Published: July 25, 2026 09:58 AM IST
1 minute Read
ഗ്ലാസ്ഗോ ∙ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. പുരുഷന്മാരുടെ പാരാ ഹെവിവെയ്റ്റ് പവർലിഫ്റ്റിങ്ങിൽ ജാന്ദു കുമാർ വെങ്കലം നേടി. വിവിധ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ ഇന്ത്യൻ ക്യാംപിൽ ആവേശം നിറച്ചാണ് ജാന്ദു കുമാറിന്റെ മെഡൽ നേട്ടം. രണ്ടാം ശ്രമത്തിൽ 190 കിലോഗ്രാം ഉയർത്തിയാണ് ജാന്ദുവിന്റെ മെഡൽ വിന്നിങ് പ്രകടനം. അവസാനഘട്ടം വരെ ജാന്ദു ഒന്നാമതായിരുന്നെങ്കിലും ഒടുവിൽ വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വരുകയായിരുന്നു.
What you should work next
ബിഹാറിലെ നളന്ദ ജില്ലയിലെ ഹർനൗട്ട് സ്വദേശിയാണ് ജാന്ദു കുമാർ. പച്ചക്കറി വ്യാപാരിയുടെ മകനായ ജാന്ദു, ജന്മനാ പോളിയോ ബാധിതനാണ്. സാമ്പത്തികവും ശാരീരികവുമായ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ജാന്ദുവിന്റെ വരവ്. ഷോട്ട്പുട്ടിലൂടെയും ഡിസ്കസ് ത്രോയിലൂടെയുമാണ് ജാന്ദു കായിക ജീവിതം ആരംഭിച്ചത്. 2017ൽ കരിയർ ആരംഭിച്ചപ്പോൾ, ഈ കായിക ഇനങ്ങളിലെ എഫ്55 വിഭാഗത്തിലാണ് ജാന്ദു മത്സരിച്ചിരുന്നത്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മെഡലുകളും നേടിയിട്ടുണ്ട്. പിന്നീട് നിരന്തരമായ ജിം വർക്കൗട്ടാണ് പവർലിഫിറ്റിങ്ങിൽ താൽപര്യം ജനിപ്പിച്ചത്.
ജാന്ദുവിന്റെ മെഡൽ നേട്ടത്തിന് പുറമെ ആദ്യ ദിവസം ഇന്ത്യയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. പുരുഷ നീന്തലിൽ ഒളിംപ്യൻ ശ്രീഹരി നടരാജ് 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ സെമിയിൽ കടന്നു. യോഗ്യത നേടിയ 16 പേരിൽ 14–ാം സ്ഥാനത്താണ് ശ്രീഹരി. ഇന്നാണ് ഈയിനത്തിലെ ഫൈനലും.വനിതകളുടെ ലോൺബോളിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് തുടർച്ചയായ രണ്ടാം വിജയം നേടി. പവർലിഫ്റ്റിങ്ങില്‍ പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് വിഭാഗത്തിൽ അശോക് മാലിക് 143.8 പോയിന്റോടെ നാലാമതാണ് ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ടിന്റെ മാർക്ക് സ്വാൻ (153.9) സ്വർണം നേടി. മറ്റൊരു ഇന്ത്യൻ താരം പരംജീത് കുമാർ (135.6) ഏഴാം സ്ഥാനത്തായി.
കഴിഞ്ഞ ഗെയിംസിൽ പുരുഷന്മാരുടെ ഹെവിവെയ്റ്റിൽ സുധീറിലൂടെ ഇന്ത്യ സ്വർണം നേടിയിരുന്നു. എന്നാൽ, ഉത്തേജക പരിശോധനാ ചട്ടലംഘനത്തിന് ഈ മെഡൽ റദ്ദാക്കപ്പെട്ടു. സുധീർ രണ്ടു വർഷത്തെ വിലക്കു നേരിടേണ്ടി വരികയും ചെയ്തു. പാരാ നീന്തലിൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 വിഭാഗത്തിൽ ഹീറ്റ്സിൽ മത്സരിച്ച എട്ടുപേരും ഫൈനലിനു യോഗ്യത നേടി. കാഴ്ച വൈകല്യമുള്ള കായികതാരങ്ങളുടെ വിഭാഗമാണ് എസ്.13. ഇന്ത്യയുടെ ആർ.വി.വി.ബി.കെ. ബുദിഗിനയും ഇമാം അലിയും ഇതിലുണ്ട്.
ഇത്തവണ ചെലവു ചുരുക്കലിന്റെ ഭാഗമായി മത്സരങ്ങൾ വെട്ടിക്കുറച്ചപ്പോൾ ഇന്ത്യയ്ക്കു മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിന്റൻ, ഷൂട്ടിങ്, ഗുസ്തി, ഹോക്കി തുടങ്ങിയവ ഒഴിവാക്കി. ഇതാണ് ഇന്ത്യയുടെ പ്രകടനം മങ്ങാൻ കാരണം.
English Summary:






English (US) ·