കൊച്ചിയിൽ നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഗാംഗുലി രാജിക്കൊരുങ്ങി: കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

1 month ago 3

മനോരമ ലേഖകൻ

Published: August 18, 2026 07:44 AM IST

1 minute Read

sourav-ganguly
സൗരവ് ഗാംഗുലി (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഏപ്രിൽ ഫൂൾ തമാശ അതിരുവിട്ടതിനെത്തുടർന്ന് സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങിയ സംഭവം ഓർത്തെടുത്ത് മുൻ സ്പിന്നർ ഹർഭജൻ സിങ്. വാർത്താ ഏജൻസിയായ പിടിഐ പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റിലാണ് 2005 ഏപ്രിൽ ഒന്നിന് അരങ്ങേറിയ ഈ ‘തമാശ നാടകം’ ഹർഭജൻ വീണ്ടും ഓർമിച്ചത്.

What you should work next

സംഭവം ഇങ്ങനെ: ഏപ്രിൽ രണ്ടിനു കൊച്ചിയിൽ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളി നടക്കാനൊരുങ്ങുന്നു. ടീം തലേന്നത്തെ പരിശീലനത്തിന് ഒരുങ്ങുമ്പോഴാണ് യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും ക്യാപ്റ്റൻ ഗാംഗുലിയെ സമീപിച്ചത്. തന്റെ ടീമംഗങ്ങൾ പാർട്ടികളിൽ മാത്രം ശ്രദ്ധിക്കുന്നവരും ഉത്തരവാദിത്തം ഇല്ലാത്തവരുമാണെന്ന് ഗാംഗുലി വിമർശിച്ചതായുള്ള വ്യാജ പത്രക്കട്ടിങ്ങുകളുമായാണ് അവർ എത്തിയത്. ടീം മുഴുവൻ അവിടെയുണ്ടായിരുന്നു. യുവിയാണ് തുടക്കമിട്ടത്: ‘‘ദാദാ, മാധ്യമങ്ങൾക്ക് നിങ്ങൾ നൽകിയ ഈ പ്രസ്താവന എന്താണ്? യുവി ഒരു പാർട്ടി പ്രേമിയാണെന്നും ഹർഭജന് ആരെക്കുറിച്ചും ഒരു ശ്രദ്ധയുമില്ലെന്നും ആശിഷ് നെഹ്‌റ സ്വന്തം ലോകത്താണെന്നും സഹീർ ഖാൻ ധാരാളം പാർട്ടി നടത്താറുണ്ടെന്നും നിങ്ങൾ പറഞ്ഞല്ലോ’’

‘‘ഞാൻ എപ്പോഴാണ് ഇത് പറഞ്ഞത്?’’ എന്നായി ഗാംഗുലി. പത്രക്കട്ടിങ്ങുകൾ കാണിച്ച്, ഇതെന്താണ്? എന്നു ചോദിച്ചതോടെ ഗാംഗുലി ആകെ സ്തംഭിച്ചുപോയി. അവിടെയുണ്ടായിരുന്ന സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡും സംഭവത്തെ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ ഗാംഗുലിയുടെ നിയന്ത്രണം വിട്ടു. ഇതിനിടെ യുവരാജും ഹർഭജനും കിറ്റുമെടുത്ത് പുറത്തേക്കു നടക്കാൻ ഒരുങ്ങിയതോടെ ഗാംഗുലി പറഞ്ഞു: ‘‘ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല. ഇതു സത്യമാണെന്നു തെളിഞ്ഞാൽ ഞാൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കും’’

ഇടയ്ക്കെപ്പോഴോ ടീമംഗങ്ങളിൽ ആരോ ചിരിച്ചപ്പോഴാണ് സംഗതി ഒരു ഏപ്രിൽ ഫുൾ തമാശയാണെന്നു ഗാംഗുലിക്കു മനസ്സിലായത്. രാജിയുടെ വക്കിൽനിന്നു തിരിച്ചു വന്ന ഇന്ത്യൻ ക്യാപ്റ്റനും ആ തമാശക്കളി ആസ്വദിച്ചതോടെ ടീം ക്യാംപിൽ രസകരമായ നിമിഷങ്ങളാണു സംജാതമായതെന്ന് ഹർഭജൻ ഓർമിച്ചു. പിറ്റേന്നു നടന്ന മത്സരത്തിൽ ഇന്ത്യ 87 റൺസ് വിജയം നേടി. വീരേന്ദർ സേവാഗിന്റെയും (108) രാഹുൽ ദ്രാവിഡിന്റെയും (104) സെ‍ഞ്ചറിയുടെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 281 റൺസെടുത്തു. സച്ചിൻ തെൻഡുൽക്കറുടെ മികച്ച ബോളിങ്ങിൽ (50 റൺസ് വഴങ്ങി 5 വിക്കറ്റ്) തകർന്നടിഞ്ഞ പാക്കിസ്ഥാൻ 194 റൺസിന് ഓൾഔട്ടായി.

English Summary:

Saurav Ganguly April Fool prank is simply a recalled incidental wherever the erstwhile Indian cricket skipper astir resigned owed to an elaborate April Fool's joke. Harbhajan Singh recounted however Yuvraj Singh and different teammates convinced Ganguly that helium had made captious statements astir them to the media, starring to his contiguous connection to measurement down.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article