കോമൺവെൽത്ത് ഗെയിംസിനു ഗ്ലാസ്ഗോയിൽ തുടക്കം, മെഡൽ ഉറപ്പിച്ച് ലവ്‌ലിന ബോർഗോഹെയ്ൻ

9 hours ago 1

ഗ്ലാസ്ഗോ ∙ തണുപ്പും മഴയും സമാസമം ചാലിച്ച അന്തരീക്ഷമാണു സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ. പകൽ അവസാനിക്കാൻ രാത്രി 9 വരെ കാത്തിരിക്കേണ്ട നഗരത്തിൽ, ഇന്നലെ ആരംഭിച്ച കോമൺവെൽത്ത് ഗെയിംസ് മത്സരാഘോഷം രാത്രി വൈകിയും നീണ്ടു. ഇനിയുള്ള 11 ദിവസം ഇവിടെ മത്സരച്ചൂട് അതിന്റെ പാരമ്യത്തിലെത്തും. 74 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം അത്‌ലീറ്റുകൾ മെഡൽ വേട്ടയ്ക്കിറങ്ങുന്ന 23–ാം കോമൺവെൽത്ത് ഗെയിംസ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 

കോമൺവെൽത്ത് രാജ്യങ്ങളുടെ ‘ഒളിംപിക്സിന്’ രണ്ടാം തവണയും വേദിയാകുന്ന ഗ്ലാസ്ഗോയിലെ ഹൈഡ്രോ അരീനയിലാണ് ഉദ്ഘാടനച്ചടങ്ങ് അരങ്ങേറിയത്. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. വെയ്റ്റ്ലിഫ്റ്റിങ് താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്നും ചേർന്നാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്. കഴിഞ്ഞ 5 കോമൺവെൽത്ത് ഗെയിംസുകളിൽ നാലിലും ഓസ്ട്രേലിയ ചാംപ്യൻമാരായപ്പോൾ 2014ൽ ഗ്ലാസ്ഗോയിൽ ബ്രിട്ടനായിരുന്നു ജേതാക്കൾ. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിലെ രണ്ടാം സ്ഥാനമാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനം. മത്സരങ്ങൾ ഇന്നുമുതൽ ആരംഭിക്കും.

OPENING CEREMONY-CGAMES-2026

ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്‍ഞി കാമിലയും കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ. Photo by OLI SCARFF / AFP

സ്കോട്ട്ലൻഡിന്റെ സാംസ്കാരിക, സംഗീത വൈവിധ്യങ്ങൾ വിളിച്ചോതുന്നതായിരുന്നു പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങുകൾ. ഗ്രാമി നോമിനേഷന്‍ ലഭിച്ച കെ.ടി. ടൻസ്റ്റാൾ, ടോം വാൾക്കർ, നിന നെസ്ബിത്ത്, കലും ബീറ്റി, നേഥൻ ഇവാൻസ് എന്നിവരുടെ പ്രകടനങ്ങൾ അരങ്ങേറി. സ്കോട്ടിങ് ബാന്‍ഡ് വാൾട്ടോസിന്റെ സംഗീതത്തിന്റെ അകമ്പടിയായാണ് ടീമുകൾ വേദിയിലേക്കു മാർച്ച് ചെയ്തത്.

cwg-1

ഉദ്ഘാടനച്ചടങ്ങിൽ മാർച്ചു ചെയ്ത ഇന്ത്യൻ സംഘം

കോമൺവെൽത്ത് ഗെയിംസിലെ ബോക്സിങ് റിങ്ങിൽ എത്തും മുൻപേ ഇന്ത്യയ്ക്കു മെഡൽ സമ്മാനിച്ചിരിക്കുകയാണ് വനിതാ താരം ലവ്‌ലിന ബോർഗോഹെയ്ൻ. 75 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന ലവ്‌ലിനയക്കു സെമി ഫൈനലിലേക്കു നേരിട്ട് എൻട്രി ലഭിച്ചതോടെയാണ് ഇന്ത്യ മെ‍ഡൽ ഉറപ്പിച്ചത്. ഒരാൾ പിന്മാറിയതിനാൽ 5 പേരായി മത്സരം ചുരുങ്ങിയതോടെയാണ് ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെ‍ഡൽ ജേതാവായ ലവ്‌ലിനയ്ക്കു സെമിയിലേക്കു ‍‍ഡയറക്ട് ടിക്കറ്റ് ലഭിച്ചത്. ഈ മാസം 31നാണ് സെമിഫൈനൽ. സെമിയിൽ പുറത്തായാലും ലവ്‌ലിനയ്ക്കു വെങ്കല മെഡൽ ലഭിക്കും. ഒളിംപിക്സ്, ലോക ചാംപ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പുകൾ എന്നിവയിൽ മെഡൽ നേടിയ ഇരുപത്തിയെട്ടുകാരി ലവ്‌ലിനയ്ക്കു ഇതോടെ കോമൺവെൽത്ത് ഗെയിംസിലും തന്റെ മെ‍ഡൽ നേട്ടം ആവർത്തിക്കാം.

cwg-2

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽനിന്ന്

∙ ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങൾ

1. മെഡൽ മത്സരങ്ങൾ

∙ പാരാ പവർലിഫ്റ്റിങ്

പുരുഷ വിഭാഗം ലൈറ്റ്‌വെയ്റ്റ് ഫൈനൽ – വൈകിട്ട് 5.30

വനിതാ വിഭാഗം ലൈറ്റ്‌വെയ്റ്റ് ഫൈനൽ – വൈകിട്ട് 5.30

പുരുഷ വിഭാഗം ഹെവിവെയ്റ്റ് ഫൈനൽ – രാത്രി 10.30

വനിതാ വിഭാഗം ഹെവിവെയ്റ്റ് ഫൈനൽ – രാത്രി 10.30

∙ ജിംനാസ്റ്റിക്സ്

പുരുഷ ടീം ഫൈനൽ – ഉച്ചകഴിഞ്ഞ് 2.30

2. മറ്റു മത്സരങ്ങൾ

ബോക്സിങ് – ഉച്ചകഴിഞ്ഞ് 3.30

നീന്തൽ – ഉച്ചകഴിഞ്ഞ് 2.15

English Summary:

Commonwealth Games Glasgow officially opened with a vibrant ceremonial successful Scotland, featuring athletes from 74 nations competing for medals. The lawsuit promises 11 days of aggravated competition, with India's Loveleena Borgohain already securing a medal successful boxing.

Read Entire Article