കൊച്ചിയിലും കളി മാറിയില്ല, ഗോളടിച്ച് ചാങ്തെ, കേരള ബ്ലാസ്റ്റേഴ്സിനു രണ്ടാം തോൽവി

4 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: February 22, 2026 10:17 PM IST Updated: February 22, 2026 11:03 PM IST

1 minute Read

 KBFC
കേരള ബ്ലാസ്റ്റേഴ്സ്– മുംബൈ സിറ്റി മത്സരത്തിൽനിന്ന്. Photo: KBFC

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു രണ്ടാം തോൽവി. കൊച്ചിയിൽ നടന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. 47–ാം മിനിറ്റിൽ ഇന്ത്യൻ താരം ലാലിയൻസുവാല ചാങ്തെയാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്.

പന്തടക്കത്തിലും ഗോൾ നീക്കത്തിലും മുംബൈയുമായി പിടിച്ചുനിൽക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചെങ്കിലും പന്തു വലയിലെത്തിക്കാൻ മാത്രം സാധിക്കാതെ പോയി. രണ്ടാം തോൽവിയോടെപോയിന്റ് പട്ടികയിൽ 12–ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടു ഗോളുകൾക്കും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.

 കൊച്ചിയില്‍ മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. വിക്ടർ ബെർട്ടോമിയുവും തിംഗുജം കോറൗ സിംഗും മുംബൈ പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തി. വിങ്ങുകളിലൂടെ പന്തുമായി കുതിച്ചും കൃത്യമായ പാസുകളിലൂടെ മുന്നേറ്റങ്ങൾ മെനഞ്ഞും ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു. മത്സരത്തിന്റെ 24-ാം മിനിറ്റിൽ മുംബൈ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾകീപ്പർ അർഷ് ഷെയ്ഖ് തടഞ്ഞിട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാലിയൻസുവാല ചാങ്‌തേയിലൂടെ മുംബൈ സിറ്റി ലീഡ് നേടി. ഗോൾ വഴങ്ങിയതോടെ കൂടുതൽ കരുത്തോടെ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ചു. കൂടുതൽ വേഗതയ്ക്കും ക്രിയാത്മകതയ്ക്കുമായി എബിദാസ്, മാറ്റിയാസ്, അജ്സൽ എന്നിവരെ ഹെഡ് കോച്ച് ഡേവിഡ് കറ്റാല കളത്തിലിറക്കി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ ബോക്സിലേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ടു. ലോങ്ങ് ഷോട്ടുകളിലൂടെയും തുടർച്ചയായ ക്രോസുകളിലൂടെയും സമനില ഗോളിനായി ടീം പരമാവധി ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ ലക്ഷ്യം അകന്നുനിന്നു. ഫെബ്രുവരി 28ന് ഇന്റർ കാശിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം.

English Summary:

Kerala Blasters FC suffered their 2nd decision successful the Indian Super League, losing to Mumbai City FC successful their archetypal location game

Read Entire Article