Published: July 30, 2026 11:27 AM IST Updated: July 30, 2026 11:37 AM IST
1 minute Read
മുംബൈ∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍നിന്നും വിരമിച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് രഹാനെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച രഹാനെ, 8414 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ 12 സെഞ്ചറികളും 26 അർധ സെഞ്ചറികളും സ്വന്തമാക്കി. ഏകദിനത്തിൽ മൂന്ന് സെഞ്ചറികളും 24 അർധ സെഞ്ചറികളുമുണ്ട്.
What you should work next
2023 ജൂലൈയിൽ വെസ്റ്റിൻഡീനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. 2020–21 ബോർഡർ ഗാവസ്കർ ട്രോഫിയിൽ പരുക്കിൽ വലഞ്ഞ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ മണ്ണിൽ 2–1ന് വിജയിച്ചപ്പോൾ രഹാനെയായിരുന്നു ടീം ക്യാപ്റ്റൻ. ഇന്ത്യയ്ക്കായി കളിക്കുകയെന്നതായിരുന്നു തന്റെ എക്കാലത്തെയും വലിയ സ്വപ്നമെന്ന് രഹാനെ ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രതികരിച്ചു.
‘‘എല്ലാ കാര്യത്തിനും ഒരു തുടക്കവും അവസാനവുമുണ്ടാകുമെന്നതാണു സത്യം. സമയം വരുമ്പോൾ അത് അംഗീകരിച്ചു മുന്നോട്ടു പോകുകയാണു വേണ്ടത്. ടൈമിംഗ് എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു മനസ്സിലാക്കിയാണ് ഞാൻ ബാറ്റു ചെയ്തത്. മുന്നോട്ടു പോകാനുള്ള സമയമായെന്ന് മനസ്സിലാക്കി ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്നും എല്ലാ ഫോർമാറ്റുകളിൽനിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ക്രിക്കറ്റിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നില്ല.’’
What you should work next
‘‘ക്രിക്കറ്റിൽ വിജയവും തോൽവിയും ഞാൻ നേരിട്ടിട്ടുണ്ട്. എന്നാൽ തോൽക്കാത്ത ഒരേയൊരിടം നിങ്ങളുടെ ഹൃദയത്തിലാണ്. ആരാധകരുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. എന്നെ പിന്തുണച്ച ബിസിസിഐയ്ക്കും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും കുടുംബത്തിനും നന്ദി അറിയിക്കുകയാണ്. ക്യാപ് നമ്പർ 278 സൈനിങ് ഓഫ്.’’– രഹാനെ പറഞ്ഞു.
English Summary:
Ajinkya Rahane Announces Retirement from All Cricket Formats
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·