Published: June 06, 2026 06:06 PM IST Updated: June 06, 2026 09:23 PM IST
1 minute Read
മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്നു പുറത്തായ സൂപ്പർ താരം വിരാട് കോലിക്കു പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഓപ്പണർ ബാറ്റർ യശസ്വി ജയ്സ്വാളിനെയാണ് കോലിക്കു പകരമായി ടീമിലുൾപ്പെടുത്തിയത്. ഇംഗ്ലണ്ട്/അയർലൻഡ് ട്വന്റി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനൊപ്പം ചീഫ് സെലക്ടർ അജിത് അഗാർക്കർ തന്നെയാണ് കോലിക്കു പകരക്കാരനെയും പ്രഖ്യാപിച്ചത്. ദേവ്‌ദത്ത് പടിക്കൽ, സായ് സുദർശൻ തുടങ്ങിയവരെയും പരിഗണിച്ചിരുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും ഒടുക്കം ജയ്‌സ്വാളിനു തന്നെ നറുക്കു വീഴുകയായിരുന്നു.
അഫ്‌ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും ജയ്‌സ്വാളുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും കോലിക്കു നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. പരുക്ക് ഭേദമാകാൻ ആറാഴ്ച വരെ സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. മറ്റൊരു സൂപ്പർ രോഹിത് ശർമയും അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. ഫിറ്റ്നസ് തെളിയിച്ചെങ്കിൽ മാത്രമേ താരത്തിനു കളിക്കാനാകൂ.
അതേസമയം, ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ്സ് അയ്യരെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിനു പിൻഗാമിയായാണ് ശ്രേയസ്സ് ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകുന്നത്. മോശം ഫോമിലുള്ള സൂര്യകുമാറിനെ ടീമിൽനിന്നും ഒഴിവാക്കി. ഐപിഎലിൽ മിന്നും പ്രകടനം കാഴ്ചവച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ടീമിലുൾപ്പെടുത്തി. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. വൈഭവിനെ കൂടാതെ പ്രിൻസ് യാദവാണ് ട്വന്റി20 ടീമിലേക്ക് ആദ്യമായി വിളിയെത്തിയ മറ്റൊരു താരം. ഐപിഎലിലെ മികച്ച പ്രകടനാണ് ലക്നൗ സൂപ്പർ ജയന്റ്സ് പേസറിനു തുണയായത്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലും താരം സ്ഥാനം പിടിച്ചിരുന്നു.
ഓൾറൗണ്ടർമാരായ ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, സ്പിന്നർ രവി ബിഷ്ണോയ് എന്നിവരാണ് ടീമിലേക്ക് മടങ്ങിയെത്തിയ മറ്റു താരങ്ങൾ. പരുക്കിനെ തുടർന്നാണ് ഹർഷിത് റാണയ്ക്ക് ട്വന്റി20 ലോകകപ്പ് നഷ്ടമായത്. പകരം മുഹമ്മദ് സിറാജ് ടീമിലെത്തുകയായിരുന്നു. അതേസമയം, സൂര്യകുമാറിനെ കൂടാതെ മറ്റു മൂന്നു താരങ്ങൾ കൂടി ട്വന്റി20 ടീമിൽനിന്നു പുറത്തായി. ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, കുൽദീപ് യാദവ് എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. പരുക്കിനെ തുടർന്നാണ് ഹാർദിക്കിനെ പരിഗണിക്കാതിരുന്നത്. വർക്‌ലോഡ് മാനേജ്മെന്റിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ ഗെയിംസിൽ മാത്രമാണ് ജസ്‍പ്രീത് ബുമ്ര കളിക്കുക. ഏഷ്യൻ ഗെയിംസ് ടീമിൽ സിറാജില്ല.
അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, പ്രിൻസ് യാദവ്, രവി ബിഷ്‌നോയ്, അർഷ്ദീപ് സിങ്
2026ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), നിതീഷ് റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, രവി ബിഷ്ണോയ്
English Summary:





English (US) ·