കോമൺവെൽത്ത് ഗെയിംസിനു സമാപനം, അടുത്ത ഗെയിംസ് 2030 ൽ അഹമ്മദാബാദില്‍

1 month ago 7

മനോരമ ലേഖകൻ

Published: August 03, 2026 02:22 PM IST

1 minute Read

WhatsAppImage2026-08-03at10-45-37AM-jpeg
നെക്സ്റ്റ് സ്റ്റോപ്: അഹമ്മദാബാദ്... 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യയുടെ പതാകയും ഇന്നലെ അവസാനിച്ച ഗെയിംസിന് ആതിഥേയരായ സ്കോട്‌ലൻഡിന്റെ പതാകയുമായി സ്കോട്ടിഷ് ജിംനാസ്റ്റിക്സ് താരം റൂബൻ വാർഡ്, കോമൺവെൽത്ത് ഗെയിംസ് സ്കോട്‌ലൻഡ് സിഇഒ ജോൻ ഡ്യോഗ്, കോമൺവെൽത്ത് സ്പോർട്സ് സിഇഒ കാറ്റി സാഡ്‌ലർ, പ്രസിഡന്റ് ഡോണൾഡ് റുഖറെ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, സിഇഒ രഘുറാം അയ്യർ, ലോങ് ജംപ് താരം എം.ശ്രീശങ്കർ എന്നിവർ. 2030 ഗെയിംസിന് വേദിയൊരുക്കുന്ന അഹമ്മദാബാദിലെ കൈറ്റ് ഫെസ്റ്റിവലിനെ സൂചിപ്പിച്ചാണ് ഇരു രാജ്യങ്ങളും തങ്ങളുടെ പതാക പട്ടത്തിന്റെ രൂപത്തിൽ അവതരിപ്പിച്ചത്.

ഗ്ലാസ്ഗോ ∙ അഹമ്മദാബാദിൽ അടുത്ത കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആവേശം പകർന്ന് ഗ്ലാസ്ഗോ ഗെയിംസ് സമാപനം. 2022ലെ ബർമിങ്ങാം ഗെയിംസിലെ നാലാം സ്ഥാനം ഗ്ലാസ്ഗോയിലും ഇന്ത്യ നിലനിർത്തി. അന്ന് 22 സ്വർണമുൾപ്പെടെ 61 മെഡലുകൾ; ഇത്തവണ 13 സ്വർണമുൾപ്പെടെ 39 മെഡലുകൾ. കായിക ഇനങ്ങളുടെ എണ്ണത്തിൽ വന്ന കുറവുകൊണ്ടാണ് മെഡലുകളുടെ എണ്ണവും കുറഞ്ഞത്. 2022ൽ 19 ഇനങ്ങളുണ്ടായിരുന്നപ്പോൾ ഇത്തവണ പാരാ സ്പോർട്സ് ഉൾപ്പെടെ 16 ഇനങ്ങൾ മാത്രം. ഇന്ത്യയ്ക്കു മെഡൽ സാധ്യതയുള്ള ഗുസ്തി ഉൾപ്പെടെയുള്ള ഇനങ്ങൾ ഒഴിവാക്കിയിട്ടും നാലാം സ്ഥാനം നിലനിർത്താനായത് നേട്ടമാണ്.

ആവേശം, അഭിമാനം

കോമൺവെൽത്ത് ഗെയിംസ് വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ ഹാട്രിക് സ്വർണ നേട്ടത്തോടെ മീരാബായ് ചാനു ഗ്ലാസ്ഗോയിൽ ചരിത്രമെഴുതി. വെയ്റ്റ്ലിഫ്റ്റിങ്ങിൽ മാത്രം ഇന്ത്യ സ്വന്തമാക്കിയത് 8 മെഡലുകൾ.

ഇത്തവണ ഇന്ത്യയുടെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചത് വനിതാ താരങ്ങളാണ്. 13 സ്വർണത്തിൽ എട്ടും വനിതകളുടെ വക. അതിൽ 5 സ്വർണം ബോക്സിങ്ങിൽ വനിതകൾ ഇടിച്ചു നേടിയത്. ബോക്സിങ് റിങ്ങിലാണ് ഇന്ത്യ ഏറ്റവുമധികം വിജയം ആഘോഷിച്ചതും; 7 സ്വർണമുൾപ്പെടെ 10 മെഡലുകൾ. ഗെയിംസ് ബോക്സിങ്ങിൽ ആദ്യമായാണ് ഒരു രാജ്യം 7 സ്വർണം നേടുന്നത്. ഗെയിംസിൽ ഇതുവരെ ഇന്ത്യ സ്വർണം നേടാത്ത ജൂഡോയിൽ 2 സ്വർണം ഉൾപ്പെടെ 4 മെഡലുകൾ നേടി.

അത്‌ലറ്റിക്സിൽ 2022ലെ 8 മെഡലുകൾ പത്തായി ഉയർന്നെങ്കിലും തണുപ്പും കാറ്റും നിറഞ്ഞ പ്രതികൂല കാലാവസ്ഥ സ്വർണ നേട്ടത്തിനു തടസ്സമായി. ലോങ്ജംപിൽ എം. ശ്രീശങ്കറും ഹൈജംപിൽ സർവേഷ് കുഷാരെയും സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും കാലാവസ്ഥ വെല്ലുവിളിയായി. ജാവലിൻത്രോയിൽ വെള്ളി മെഡൽ നേടിയെങ്കിലും ഒളിംപ്യൻ നീരജ് ചോപ്രയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല.

എന്നാൽ, ദീർഘദൂര ഓട്ടത്തിൽ ഗുൽവീർ സിങ്ങും (ഒരു വെള്ളി, ഒരു വെങ്കലം), ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേലും (വെള്ളി), ജാവലിൻ ത്രോയിൽ യശ്‌വീർ സിങ്ങും (വെങ്കലം), ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കറും (വെങ്കലം), ഡിസ്കസ് ത്രോയിൽ സീമയും (വെങ്കലം) നേടിയ മെഡലുകൾ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും പ്രതീക്ഷ നൽകുന്നു.

പവറോടെ പാരാ സ്പോർട്സ്

മലയാളി താരം മുഹമ്മദ് ബാസിൽ ഉൾപ്പെടെയുള്ള പാരാ അത്‌ലീറ്റുകളുടെ പ്രകടനമാണ് ഇന്ത്യയുടെ ഗ്ലാസ്ഗോ സ്പെഷൽ. 20 വർഷത്തെ മെ‍ഡൽ ക്ഷാമം അവസാനിപ്പിച്ച് പാരാ അത്‌ലറ്റിക്സിൽ ഇന്ത്യ നേടിയത് 3 സ്വർണമുൾപ്പെടെ 6 മെഡലുകൾ. പാരാ പവർലിഫ്റ്റിങ്ങിൽ ഝണ്ഡു കുമാറിന്റെ വെങ്കലം കൂടി ചേർത്താൽ പാരാ സ്പോർട്സിലെ നേട്ടം 7 മെഡലുകൾ. ഗ്ലാസ്ഗോയ്ക്കു മുൻപു നടന്ന കോമൺവെൽത്ത് ഗെയിംസുകളിൽ നിന്നായി ഇന്ത്യയ്ക്ക് ആകെ കിട്ടിയത് 7 മെഡലുകൾ മാത്രം. 100 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് ബാസിൽ നേടിയ വെള്ളി രാജ്യാന്തര തലത്തിൽ ഒരു മലയാളി പാരാ അത്‌ലീറ്റിന്റെ ഏറ്റവും മികച്ച പ്രകടനമാണ്.

English Summary:

Commonwealth Games Glasgow concluded with India maintaining its fourth-place ranking, a feat achieved contempt a reduced fig of sports and the exclusion of immoderate medal-prospecting events. This show provides important momentum for India arsenic it prepares to big the Commonwealth Games successful Ahmedabad successful 2030.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article