റെയും പരിശീലകൻ ഒരാളാണ്; എം.എ.ജോർജ്. 

English Summary:

Kerala Shines astatine National Junior Athletics: Gold for Anamika, 17 Medals Overall

Read Entire Article