മലപ്പുറം∙ ഈ വർഷം മാത്രം വിവിധ കുടിശികകളായി കേരളം നൽകേണ്ടത് 21,690 കോടി രൂപയാണെന്നാണ് ധവളപത്രമിറക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്. ചെറിയൊരു തട്ടിക്കൊണ്ടുപോകലിനു കൂട്ടുനിൽക്കാമെങ്കിൽ പണം കണ്ടെത്താൻ കിടിലോസ്കി വഴി പറഞ്ഞുതരാം. ആദ്യം അതിന് അമേരിക്കയിലേക്കു പറക്കണം. വിമാനടിക്കറ്റിനുള്ള പണം കെഎസ്ആർടിസിയുടെ ചക്രം ഊരിവിറ്റെങ്കിലും കണ്ടെത്താം. ലോകകപ്പ് കളിക്കുന്ന 3 ടീമുകളെ തട്ടിക്കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യം. ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ. ഈ ലോകകപ്പ് കളിക്കുന്ന 48 ടീമുകളിൽ ഏറ്റവും വിപണിമൂല്യമുള്ള ആദ്യ 3 ടീമുകൾ ഇവരാണ്. പ്രമുഖ സ്പോർട്സ് വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിന്റെ ഡേറ്റ പ്രകാരം 26 അംഗ ഫ്രാൻസ് സ്ക്വാഡിന്റെ വിപണി മൂല്യം 12,184 കോടി രൂപയാണ്. ഇംഗ്ലണ്ടിന്റെ വിപണിമൂല്യം 10,906 കോടി രൂപയും സ്പെയിനിന്റെ മൂല്യം 9,782 കോടി രൂപയുമാണ്. ഈ 3 ടീമുകളെ തട്ടിക്കൊണ്ടുവന്നാൽ മാത്രം 32,872 കോടി രൂപയായി. ഈ വർഷം കുടിശികയടയ്ക്കാൻ 21,690 കോടി രൂപ മതി. അപ്പോൾ 11,182 കോടി മിച്ചം കാണും. ഇതു വേണമെങ്കിൽ തമിഴ്നാടിനു വായ്പയായി നൽകാം. അന്നന്നു കഴിഞ്ഞുപോകുന്നുണ്ടെങ്കിൽ ബാങ്കിലെത്ര നീക്കിയിരിപ്പുണ്ടെന്ന് നോക്കേണ്ട കാര്യമൊന്നുമില്ല. മാത്രമല്ല അയൽക്കാരൻ മഹാനാണെന്ന് തമിഴ്നാട്ടുകാർ വിചാരിച്ചോട്ടെ.
What you should work next
10 ടീം, 77815 കോടി രൂപ
∙ ഇനി ഈ ലോകകപ്പിൽ കളിക്കുന്ന വിലപിടിപ്പുള്ള ആദ്യ 10 ടീമുകളെയും തട്ടിക്കൊണ്ടു വരികയാണെന്നു വിചാരിക്കുക. ഈ 10 ടീമുകളുടെയും ആകെ വിപണിമൂല്യം 77,815 കോടി രൂപയാണ്. ഈ പ്ലാൻ നടപ്പാക്കുകയാണെങ്കിൽ തീർച്ചയായും ലൈഫ് മിഷനുള്ള തുക 4 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി ഉയർത്തണം. കോഴിക്കൂട് പോലുള്ള ബസ് സ്റ്റോപ് പണിയാൻ 5 ലക്ഷം രൂപ ചെലവാക്കുകയും ഈ സൽകൃത്യം ചെയ്ത മഹാനായ എംഎൽഎ ഞാനാണെന്ന് പേരെഴുതി വയ്ക്കുകയും ചെയ്യുന്ന നാട്ടിൽ 10 ലക്ഷം രൂപ വീട് പണിയാൻ കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല.
ഇനി ഈ ടീമുകളെ തട്ടിക്കൊണ്ടു വരുമ്പോൾ അവർക്ക് വിമാന ടിക്കറ്റ് എടുക്കേണ്ടേ, അതിനു വലിയ ചെലവാകില്ലേ എന്ന് അവാലതിപ്പെടേണ്ട. രണ്ടോ മൂന്നോ മാസമെടുത്തെത്തുന്ന ചെലവു കുറഞ്ഞ ഏതെങ്കിലും ചരക്കുകപ്പലിൽ കയറ്റി അയച്ചാലും മതി. നമുക്ക് ഈ താരങ്ങളെ നേരത്തേ കിട്ടിയിട്ട് കാര്യമൊന്നുമില്ല. ഐഎസ്എൽ പോലും നേരേ ചൊവ്വേ നടത്താനറിയാത്ത പട്ടിണിപ്പാവങ്ങളായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് നമുക്കുള്ളത്. ഇത്രയും വിലപിടിപ്പുള്ള താരങ്ങളെ ഒരുമിച്ചു കണ്ടാൽ അപ്പോൾ തന്നെ ഫെഡറേഷന്റെ ജീവൻ നിത്യതയിൽ വിലയം പ്രാപിക്കും.
ആനവണ്ടിയെ രക്ഷിക്കാൻ
∙ കെഎസ്ആർടിസി ഒരു ബസ് സർവീസ് മാത്രമല്ല മലയാളികളുടെ വികാരം കൂടിയാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര മുഴുവൻ ബസുകളിലും അനുവദിക്കാൻ മൂന്നു മാസത്തിന് 112 കോടി രൂപ ചെലവുവരുമെന്നു കണ്ടു. സ്പെയിൻ ടീമിലെ ലാമിൻ യമാലിനെ മാത്രം തട്ടിക്കൊണ്ടുവന്നാൽ, ഈ പദ്ധതി മൂന്നുകൊല്ലം സുഖമായി ഓടിച്ചുപോകാം. ട്രാൻസ്ഫർ മാർക്കറ്റിലെ ഡേറ്റയനുസരിച്ച് 1600 കോടി രൂപയാണ് യമാലിന്റെ വിപണിമൂല്യം. ഇതേ വിപണിമൂല്യമുള്ള മറ്റൊരു താരം കൂടിയുണ്ട്. നോർവേയുടെ എർലിങ് ഹാളണ്ട്. പക്ഷേ, ആളൊരു കാളക്കൂറ്റനാണ്. തട്ടിക്കൊണ്ടുവരാൻ പാടാകും. തടി കേടാകും. യമാൽ ആണെങ്കിൽ 18 വയസ്സു മാത്രമുള്ള സ്വീറ്റ് ബോയ് ആണ്. കുഴിമന്തി വാങ്ങിത്തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുവരാം. കേരളം നേരിടുന്ന സകല പ്രതിസന്ധികൾക്കും കിടിലോസ്കിയുടെ കയ്യിൽ പരിഹാരമുണ്ട്. ഒരു സാംപിൾ എന്ന നിലയ്ക്ക് ഇക്കാര്യങ്ങൾ പറഞ്ഞു. ആരും സീരിയസായി ഇതിനെ എടുക്കരുതെന്ന അഭ്യർഥനയോടെ.
What you should work next
മൊത്തം കടം വീട്ടാനോ?അതു നടപ്പില്ലുത്തമാ...
∙ സംസ്ഥാനത്തിന്റെ മൊത്തം കടം 5.07 ലക്ഷം കോടി രൂപയാണെന്നു കണ്ടു. അതുപക്ഷേ, ഈ ലോകകപ്പ് കാലം ഉപയോഗിച്ചു വീട്ടാൻ കഴിയുമെന്നു തോന്നുന്നില്ല. ട്രാൻസ്ഫർ മാർക്കറ്റിലെ ഡേറ്റയനുസരിച്ച് ഈ ലോകകപ്പിന്റെ ആകെ വിപണി മൂല്യം 1.38 ലക്ഷം കോടി രൂപയാണ്. അപ്പോൾ ഇനിയുമൊരു നാലു ലോകകപ്പുകൾ കൂടി വേണ്ടിവരും കേരളത്തിന്റെ കടം തീർക്കാൻ.
ഏറ്റവും വിലപിടിപ്പുള്ള 10 താരങ്ങൾ
1. ലാമിൻ യമാൽ (സ്പെയിൻ)– 1,600 കോടി രൂപ
2. എർലിങ് ഹാളണ്ട് (നോർവേ)– 1,600 കോടി രൂപ
3. കിലിയൻ എംബപെ (ഫ്രാൻസ്)– 1,440 കോടി രൂപ
4. മൈക്കിൾ ഒലീസെ (ഫ്രാൻസ്)– 1,200 കോടി
5. പെഡ്രി (സ്പെയിൻ)– 1,200 കോടി രൂപ
6. വിനിസ്യൂസ് ജൂനിയർ (ബ്രസീൽ)– 1,120 കോടി രൂപ
7. ജൊവാവൊ നെവസ് (പോർച്ചുഗൽ)– 1,120 കോടി രൂപ
8. വിറ്റീഞ്ഞ (പോർച്ചുഗൽ)– 1,120 കോടി രൂപ
9. ജൂഡ് ബെല്ലിങ്ങം (ഇംഗ്ലണ്ട്)– 1,040 കോടി രൂപ
10. ഡെക്ലാൻ റൈസ് (ഇംഗ്ലണ്ട്)–960 കോടി രൂപ
(കണക്കുകളെല്ലാം ട്രാൻസ്ഫർ മാർക്കറ്റിലെ ഡേറ്റ അനുസരിച്ച്).
ഏറ്റവും വിലപിടിപ്പുള്ള 10 ടീമുകൾ
1. ഫ്രാൻസ് – 12,184 കോടി രൂപ
2. ഇംഗ്ലണ്ട്– 10,906 കോടി രൂപ
3. സ്പെയിൻ– 9,782 കോടി രൂപ
4. പോർച്ചുഗൽ– 8,044 കോടി രൂപ
5. ജർമനി– 7,576 കോടി രൂപ
6. ബ്രസീൽ– 7,386 കോടി രൂപ
7. ഹോളണ്ട്– 6,434 കോടി രൂപ
8. അർജന്റീന– 6,404 കോടി രൂപ
9. നോർവേ– 4,719 കോടി രൂപ
10. ബെൽജിയം– 4,380 കോടി രൂപ
English Summary:





English (US) ·