കോടതി വരെ കയറിയിട്ടും ലോകകപ്പ് കാണാൻ വഴിയില്ല, പിന്നിൽ 3 കാരണങ്ങൾ; ആ നിർണായക പ്രഖ്യാപനം കാത്ത് ആരാധകരും

1 week ago 2

ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇനി വെറും 20 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയപ്പെട്ട ടീമുകൾക്കായി ആർത്തുവിളിക്കാൻ ഒരുങ്ങുമ്പോൾ, ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ വൻ നിരാശയും ആശങ്കയും പടരുകയാണ്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, എംബപ്പെ, നെയ്മാർ, ലൂക്കാ മോഡ്രിച്ച് തുടങ്ങി ലോകോത്തര താരങ്ങളുടെ പ്രകടനങ്ങൾ തത്സമയം കാണാൻ ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകർക്ക് സാധിക്കുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ഫിഫയുമായി ഇന്ത്യയിലെ മുൻനിര മീഡിയ നെറ്റ്‌വർക്കുകൾക്കൊന്നും തന്നെ ഇതുവരെ സംപ്രേഷണ കരാറിലെത്താൻ സാധിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. വിവാദങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, ഫിഫ ലോകകപ്പിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതി അടുത്തിടെ വ്യക്തമാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്തരമൊരു സംപ്രേഷണ പ്രതിസന്ധി ഉണ്ടായത്? എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം?

∙ ഫിഫ ലോകകപ്പിനെ കൈവിട്ട് ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർകഴിഞ്ഞ ലോകകപ്പുകളിലെല്ലാം വലിയ തുകയ്ക്കാണ് ഇന്ത്യൻ കമ്പനികൾ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. 2022ലെ ഖത്തർ ലോകകപ്പിനായി റിലയൻസിന്റെ ജിയോ ഏകദേശം 6 കോടി ഡോളറാണ് (ഏകദേശം 577 കോടി രൂപ) നൽകിയത്. അതിനുമുൻപ് 2014, 2018 ലോകകപ്പുകളുടെയും 2016ലെ യൂറോ കപ്പിന്റെയും അവകാശം സോണി സ്പോർട്സ് സ്വന്തമാക്കിയത് 9 കോടി ഡോളറിനായിരുന്നു (ഏകദേശം 866 കോടി രൂപ).

2022 ലോകകപ്പ് സമയത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ കാഴ്ചക്കാരുണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. ഈ വൻ ജനപ്രീതി മുൻനിർത്തി 2026ലെ പുരുഷ ലോകകപ്പിന്റെയും 2027ലെ വനിതാ ലോകകപ്പിന്റെയും സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടത് 10 കോടി ഡോളർ (ഏകദേശം 963 കോടി രൂപ) ആയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നും ആരും ഈ തുകയ്ക്ക് താൽപര്യം കാണിക്കാതിരുന്നതിനെ തുടർന്ന് ഫിഫ തുക 3.5 കോടി ഡോളറായി (ഏകദേശം 337 കോടി രൂപ) കുത്തനെ കുറച്ചു. എന്നാൽ ഈ കുറഞ്ഞ തുകയ്ക്ക് പോലും കരാറെടുക്കാൻ നിലവിൽ ഇന്ത്യയിലെ മുൻനിര കായിക ചാനലുകളോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ മുന്നോട്ട് വന്നിട്ടില്ല.

∙ എന്തുകൊണ്ട് ഇന്ത്യയിൽ താൽപര്യമില്ല?ഇന്ത്യൻ മാധ്യമങ്ങൾ ഫിഫ ലോകകപ്പിൽ നിന്ന് പിന്നോട്ട് പോകാൻ പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്.

1. മത്സര സമയങ്ങളിലെ പ്രതിസന്ധി: 2026 ജൂൺ 12ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത് ‌യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ്. ആകെ നടക്കുന്ന 104 മത്സരങ്ങളിൽ വെറും 10 ശതമാനം മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർധരാത്രിക്കും പുലർച്ചെ 6 മണിക്കും ഇടയിലല്ലാതെ നടക്കുന്നത്. ബാക്കി 90% മത്സരങ്ങളും ഇന്ത്യക്കാർ ഉറങ്ങുന്ന സമയത്താണ് തത്സമയം സംപ്രേഷണം ചെയ്യേണ്ടി വരിക. ഈ സമയത്ത് ടിവിക്ക് മുന്നിൽ പ്രേക്ഷകർ കുറവായിരിക്കുമെന്നതിനാൽ വൻകിട കമ്പനികൾ പരസ്യങ്ങൾ നൽകാൻ മടിക്കും. ഇത് ബ്രോഡ്കാസ്റ്റർമാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

2. മറ്റു കായിക മാമാങ്കങ്ങളുടെ കടന്നുവരവ്: ഫിഫ ലോകകപ്പ് നടക്കുന്ന അതേ സമയത്തുതന്നെ ഇംഗ്ലണ്ടിൽ വച്ച് വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പd നടക്കുന്നുണ്ട്. ഇന്ത്യയിൽ ക്രിക്കറ്റിനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോൾ, കായികപ്രേമികളുടെ ശ്രദ്ധ ഫുട്ബോളിൽ നിന്നും മാറാൻ ഇത് കാരണമാകും.

3. ക്രിക്കറ്റിനായുള്ള വൻ നിക്ഷേപം: ഇന്ത്യയിലെ പ്രമുഖ കായിക ചാനലുകളെല്ലാം തന്നെ ഐപിഎൽ, ഐസിസി മത്സരങ്ങൾ എന്നിവയുടെ അടുത്ത ഏതാനും വർഷങ്ങളിലെ സംപ്രേഷണാവകാശത്തിനായി ഇതിനകം തന്നെ 1000 കോടി ഡോളറിലധികം (ഏകദേശം 96,000 കോടിയിലധികം രൂപ) നിക്ഷേപിച്ചു കഴിഞ്ഞു. ഇതിനാൽ ഫുട്ബോൾ പോലെയുള്ള മറ്റ് കായിക ഇനങ്ങൾക്കായി മാറ്റി വയ്ക്കാൻ അവരുടെ പക്കൽ വലിയ ബജറ്റ് ഇല്ല എന്നതാണ് യാഥാർഥ്യം.

∙ കോടതിയിലെത്തിയ കേസ്സ്വകാര്യ ചാനലുകൾ കൈവിട്ടതോടെ ഇന്ത്യൻ ആരാധകരുടെ ഏക പ്രതീക്ഷ ദൂരദർശനിലായിരുന്നു. 1998ലെ ലോകകപ്പാണ് ദൂരദർശൻ അവസാനമായി ഇന്ത്യയിൽ പൂർണമായി സംപ്രേഷണം ചെയ്തത്. ലോകകപ്പ് കാണാൻ സാധിക്കാതെ വരുമോ എന്ന ആശങ്കയിൽ അവ്ധേഷ് ബൈർവ എന്ന അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഈ ആഗോള കായികമാമാങ്കം ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ ഔദ്യോഗികമായി ആരും ഇല്ലാത്തത് ലക്ഷക്കണക്കിന് ജനങ്ങളുടെ വിനോദത്തിനുള്ള അവകാശത്തെ ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമായി ഇത് മാറുമെന്നും ഭരണഘടന ഉറപ്പുനൽകുന്ന വിവരങ്ങൾ അറിയാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇതെന്നും ഹർജിക്കാരൻ വാദിച്ചു. ദൂരദർശൻ, ഡിഡി സ്പോർട്സ് എന്നിവയിലൂടെ പ്രധാന മത്സരങ്ങൾ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് കേന്ദ്ര സർക്കാരിന്റെയും പ്രസാർ ഭാരതിയുടെയും നിലപാട് തേടിയപ്പോൾ പ്രസാർ ഭാരതി വ്യക്തമാക്കിയത് ഫിഫ ലോകകപ്പിന്റെ അവകാശം വാങ്ങുക എന്നത് തങ്ങളുടെ നിയമപരമായ ഉത്തരവാദിത്തമല്ല എന്നാണ്. ഇതോടെ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

∙ അവസാന നിമിഷത്തെ പ്രതീക്ഷയായി ‘അവ്നി എൽഎൽസി’ഇന്ത്യൻ ആരാധകർ നിരാശയിലാണ്ടിരിക്കെ, തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്ത യുഎസിൽനിന്നു പുറത്തുവന്നു. വാഷിങ്ടൻ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അവ്നി എൽഎൽസി’ എന്ന ഇന്ത്യ-യുഎസ് ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ ഇന്ത്യൻ സംപ്രേഷണാവകാശത്തിനായി രംഗത്തെത്തിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. 2026 ഫെബ്രുവരിയിൽ ഈ കമ്പനി 30 കോടി ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക ഗ്യാരണ്ടി ഫിഫയ്ക്ക് സമർപ്പിച്ചതായാണ് വിവരം. ഇന്ത്യയിലെ വൻകിട മാധ്യമങ്ങളോട് മത്സരിച്ച് തങ്ങളുടെ പങ്കാളിത്ത കമ്പനി ഈ ലേലം വിജയിച്ചതായി അവ്നി എൽഎൽസി അവകാശപ്പെടുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളോ ഇന്ത്യയിൽ ഇത് ഏത് ചാനൽ വഴിയാണ് ലഭ്യമാക്കുക എന്നതിനെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

∙ ഇന്ത്യയിലെ ഫുട്ബോൾ ഭ്രാന്ത്ഇന്ത്യയിൽ ക്രിക്കറ്റിനോളം വലിയൊരു കായിക ഇനം മറ്റൊന്നുമില്ലെങ്കിലും, ഫുട്ബോളിനും ഇവിടെ വലിയൊരു ആരാധകവൃന്ദമുണ്ട്. കേരളം, ബംഗാൾ, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ ഫുട്ബോൾ ജനപ്രിയ കായികവിനോദമാണ്. ഫിഫ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ മത്സരങ്ങൾ തത്സമയം കണ്ട രാജ്യങ്ങളിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. വിവിധ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ 74.5 കോടിയിലധികം ആരാധകരാണ് ഇന്ത്യയിൽ ലോകകപ്പ് ഫുട്ബോൾ ചർച്ച ചെയ്തത്.

ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടായിരുന്നു, ഏകദേശം 8.4 കോടി. ഇത് ഫുട്ബോളിന്റെ ഈറ്റില്ലങ്ങളായ ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളേക്കാൾ എത്രയോ കൂടുതലാണ്. ഡിജിറ്റൽ രംഗത്തും ഇന്ത്യ ചരിത്രം കുറിച്ചു. ഫൈനൽ മത്സരം മാത്രം റിലയൻസിന്റെ ജിയോ സിനിമയിൽ ഒരേസമയം 3.2 കോടി പേരാണ് കണ്ടത്. ടൂർണമെന്റിലാകെ 4000 കോടി മിനിറ്റുകളുടെ വാച്ച് ടൈം ജിയോ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.

∙ ആരാധകരുടെ നിലപാട്അവസാന നിമിഷമെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇത്തവണ ലോകകപ്പ് കാണാൻ ഔദ്യോഗികവും വിശ്വസനീയവുമായ വഴികളില്ലെന്നത് ഹൃദയഭേദകമാണ്. എന്നാൽ കളി കാണാതിരിക്കാൻ കഴിയില്ല. ഔദ്യോഗികമായി സംപ്രേഷണം ഇല്ലെങ്കിൽ വ്യാജ സ്ട്രീമിങ് ലിങ്കുകൾ വഴിയെങ്കിലും കളി കാണുമെന്നാണ് ആരാധകർ പറയുന്നത്.

English Summary:

FIFA World Cup broadcast rights India are successful question, leaving Indian shot fans anxious astir watching their favourite stars. Despite important viewership successful erstwhile tournaments, Indian broadcasters are hesitant to unafraid rights owed to assorted fiscal and logistical challenges, creating a broadcast situation for millions of passionate fans.

Read Entire Article