‘കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേൾക്കാമായിരുന്നു, ഖത്തർ താരം ഡ്രസിങ് റൂമിലെത്തി മാപ്പു പറഞ്ഞു’: കാനഡ പരിശീലകൻ

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: June 19, 2026 11:31 PM IST

1 minute Read

 EMILEE CHINN / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
പരുക്കേറ്റ ഇസ്മായിൽ കോനെയെ ഗ്രൗണ്ടിൽനിന്ന് കൊണ്ടുപോകുന്നു. Photo: EMILEE CHINN / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

വാൻകൂവർ∙ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ഫിഫ ലോകകപ്പ് മത്സരത്തിൽ ഖത്തറിനെ കാന‍ഡ തകർത്തുവിട്ടത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡ് ഹാട്രിക് ഗോളുകൾ നേടിയതും കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരുടെ ഗോളുകളും ഖത്തറിന്റെ സെൽഫ് ഗോളുമാണ് കാന‍‍ഡയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. 29, 45+3, 90+2 മിനിറ്റുകളിലായിരുന്നു ജൊനാഥൻ ഡേവിഡിന്റെ ഗോളുകൾ. 75–ാം മിനിറ്റിൽ പന്തു പ്രതിരോധിക്കാൻ ശ്രമിച്ച മുഹമ്മദ് മനായിക്കു പിഴച്ചതോടെയാണു ഖത്തർ സെൽഫ് ഗോളും വഴങ്ങിയത്. കാനഡയുടെ അതിവേഗ നീക്കങ്ങളും ഗോളുകളും തടയുന്നതിൽ പാടുപെട്ട ഖത്തർ താരങ്ങൾ തുടർച്ചയായി ഫൗളുകൾ നടത്തിയത് മത്സരത്തിന്റെ നിറം കെടുത്തി. കാന‍ഡ താരം ഇസ്‍മായിൽ കോനെ ഗ്രൗണ്ടിൽ പരുക്കേറ്റു വീണതോടെ ഖത്തറിന് വൻതോതിൽ ആരാധക പ്രതിഷേധവും ഗ്രൗണ്ടിൽവച്ച് നേരിടേണ്ടിവന്നിരുന്നു.

What you should work next

ഇപ്പോഴിതാ കോനെയുടെ പരുക്കിനെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് കാനഡ പരിശീലകൻ ജെസ്സെ മാർഷ്. അപ്രതീക്ഷിതമായുണ്ടായ പരുക്കിൽ ടീമാകെ ഉലഞ്ഞുപോയതായി മാർഷ് മത്സര ശേഷം പ്രതികരിച്ചു. ‘‘ആ പരുക്കു ഞങ്ങളുടെ തൊട്ടു മുൻപിലായിട്ടായിരുന്നു സംഭവിച്ചത്. കോനെയുടെ എല്ലൊടിയുന്ന ശബ്ദം എല്ലാവർക്കും കേൾക്കാമായിരുന്നു. കാനഡ ടീം ഒന്നാകെ ഉലഞ്ഞുപോയ സംഭവമാണിത്. പരുക്കിന്റെ സ്വഭാവമാണ് അതിനു കാരണം. ഇസ്മായിൽ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്. അദ്ദേഹം കളിക്കാനില്ലാത്തത് കാനഡയ്ക്കു വലിയ നഷ്ടമാണ്. അതു സംഭവിച്ചപ്പോൾ കാനഡ താരങ്ങളുടെ അവസ്ഥ എന്തായിരുന്നെന്ന് എല്ലാവരും കണ്ടതാണ്. എന്നാൽ ഞങ്ങൾക്കു തുടർന്നും ശ്രദ്ധയോടെ കളിക്കണമായിരുന്നു. ഹൈ‍‍ഡ്രേഷൻ ബ്രേക്കിന്റെ സമയത്തു ഞാൻ താരങ്ങളോടു പറഞ്ഞതും അതാണ്. ഈ മത്സരം നമുക്കു നന്നായി തന്നെ ഫിനിഷ് ചെയ്യണം. താരങ്ങൾ അതു ശരിയായി നടപ്പാക്കി.’’– കാന‍ഡ പരിശീലകൻ പറഞ്ഞു.

കോനെയ്ക്ക് ഇത്ര വലിയ പരുക്കു സംഭവിക്കുമെന്ന് ഖത്തർ താരം മാഡിബോ ഒരിക്കലും കരുതിക്കാണില്ലെന്നും കാനഡ പരിശീലകൻ പറഞ്ഞു. മത്സരത്തിനു ശേഷം ഖത്തർ താരം കാനഡയുടെ ഡ്രസിങ് റൂമിലെത്തി മാപ്പു പറഞ്ഞിരുന്നതായാണ് പരിശീലകൻ പ്രതികരിച്ചത്. ‘‘ഇത്രയും ഗുരുതരമായ ടാക്കിൾ സംഭവിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിക്കാണില്ല. അതിന്റെ പേരിൽ അദ്ദേഹത്തെ പഴിക്കാൻ ഞാനില്ല.’’– മാർഷ് വ്യക്തമാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 53–ാം മിനിറ്റിലാണ് ഇസ്മായിൽ കോനെ ഗ്രൗണ്ടിൽ പരുക്കേറ്റു വീണത്. അസിം മാഡിബോയുടെ ഫൗളിൽ കോനെയുടെ കാൽമുട്ടിനു താഴെക്കുള്ള എല്ല് ഒടിയുകയായിരുന്നു. വേദനയിൽ പുളയുന്ന താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോനെയുടെ പരുക്ക് ഡോക്ടർമാരെത്തി പരിശോധിക്കുമ്പോൾ കാനഡ താരങ്ങൾ ചുറ്റും കൂടിനിന്ന് വലയമൊരുക്കിയിരുന്നു.

What you should work next

സ്ട്രച്ചറിലാണ് കോനെയെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. താരത്തിന്റെ പരുക്കു കണ്ട കാനഡ പരിശീലകൻ കരയുന്ന ദ‍ൃശ്യങ്ങളും വൈറലാണ്. ഖത്തർ താരം അസിം മാ‍‍ഡിബോയ്ക്ക് ആദ്യം യെല്ലോ കാർഡാണു നൽ‍കിയത്. പിന്നീട് ‘വാർ’ പരിശോധനകൾക്കു ശേഷം അത് റെഡ് കാർഡാക്കി. ഇസ്മായിൽ കോനെയ്ക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരുക്കിനു പിന്നാലെ വാൻകൂവറിലെ ആശുപത്രിയിലെത്തിയ കോനെയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അഞ്ചു മാസത്തോളം താരത്തിനു വിശ്രമം ആവശ്യമായി വരുമെന്നാണു വിവരം.

English Summary:

Canada vs Qatar FIFA World Cup saw a ascendant Canadian broadside unafraid a monolithic 6-0 victory, highlighted by Jonathan David's superb hat-trick. However, the triumph was overshadowed by a devastating limb wounded to midfielder Ismaël Koné, who volition beryllium sidelined for 5 months pursuing a terrible tackle.

Read Entire Article