Published: August 19, 2026 04:29 PM IST
1 minute Read
കണ്ണൂർ ∙ 19 വയസ്സിനു മുകളിലുള്ളവരുടെ സീനിയർ വിഭാഗത്തിൽ 13-ാം വയസ്സിൽ ‘കയറിക്കളിച്ച്’ ജേതാവായാണ് ട്രീസ ജോളി ബാഡ്മിന്റനിൽ വരവറിയിച്ചത്. 2015ൽ സീനിയർ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ സിംഗിൾസ് ചാംപ്യനായപ്പോൾ തോൽപിച്ചതെല്ലാം ചേച്ചിമാരെ. കൗമാരത്തിലേക്കു പ്രവേശിക്കുമ്പോഴേക്കും ട്രീസ കേരളത്തിലെ നമ്പർ വൺ താരമായി.
ഏഴാം വയസ്സിൽ അച്ഛൻ ജോളി മാത്യുവിന്റെ കീഴിലാണു പരിശീലനം തുടങ്ങിയത്. സമീപപ്രദേശത്തൊന്നും ബാഡ്മിന്റൻ കോർട്ടില്ലാത്തതിനാൽ, പുളിങ്ങോം ഉമയംചാലിലെ വീട്ടുമുറ്റത്തു കോർട്ടൊരുക്കി അച്ഛൻ മകൾക്കു പരിശീലനം നൽകി. സ്കൂൾ വിട്ടുവന്നാൽ ഒന്നരമണിക്കൂറോളം പരിശീലനം നീണ്ടു. ഏഴാം ക്ലാസ് വരെയാണ് അച്ഛനു കീഴിൽ പരിശീലിച്ചത്.
പിന്നീട് കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് മേധാവിയായ അനിൽ രാമചന്ദ്രന്റെ ശിക്ഷണത്തിലായ ട്രീസ, ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ സിംഗിൾസിലും ഡബിൾസിലും ഏഴാം റാങ്ക് നേടി. 16–ാം വയസ്സിൽ ദേശീയ ക്യാംപിലെത്തി.
2020ൽ ഒളിംപിക് പോഡിയം സ്കീമിൽ ഹൈദരാബാദ് പുല്ലേല ഗോപിചന്ദ് അക്കാദമിയിലെത്തി. ബാഡ്മിന്റനിലെ ‘ദ്രോണാചാര്യർ’ ഗോപിചന്ദിന്റെ കീഴിൽ ട്രീസയുടെ കരിയർ ഗ്രാഫ് വീണ്ടുമുയർന്നു. ഗോപിചന്ദിന്റെ മകൾ ഗായത്രിക്കൊപ്പം ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
2022ലെ ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ കളിച്ച ഇരുവരും ചേർന്ന് ഇന്ത്യയിൽ വെങ്കലമെഡലെത്തിച്ചു. അതേ വർഷംതന്നെ ഇംഗ്ലണ്ടിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഗായത്രിക്കൊപ്പം വെങ്കല മെഡലും മിക്സഡ് ടീം ഇനത്തിൽ വെള്ളിയും ലഭിച്ചതോടെ, കോമൺവെൽത്തിൽ ഇരട്ടമെഡൽ നേടിയ ആദ്യ മലയാളിയായി.
ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, പാലാവയൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കല്യാശ്ശേരി കെപിആർജി എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു ട്രീസയുടെ സ്കൂൾ വിദ്യാഭ്യാസം. തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽനിന്ന് ബിബിഎ ബിരുദം നേടി.
ലോക ചാംപ്യൻഷിപ്, ഏഷ്യൻ ഗെയിംസ് തുടങ്ങി ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്ത ട്രീസ പതിനാറിലധികം രാജ്യാന്തര മെഡൽ നേടിയിട്ടുണ്ട്. നിലവിൽ ലോക റാങ്കിങ്ങിൽ ഡബിൾസിൽ 20–ാം സ്ഥാനത്താണ്.
English Summary:






English (US) ·