കോലിയുടെ തകർത്തടി, 38 പന്തിൽ 69, അർധ സെഞ്ചറിയുമായി മലയാളി താരം; ആർസിബിക്ക് ആറു വിക്കറ്റ് വിജയം

2 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: March 28, 2026 03:44 PM IST Updated: March 28, 2026 11:26 PM IST

2 minute Read

CRICKET-IND-IPL-T20-BENGALURU-HYDERABAD
വിരാട് കോലിയുടെ ബാറ്റിങ്. Photo: AFP

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ വിജയത്തിലെത്തി. സൂപ്പർ താരം വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും അർധ സെഞ്ചറി നേടി. 38 പന്തുകൾ നേരിട്ട കോലി അഞ്ച് വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 69 റൺസുമായി പുറത്താകാതെനിന്നു. ഹർഷൽ പട്ടേലിന്റെ 16–ാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ആര്‍സിബിയുടെ വിജയ റൺസ് കുറിച്ചതും കോലിയാണ്.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസെടുത്തു പുറത്തായി. 21 പന്തുകളിലാണ് പടിക്കല്‍ അര്‍ധ സെഞ്ചറിയിലെത്തിയത്. ഐപിഎലിൽ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. ക്യാപ്റ്റൻ രജത് പാട്ടീദാർ (12 പന്തിൽ 31), ടിം ഡേവിഡ് (10 പന്തിൽ 16) എന്നിവരും ആർസിബിക്കു വേണ്ടി തിളങ്ങി. ആർസിബി ചേസ് ചെയ്തു വിജയിക്കുന്ന ഏറ്റവും മികച്ച മൂന്നാമത്തെ സ്കോറാണിത്. 

ക്യാപ്റ്റൻ ഇഷാൻ കിഷന്റെ അർധ സെഞ്ചറി പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും (11), അഭിഷേക് ശർമയും (ഒൻപത്) വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കാതെ പുറത്തായപ്പോഴായിരുന്നു രക്ഷാപ്രവർത്തനവുമായി വൺഡൗൺ ഇറങ്ങിയ ഇഷാൻ കിഷന്‍ അവതരിച്ചത്. 38 പന്തുകൾ നേരിട്ട താരം 80 റൺസെടുത്തു പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസ്.

അഞ്ച് സിക്സുകളും എട്ട് ഫോറുകളുമാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇഷാൻ ബൗണ്ടറി കടത്തിയത്. ഹെൻറിച് ക്ലാസൻ (22 പന്തിൽ 31), അനികേത് വർമ (18 പന്തിൽ 43) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്കോറർമാർ. മത്സരത്തിന്റെ മൂന്നാം ഓവറിൽ അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവരെ വീഴ്ത്തി ജേക്കബ് ഡഫിയാണ് ആർസിബിക്കു മികച്ച തുടക്കം നൽകിയത്. നിതീഷ് കുമാർ റെ‍ഡ്ഡിയും (ഒന്ന്) ഡഫിയുടെ പന്തിൽ പുറത്തായതോടെ 29 റൺസെടുക്കുന്നതിനിടെ ഹൈദരാബാദിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ 49 റൺസാണ് ഹൈദരാബാദ് നേടിയത്. തകർത്തടിച്ച ഇഷാനൊപ്പം ഹെൻറിച് ക്ലാസൻ കൂടി ചേർന്നതോടെ ഹൈദരാബാദ് സ്കോർ ഉയർത്തി. 11.3 ഓവറിലാണ് സൺറൈസേഴ്സ് 100 പിന്നിട്ടത്.

സ്കോർ 126 ൽ നിൽക്കെ ക്ലാസനെ റൊമാരിയോ ഷെഫേഡ് ഫിൽ സോൾട്ടിന്റെ കൈകളിലെത്തിച്ചു. മധ്യനിരയിൽ സലിൽ അറോറ ഒൻപതു റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിനെ സുരക്ഷിത നിലയിലെത്തിച്ച ശേഷമാണ് ഇഷാൻ കിഷന്റെ മടക്കം. അഭിനന്ദൻ സിങ്ങിന്റെ പന്തിൽ ഫിൽ സോൾട്ടിന്റെ ക്യാച്ചിൽ ഹൈദരാബാദ് ക്യാപ്റ്റൻ പുറത്തായി. ഇതോടെ ഹൈദരാബാദിന്റെ റണ്ണൊഴുക്കിന്റെ വേഗതയും കുറഞ്ഞു. വാലറ്റം പൊരുതിയില്ലെങ്കിലും അനികേത് വർമയുടെ ചെറുത്തുനിൽപ്പാണ് ഹൈദരാബാദിനെ 190 കടത്തിയത്. നാലു സിക്സുകളും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ താരത്തെ റൊമാരിയോ ഷെഫേഡ് 19–ാം ഓവറിലെ അവസാന പന്തിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. ഇന്നിങ്സിന്റെ അവസാന പന്തിൽ ഡബിൾ ഓടിയ ജയ്ദേവ് ഉനദ്ഘട്ട് ഹൈദരാബാദിനെ 200 കടത്തി. ആർസിബിക്കായി ജേക്കബ് ഡഫിയും റൊമാരിയോ ഷെഫേഡും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിങ്, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റുകള്‍ വീതം നേടി.

CRICKET-IND-IPL-T20-BENGALURU-HYDERABAD

അർധ സെഞ്ചറി നേടിയ ഇഷാൻ കിഷന്റെ ആഹ്ലാദം

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ‍– അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹെൻറിച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്ഘട്ട്, ഇഷാൻ മലിംഗ. 

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് ഇലവൻ– വിരാട് കോലി, ഫിൽ സോൾട്ട്, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെഫേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിങ്, ജേക്കബ് ഡഫി, സുയാഷ് ശർമ.

English Summary:

IPL 2026 Live Updates: RCB vs SRH Live Score

Read Entire Article