Published: February 14, 2026 07:24 AM IST
1 minute Read
മിലാനോ– കൊര്‍ടീന (ഇറ്റലി) ∙ ശൈത്യകാല ഒളിംപിക്സിനുള്ള അത്‌ലീറ്റുകള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജില്‍ ഗർഭനിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്ന് പരാതി. 2900 അത്ലീറ്റുകള്‍ക്കായി 10,000 ഗർഭനിരോധന ഉറകൾ സംഘാടകര്‍ എത്തിച്ചിരുന്നെങ്കിലും മൂന്നാം ദിവസം തന്നെ തീര്‍ന്നുപോയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായാണ് പ്രതിസന്ധിയുണ്ടായതെന്നും ഉടന്‍ പരിഹരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എന്നാൽ പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തിക്കാനാകുമെന്നതില്‍ സംഘാടകര്‍ക്കും നിശ്ചയമില്ല. ആയിരക്കണക്കിന് അത്‌ലീറ്റുകൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകര്‍ ഇത്രയധികം കോണ്ടം കരുതിയത്.
എന്നാല്‍ അത് വളരെ പെട്ടെന്ന് തീര്‍ന്നത് ആശങ്കയുണ്ടാക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പാരിസ് ഒളിംപിക്സില്‍ വലിയ തോതിലാണ് സംഘാടകര്‍ കോണ്ടം സംഭരിച്ചിരുന്നതും വിതരണം ചെയ്തതും. ഒളിംപിക്സിന്‍റെ തുടക്കത്തില്‍ തന്നെ അത്ലീറ്റുകള്ക്ക് ഇത്തരമൊരു ബുദ്ധിമുട്ടുണ്ടായത് നടത്തിപ്പിലും കല്ലുകടിയായിട്ടുണ്ട്. മതിയായ പ്ലാനിങ് നടന്നില്ലേയെന്നതിലടക്കം ആക്ഷേപം ഉയർന്നു.
ഒളിംപിക്സില്‍ കോണ്ടത്തിനെന്ത് കാര്യം?ഒളിംപിക്സ് വില്ലേജില്‍ കോണ്ടം ലഭ്യമാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും വളരെ ചെറിയ ഗെയിംസ് വില്ലേജില്‍ ലോകമെങ്ങും നിന്നുമുള്ള കായികതാരങ്ങളെത്തുമ്പോള്‍ ലൈംഗികാരോഗ്യം പരിപാലിക്കുന്നതിനുമാണ് ഇത്. ആഴ്ചകളോളം കടുത്തസമ്മര്‍ദമുള്ള അന്തരീക്ഷത്തില്‍ കായികതാരങ്ങള്‍ കഴിയുമ്പോള്‍ ഇതു ലഘൂകരിക്കുന്നതിനും കോണ്ടം അത്യാവശ്യമാണെന്നും കായികതാരങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം അത്‌ലീറ്റ് വില്ലേജിനും പ്രധാനമാണെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു. കോണ്ടം വിതരണമൊരു സാധാരണ കാര്യമാണെങ്കിലും സംഘാടകര്‍ നിനച്ചിരിക്കാതെ വലിയ മാധ്യമശ്രദ്ധയും കോണ്ടം വിതരണത്തിലേക്ക് കിട്ടാറുണ്ടെന്നതാണ് വാസ്തവം.
2024 ലെ പാരിസ് ഒളിംപിക്സില്‍ പങ്കെടുത്ത സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ട 10,500 കായികതാരങ്ങള്‍ക്കായി 2,00,000 വീതം കോണ്ടമാണ് വിതരണം ചെയ്തത്. മുന്‍പത്തെ ഒളിംപിക്സിലാവട്ടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 3,00,000 കോണ്ടവും വിതരണം ചെയ്തു. എന്നാല്‍ മിലാനിലെത്തിയപ്പോള്‍ ഇത് 10,000 ആയി ചുരുങ്ങി. ഇതോടെയാണ് പ്രതിസന്ധി ഉണ്ടായത്. കോവിഡ് മുന്‍കരുതലെന്ന നിലയില്‍ 2021ലെ ടോക്കിയോ ഒളിംപിക്സില്‍ കായികതാരങ്ങള്‍ അടുത്തിടപഴകുന്നത് വിലക്കിയിരുന്നു.
കൊര്‍ടീന ദംപെസോയില്‍ താല്‍കാലികമായാണ് ഒളിംപിക്സ് വില്ലേജ് നിര്‍മിച്ചിരിക്കുന്നത്. ലോകമെങ്ങും നിന്നുള്ള അത്ലീറ്റുകള്ക്ക് കഴിയാനായി മൊഡ്യൂലാര്‍ യൂണിറ്റുകളാണ് വീടുകളായി സജ്ജമാക്കിയിരിക്കുന്നത്. വളരെ കുറച്ച് മാത്രമാണ് സ്വകാര്യത ലഭിക്കുന്ന ഇടങ്ങളായി വില്ലേജിലുള്ളത്. അതേസമയം,വിശാലമായ കമ്യൂണല്‍ സ്പേസും അത്‌ലീറ്റ് വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 6നു തുടങ്ങിയ ശൈത്യകാല ഒളിംപിക്സ് 22ന് അവസാനിക്കും.
English Summary:







English (US) ·