തിരുവനന്തപുരം∙ ബാറ്റേന്തിയാൽ ചിരിക്കാറില്ല ക്രിസ് ഗെയ്‌ൽ. നിർവികാരമായി ബോളർമാരുടെ ചിരി തല്ലി കെടുത്തുന്നതാണു വിനോദം. ക്രീസിൽ ബാറ്റുമായി താണ്ഡവമാടുന്ന ഗെയ്ൽ പക്ഷേ പുറത്ത് നിറചിരിയോടെ ആടും, പാടും. ഏതു കൊമ്പൻ ബോളറേയും അടിച്ചു പൊളിക്കും, ജീവിതമാകെ അടിപൊളിയാക്കും. ‘യൂണിവേഴ്സൽ ബോസ്’ എന്ന വിളിപ്പേര് സ്വയം ആസ്വദിച്ചാണു നടപ്പും എടുപ്പും. കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയായി കേരള ക്രിക്കറ്റിൽ അപ്രതീക്ഷിത രംഗ പ്രവേശം നടത്തിയ വെസ്റ്റിൻഡീസ് ഇതിഹാസ താരം ടീമിന്റെ കളികാണാനും പ്രോത്സാഹിപ്പിക്കാനും തലസ്ഥാനത്തെത്തിയതും കളിയാരാധകർക്ക് ആഘോഷം തീർത്താണ്. ഗെയ്ൽ ‘മനോരമ’യോട് സംസാരിക്കുന്നു.
What you should work next
∙ ഐപിഎല്ലിൽ കളിച്ചിട്ടുള്ള താങ്കൾ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയായതെങ്ങനെയാണ്? കെസിഎല്ലിനെ എങ്ങനെ കാണുന്നു?
ഇത് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ പുതിയൊരു അധ്യായമാണ്. കൊച്ചി ടീം ഉടമ സുഭാഷ് ജോർജ് മാനുവലുമായുള്ള സൗഹൃദമാണ് ഇതിലേക്ക് എത്തിച്ചത്. ബ്ലൂ ടൈഗേഴ്സ് നിലവിലെ കെസിഎൽ ചാംപ്യന്മാരാണ്. ശക്തമായൊരു അടിത്തറ അവർക്കുണ്ട്. താരങ്ങളെ പിന്തുണയ്ക്കാനും എന്റെ അനുഭവങ്ങൾ അവരുമായി പങ്കുവയ്ക്കാനും ബ്ലൂ ടൈഗേഴ്സിനെ ശക്തമായൊരു ക്രിക്കറ്റ് ബ്രാൻഡായി വളർത്താനും സഹായിക്കാനാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണയുണ്ടെന്നു മനസിലാക്കുന്നു. നല്ല പ്രതിഭകളും ഇവിടുണ്ട്. അവർക്കു മികച്ച പ്രകടത്തിലൂടെ ശ്രദ്ധ നേടാനും ഐപിഎല്ലിലേക്കും രാജ്യാന്തര ക്രിക്കറ്റിലേക്കും മുന്നേറാനും കെസിഎൽ പോലൊരു പ്രഫഷനൽ ലീഗ് വലിയ സഹായകമാകും.
∙ 2013ൽ കൊച്ചിയിൽ താങ്കൾ രാജ്യാന്തര ഏകദിന മത്സരം കളിച്ചിട്ടുണ്ട്. പക്ഷേ രണ്ടാം പന്തിൽ തന്നെ റൺഔട്ടാവുകയും ക്രീസിലെത്താൻ ശ്രമിക്കുന്നതിനിടെ ഡൈവ് ചെയ്ത് പരിക്കേൽക്കുകയും ചെയ്തു. ആ മത്സരം ഓർക്കുന്നുണ്ടോ?
നന്നായി ഓർക്കുന്നുണ്ട്. അന്ന് പരുക്കേറ്റ് സ്ട്രച്ചറിലാണ് എന്നെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോയത്. നിർഭാഗ്യവശാൽ, കേരളത്തിലെ ആരാധകർക്ക് നൽകാൻ ആഗ്രഹിച്ച അനുഭവമായിരുന്നില്ല അത്. അതാണ് ക്രിക്കറ്റ് , ചിലപ്പോൾ കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ നടക്കണമെന്നില്ല. ഏറെക്കാലത്തിന് ശേഷമാണ് ഞാൻ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇത്തവണ ഇവിടുത്തെ ജനങ്ങളുമായി കൂടുതൽ സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
∙ കേരള താരങ്ങളായ ശ്രീശാന്തിനും സഞ്ജു സാംസണുമെതിരെ ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും താങ്കൾ കളിച്ചിട്ടുണ്ട്. അവരെ എങ്ങനെ വിലയിരുത്തുന്നു?
ശ്രീശാന്ത് വലിയ മത്സര വീര്യവും അതിശയകരമായ ഊർജവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്ന താരമായിരുന്നു. കളിയിലേക്ക് എപ്പോഴും ആവേശം കൊണ്ടുവരാൻ കഴിയുമായിരുന്ന ഒരാൾ. താളം കണ്ടെത്തി പന്ത് സ്വിങ് ചെയ്യാനും മൂവ് ചെയ്യാനും തുടങ്ങിയാൽ ലോകത്തിലെ മികച്ച ബാറ്റർമാരെപ്പോലും ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞിരുന്നു. ഒരു തരത്തിലുള്ള പോരാട്ടത്തിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നില്ല. ആ പോരാട്ട വീര്യത്തെ ഞാൻ ബഹുമാനിച്ചിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും സ്വാഭാവിക പ്രതിഭയുള്ള സ്റ്റൈലിഷ് ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ. അദ്ദേഹത്തിന്റെ ടൈമിങ് അസാധാരണമാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകൾ കളിക്കാൻ കഴിയും. ഭയമില്ലാതെ അനായാസമായാണു ബാറ്റ് ചെയ്യുന്നത്. ഇവിടുത്തെ പുതിയ ക്രിക്കറ്റ് താരങ്ങൾക്ക് സഞ്ജു വലിയ പ്രചോദനവുമാണ്. ശ്രീശാന്തിനെയും സഞ്ജുവിനെയും ഓർത്ത് കേരളത്തിനു തീർച്ചയായും അഭിമാനിക്കാം.
∙ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിൽ കളിക്കുന്ന ബേസിൽ തമ്പിയുടെ ഐപിഎല്ലിലെ ആദ്യ വിക്കറ്റ് താങ്കളുടേതായിരുന്നു?
ആളുകളെ ഒരുമിപ്പിക്കുന്ന അത്ഭുതകരമായൊരു വഴി കൂടിയാണ് ക്രിക്കറ്റ്. ആദ്യ ഐപിഎൽ വിക്കറ്റായി എന്റെ വിക്കറ്റ് നേടിയത് ബേസിലിന്റെ കരിയറിലെ വളരെ പ്രത്യേകതയുള്ള നിമിഷമായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. വർഷങ്ങൾക്കു ശേഷം ഞാൻ കൊച്ചി ടീമിന്റെ ഭാഗമാകുമ്പോൾ ബേസിൽ ടീമിനായി പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പ്രതിഭയുള്ള പേസറാണ് ബേസിൽ. കഴിഞ്ഞ സീസണിൽ സഞ്ജുവും ബ്ലൂ ടൈഗേഴ്സിനായി കളിച്ചു. ഇപ്പോൾ ഞങ്ങൾ ഒരേ കുടുംബാംഗങ്ങളെപ്പോലെയാണ്. മുൻ എതിരാളികളെ എങ്ങനെയാണ് ക്രിക്കറ്റ് സഹതാരങ്ങളും കുടുംബാംഗങ്ങളുമാക്കി മാറ്റുന്നതെന്ന് ഇത് കാണിക്കുന്നു.
What you should work next
∙ ഏതു ബോളറായാലും കൂസാതെയുള്ള ബാറ്റിങ് ശൈലിയാണല്ലോ താങ്കളുടേത്. ഭയപ്പെട്ടതോ നേരിടാൻ ബുദ്ധിമുട്ട് തോന്നിയതോ ആയ ബോളർമാർ ഉണ്ടായിരുന്നോ?
ഒരു ബോളറെയും ഭയപ്പെട്ടിരുന്നുവെന്ന് പറയില്ല. ഒരു ബാറ്റർ ഭയപ്പെടുന്ന നിമിഷം തന്നെ ബോളർ ആ പോരാട്ടത്തിൽ വിജയിച്ചുകഴിഞ്ഞു. ആരെയും കീഴടക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞാൻ എപ്പോഴും ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നത്. എന്നാൽ ഭയവും ബഹുമാനവും തമ്മിൽ വ്യത്യാസമുണ്ട്. മികച്ച ബോളർമാരെ ബഹുമാനിച്ചിരുന്നു. ചിലരെ നേരിടുന്നത് വളരെ ബുദ്ധിമുട്ടുമായിരുന്നു. മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും അവരുടെ ടേണിങ് മികവും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ കബളിപ്പിക്കാൻ കഴിവുള്ളവരായിരുന്നു. ബ്രെറ്റ് ലീ, ശുഐബ് അക്തർ, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർ വേഗതയും ആക്രമണോത്സുകതയും ഒരുമിപ്പിച്ചവരായിരുന്നു. അതേസമയം, ലസിത് മലിംഗ വ്യത്യസ്തമായ ആക്ഷനും യോർക്കറുകളും സ്ലോവർ ഡെലിവറികളും കാരണം എപ്പോഴും അപകടകാരിയായിരുന്നു. അത്തരത്തിലുള്ള മികച്ച ബൗളർമാരെ നേരിട്ടത് എന്നെ കൂടുതൽ മികച്ച ബാറ്ററാക്കാൻ സഹായിച്ചു. എന്റെ സമീപനം എപ്പോഴും ഒന്നുതന്നെയായിരുന്നു; അവരുടെ കഴിവിനെ ബഹുമാനിക്കുക, സ്വന്തം കഴിവിൽ വിശ്വസിക്കുക. അവർക്ക് ഒരിക്കലും നിങ്ങളുടെ ഭയം കാണിച്ചുകൊടുക്കാതിരിക്കുക.
∙ രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ആർക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് താങ്കൾ ഏറെ ആസ്വദിച്ചിരുന്നത്?
വെസ്റ്റ് ഇൻഡീസിനായി ശിവ്നാരായൺ ചന്ദർപോളിനൊപ്പം ബാറ്റ് ചെയ്യുന്നതായിരുന്നു ഏറെ ആസ്വാദ്യകരം. അതിശയകരമായ ഏകാഗ്രതയും അനുഭവസമ്പത്തും സ്ഥിരതയും ഉള്ള ബാറ്ററായിരുന്നു അദ്ദേഹം. എന്റെ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തം. അതാണ് ഞങ്ങളുടെ കൂട്ടുകെട്ടുകളെ ഫലപ്രദമാക്കിയത്. ഒരു വശത്ത് അദ്ദേഹം നിലയുറപ്പിക്കുമ്പോൾ, മറുവശത്ത് എനിക്ക് സ്വാഭാവിക ആക്രമണ ശൈലിയിൽ കളിക്കാൻ കഴിഞ്ഞു. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ വിരാട് കോഹ്ലിക്കും എ.ബി ഡിവില്ലിയേഴ്സിനുമൊപ്പം ബാറ്റ് ചെയ്യുന്നത് പ്രത്യേകമായി ആസ്വദിച്ചിരുന്നു. വിരാട് കളിയിലേക്ക് തീവ്രതയും ആവേശവും വിജയിക്കാനുള്ള അസാധാരണമായ ആഗ്രഹവും കൊണ്ടുവരുന്നാളാണ്. എബി ഏതൊരു ബോളർക്കെതിരെയും ഏതാണ്ട് എല്ലാ ഷോട്ടും കളിക്കാൻ കഴിയുന്ന പ്രതിഭയായിരുന്നു. ഞങ്ങൾ കളി രീതികൾ പരസ്പരം മനസിലാക്കിയിരുന്നു. മറക്കാനാവാത്ത നിരവധി കൂട്ടുകെട്ടുകളുമുണ്ടാക്കി.. ഞങ്ങൾ ഒരുമിച്ചു കളിക്കുന്നത് എതിരാളികൾക്ക് ഒട്ടും സുഖകരമായിരുന്നില്ല.
What you should work next
∙ താങ്കളെ അസൂയപ്പെടുത്തിയ, ആരാധിച്ചിരുന്ന ഏതെങ്കിലും ബാറ്റർ ഉണ്ടോ?
ബ്രയാൻ ലാറയാണ് ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന ബാറ്റർമാരിൽ ഒരാൾ. ലോകത്തിലെ ഏറ്റവും മികച്ച ബോളിങ് ആക്രമണങ്ങൾക്കെതിരെ പോലും ആധിപത്യം പുലർത്താൻ കഴിയുന്ന പ്രതിഭ. അദ്ദേഹത്തിന്റെ സാങ്കേതിക മികവും ആത്മവിശ്വാസവും വലിയ സ്കോറുകൾ നേടാനുള്ള ആഗ്രഹവും അസാധാരണമായിരുന്നു. ലാറ ഫോമിൽ ബാറ്റ് ചെയ്യുമ്പോൾ കളിയെ തന്നെ മറ്റൊരു രീതിയിലാക്കി മാറ്റുമായിരുന്നു. വെസ്റ്റ് ഇൻഡീസിൽ വളർന്ന ഒരാളെന്ന നിലയിൽ ബ്രയാൻ ലാറയെയും സർ വിവിയൻ റിച്ചാർഡ്സിനെയും പോലുള്ള മഹാന്മാരെ സ്വാഭാവികമായും നമ്മൾ ആരാധിക്കും. ആത്മവിശ്വാസം, ശക്തി, ഭയമില്ലായ്മ എന്നിവയുടെ പ്രതീകമായിരുന്നു സർ വിവ്. ഹെൽമറ്റ് പോലും ധരിക്കാതെയാണ് അദ്ദേഹം ബോളർമാരെ കീഴടക്കിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം പോലും എതിരാളികളെ ഭയപ്പെടുത്തുന്നതായിരുന്നു. അവരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതിനൊപ്പം കളിയിൽ എന്റേതായ വ്യക്തിത്വവും ശൈലിയും കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്.
∙ താങ്കളുടെ പേരിൽ നിരവധി ബാറ്റിങ് റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകൾ തകർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആരെങ്കിലും നിലവിലുണ്ടോ?
അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശക്തിയും കഴിവുമുള്ള, ഭയമില്ലാതെ കളിക്കുന്ന നിരവധി യുവ ബാറ്റർമാരുണ്ട്. ഇന്നത്തെ കളിക്കാർ കൂടുതൽ ശക്തരും കൂടുതൽ പുതുമയുള്ള ഷോട്ടുകൾ കളിക്കുന്നവരും ആദ്യ പന്ത് മുതൽ ആക്രമിക്കാൻ ആത്മവിശ്വാസമുള്ളവരുമാണ്. ലോകമെമ്പാടും ഇത്രയധികം ടി20 ക്രിക്കറ്റ് നടക്കുന്നതിനാൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനുള്ള അവസരങ്ങളും ധാരാളമുണ്ട്. എന്നാൽ വലിയ റെക്കോർഡുകൾ തകർക്കാൻ കഴിവ് മാത്രം പോര. സ്ഥിരത, ഫിറ്റ്നസ്, ആത്മവിശ്വാസം എന്നിവയും ആവശ്യമാണ്. അടുത്ത തലമുറ എന്റെ റെക്കോർഡുകളെ വെല്ലുവിളിക്കുന്നത് കാണുന്നതിൽ സന്തോഷമേയുള്ളൂ. അതാണ് ക്രിക്കറ്റിന്റെ പുരോഗതി. പക്ഷേ ആരെങ്കിലും അവ തകർക്കുന്നതുവരെ, മുകളിൽ ഇരുന്ന് ആസ്വദിക്കുന്നത് ‘യൂണിവേഴ്സൽ ബോസ്’ തുടരും.
∙ ഇത്രയും അനുഭവ സമ്പത്തുള്ള താങ്കൾ എന്തുകൊണ്ടാണ് പരിശീലകനാകാത്തത്?
കോച്ചിങ് വലിയ ഉത്തരവാദിത്വമാണ്. അതിന് പൂർണ സമയ പ്രതിബദ്ധത ആവശ്യമാണ്. നിലവിൽ മെന്റർ, ടീം ഉടമ, അക്കാദമി ഇങ്ങനെയൊക്കെയാണ് ക്രിക്കറ്റിൽ എന്റെ സംഭാവന. കോച്ചിങ് ഒരിക്കലും പൂർണമായി തള്ളിക്കളയില്ല. അതിന് അനുയോജ്യമായ അവസരവും ടീമും അന്തരീക്ഷവും വരണം.കളിക്കാരുമായി സംസാരിക്കുന്നതും കളിയുടെ മാനസിക വശം മനസിലാക്കാൻ സഹായിക്കുന്നതും ഞാൻ ആസ്വദിക്കുന്നു. ബിസിനസ്, സംഗീതം തുടങ്ങിയ മറ്റ് താൽപര്യങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യവും ഇപ്പോൾ ആസ്വദിക്കുകയാണ്.
∙ ക്രിസ് ഗെയ്ൽ അക്കാദമി ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടോ? കൊച്ചി ബ്ലൂ ടൈഗേഴ്സുമായി സഹകരിച്ച് കേരളത്തിൽ ഒരു അക്കാദമി സ്ഥാപിക്കാനാകുമോ?
ഇന്ത്യ എനിക്ക് എപ്പോഴും വളരെ പ്രധാനപ്പെട്ട രാജ്യമാണ്. കേരളത്തിലും വലിയ ക്രിക്കറ്റ് സാധ്യതകളുണ്ടെന്ന് മനസിലാക്കുന്നു. കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ചേർന്ന് ക്രിസ് ഗെയിൽ അക്കാദമിയുടെ ആശയങ്ങളും പരിശീലന പരിപാടികളും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത തീർച്ചയായും പരിശോധിക്കും. താരങ്ങളെ സിക്സറടിക്കാൻ മാത്രം പഠിപ്പിക്കുകയല്ല ലക്ഷ്യം. ആത്മവിശ്വാസം, അച്ചടക്കം, ഫിറ്റ്നസ്, സാങ്കേതിക മികവ്, പ്രഫഷണൽ ക്രിക്കറ്റിനെക്കുറിച്ചുള്ള ധാരണ എന്നിവ വികസിപ്പിക്കാൻ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്.
∙ റാപ് ഗായകനായ ക്രിസ് ഗെയ്‌ൽ കൗതുകമുള്ളൊരു അനുഭവമാണ്. ഇന്ത്യൻ സംഗീതം കേൾക്കാറുണ്ടോ?
ക്രിക്കറ്റിന് പുറമെയുള്ള എന്റെ വലിയ ലഹരികളിലൊന്നാണ് സംഗീതം. സംഗീതത്തിലൂടെ എന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം പ്രകടിപ്പിക്കാൻ കഴിയും. എഴുതാനും റെക്കോർഡ് ചെയ്യാനും പെർഫോം ചെയ്യാനും വിവിധ കലാകാരന്മാരുമായി സഹകരിക്കാനുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യൻ സംഗീതം ഞാൻ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതിന് അതിശയകരമായ ഊർജവും താളവും ആഘോഷ ഭാവവുമുണ്ട്. സംഗീതത്തിനും ക്രിക്കറ്റിനും ഒരു പ്രധാന സാമ്യമുണ്ട്. രാജ്യത്തിന്റെയോ സംസ്കാരത്തിന്റെയോ ഭാഷയുടെയോ വ്യത്യാസമില്ലാതെ ആളുകളെ ഒരുമിപ്പിക്കാൻ രണ്ടിനും കഴിയും. നല്ല അവസരം ലഭിച്ചാൽ ഇന്ത്യൻ കലാകാരന്മാരുമായി ഇനിയും സഹകരിക്കാൻ ആഗ്രഹിക്കുന്നു.
∙ 2018ലെ ഐപിഎൽ സമയത്ത് താങ്കൾ കുടുംബസമേതം കൊല്ലം സന്ദർശിച്ചിരുന്നു. കേരളത്തെ എങ്ങനെയാണ് കാണുന്നത്?
ആ സന്ദർശനം ഞങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. ആതിഥ്യ മര്യാദയും ഹൗസ് ബോട്ട് യാത്രയും നാടൻ മീൻ വിഭവങ്ങളുടെ രുചിയുമെല്ലാം നല്ല ഓർമയാണ്. അതിശയകരമായ പ്രകൃതിയും പ്രത്യേകതയാർന്ന സംസ്കാരവുമുള്ള നാടാണിത്. ‘ദൈവത്തിന്റെ സ്വന്തം നാട്’എന്ന് വിളിക്കുന്നതിൽ അതിശയമില്ല. ശാന്തമായൊരു അന്തരീക്ഷണിവിടെ. അതേസമയം ക്രിക്കറ്റൊക്കെ വരുമ്പോൾ മൈതാനത്ത് കാണുന്നത് മറ്റൊരു ഊർജവും ആവേശവുമാണ്.
English Summary:






English (US) ·