‘കോൺക്രീറ്റിനു മേലെ കളിക്കുന്നതു പോലെ’; ന്യൂജഴ്സി സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് പരാതിയുമായി ടീമുകൾ

3 weeks ago 4

എസ്.പി. ശരത്

എസ്.പി. ശരത്

Published: June 27, 2026 01:34 PM IST

1 minute Read

WhatsAppImage2026-06-27at11-38-26AM-1--jpeg

ന്യൂജഴ്സി സ്റ്റേഡിയത്തിലെ പ്രസ് ബോക്സിന്റെ വിശാലതയിലിരുന്നു താഴേക്കു നോക്കിയാൽ മത്സരത്തിനു മുൻപും ശേഷവും കൗതുകകരമായ ചില കാഴ്ചകൾ കാണാം. കുട്ടികൾക്കു പിന്നാലെ രക്ഷിതാക്കൾ മുഴുവൻ സമയവും ഓടുന്നതു പോലെ ഗ്രൗണ്ട് സ്റ്റാഫ് സദാസമയവും പിച്ചിന്റെ പരിചരണത്തിനുള്ള ഓട്ടമാണ്. സ്ഥിരമായി മഴയത്തു നിർത്തിയിരിക്കുന്ന മട്ടിൽ എപ്പോഴും വെള്ളം നനച്ചു കൊണ്ടിരിക്കും. കളിക്കാർ പിച്ചിന്റെ പുറത്തേക്കു കാൽവച്ചാലുടൻ ഓടിയെത്തി ഓരോ ഇഞ്ചും പരിശോധിക്കും. പിന്നെ, കേടുപാടുകൾ തീർക്കുന്നു, പുല്ലിന്റെ നീളമളക്കുന്നു, കണക്കുകൾ‍ നോട്ട്പാഡിൽ എഴുതിയെടുക്കുന്നു, ചെറു കൊടികൾ ഗ്രൗണ്ടിൽ നാട്ടുന്നു, ലോൺമൂവർ ഓടിക്കുന്നു...

ഇതൊക്കെ ലേശം ഓവറല്ലേ എന്നു തോന്നുമെങ്കിലും സംഭവം സീരിയസാണ്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ അമേരിക്കൻ ഫുട്ബോൾ ടർഫ് പൊളിച്ചു മാറ്റി ലോകകപ്പിനു വേണ്ടി ഉണ്ടാക്കിയ പുൽമൈതാനം കളിക്കാരിൽനിന്ന് വ്യാപക വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്രസീൽ സൂപ്പർസ്റ്റാർ വിനീസ്യൂസ് ജൂനിയറും ഫ്രഞ്ച് താരം അഡ്രിയൻ റാബിയോയും പിച്ചിനെ പരസ്യമായി കുറ്റം പറഞ്ഞു രംഗത്തു വന്നിരുന്നു. പിച്ച് വരണ്ടതാണെന്നും പന്തിനു വേഗം കിട്ടുന്നില്ലെന്നും കളിക്കാൻ ബുദ്ധിമുട്ടാണെന്നും റാബിയോ തുറന്നടിച്ചു. കോൺക്രീറ്റിനു മേൽ കളിക്കുന്നതു പോലെയുണ്ടെന്നു താരങ്ങളിൽ പലരും വ്യക്തമാക്കി. സ്പെഷൽ മൈതാനമാണിതെന്നു പറഞ്ഞു ഫ്രഞ്ച് പരിശീലകൻ ദെഷാം പരിഹസിക്കുകയും ചെയ്തു. പക്ഷേ, പിച്ചിനൊരു കുഴപ്പവുമില്ലെന്നും ഏറ്റവും നല്ല വേദി ന്യൂജഴ്സി ആണെന്നുമാണ് ഫിഫയുടെ പക്ഷം.

ലോകകപ്പ് ഫൈനലിനു വേദിയൊരുക്കേണ്ട മൈതാനത്തെക്കുറിച്ച് ആക്ഷേപമുയരുന്നത് അപൂർവമായതുകൊണ്ടു ഗ്രൗണ്ട് സ്റ്റാഫുകളിലൊരാളോടു വെറുതെ ചോദിച്ചു: ഈ പിച്ചിനു സത്യത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ലെന്നായിരുന്നു മറുപടി. 18 ഇഞ്ച് കനത്തിൽ മണൽ വിരിച്ച്, കൃത്രിമ ഫൈബർ നാരുകൾ പാകിയാണു പുല്ല് പടർത്തിയിരിക്കുന്നത്. വെള്ളം പെട്ടെന്നു വലിഞ്ഞുപോകാൻ അതാകും കാരണം. ഹാർഡ് ആയി തോന്നിക്കുന്നതും അതുകൊണ്ട‍ാണ്. അല്ലാതെ പിച്ചിനൊരു പ്രശ്നവുമില്ലെന്നു സ്റ്റാഫ് അറുത്തുമുറിച്ചു പറഞ്ഞു. പക്ഷേ, നാഴികയ്ക്കു നാൽപതു വട്ടം വെള്ളംതളിക്കൽ തുടരുന്നതു കണ്ടപ്പോൾ കിലുക്കം സിനിമയിലെ ജഗതിയുടെ ഡയലോഗ് മനസ്സിലേക്കു വന്നു: ‘പ്രശ്നമുണ്ട്, പ്രശ്നമുണ്ട്.’

English Summary:

Malayala Manorama Online News reports connected the wide disapproval of the MetLife Stadium transportation for the World Cup 2024, with players similar Vinicius Jr. and Adrien Rabiot complaining astir its hardness and interaction connected gameplay. Despite FIFA's assertion that the New Jersey venue is the best, concerns linger implicit the artificial turf's suitability for the tournament's final.

Read Entire Article