ക്യാപ്റ്റൻസി ഋഷഭ് പന്തിന് പറ്റിയ പണിയല്ല; ഭാരം ഒഴിവായാൽ വലിയ ഇന്നിങ്സുകൾ കാണാമെന്നു മുൻ ഇന്ത്യൻ താരം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 28, 2026 09:19 AM IST

1 minute Read

ഋഷഭ് പന്ത് (X/@CricketNDTV)
ഋഷഭ് പന്ത് (X/@CricketNDTV)

മുംബൈ∙ ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യന്‍ യുവതാരം വലിയ സമ്മർദത്തിലാണെന്നും നായകസ്ഥാനം വിട്ടുകൊടുത്ത് സാധാരണ താരമായി ഋഷഭ് പന്ത് ഐപിഎൽ കളിക്കണമെന്നും വസീം ജാഫർ ആവശ്യപ്പെട്ടു. ഋഷഭ് പന്തിനു പകരം ദക്ഷിണാഫ്രിക്കയുടെ സീനിയർ താരം എയ്ഡൻ മാർക്രം ടീമിനെ നയിക്കണമെന്ന നിർദേശവും ജാഫർ മുന്നോട്ടുവച്ചു. ദക്ഷിണാഫ്രിക്ക ട്വന്റി20 ലീഗില്‍ സണ്‍റൈസേഴ്സ് ഈസ്റ്റേൺ കേപിനെ രണ്ടു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് മാർക്രം.

‘‘ഋഷഭ് പന്ത് ക്യാപ്റ്റൻസി ഒഴിഞ്ഞ് ഒരു താരമായി മാത്രം ടീമിലുണ്ടാകണം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിക്കും. ക്യാപ്റ്റൻസിയുടെ ഭാരം ഇനിയും ഋഷഭ് പന്തിന്റെ തലയിൽ വച്ചുകൊടുക്കരുത്. പന്തിനെക്കാളും മികച്ച രീതിയിൽ മാർക്രം ക്യാപ്റ്റൻസി ചുമതലകൾ നിർവഹിക്കും. അദ്ദേഹത്തിന് ആ മികവുണ്ട്. സഹതാരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഉറപ്പാക്കാൻ മാര്‍ക്രമിനു സാധിക്കും. എന്നാൽ ഇക്കാര്യം പ്രാവർത്തികമാകുമെന്നു തോന്നുന്നില്ല. ഞാൻ ലക്നൗ ക്യാംപിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നു.’’– വസീം ജാഫർ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

ലക്നൗ പ്ലേയിങ് ഇലവനിൽ കൊണ്ടുവരേണ്ട നിർണായക മാറ്റങ്ങളും വസീം ജാഫർ നിർദേശിച്ചു. ‘‘എൽഎസ്ജിക്ക് നിലവിൽ സാധ്യതകളൊന്നും ബാക്കിയില്ല. മാർക്രവും മിച്ചൽ മാർഷും ടീമിന്റെ ഓപ്പണർമാരാകണമായിരുന്നു. മൂന്നാമത് നിക്കോളാസ് പുരാൻ, പിന്നാലെ ഋഷഭ് പന്ത്, ആയുഷ് ബദോനി, അബ്ദുൽ സമദ്, മുകുൾ ചൗധരി എന്നിവർ വരണം. അതായിരിക്കും എന്റെ ടോപ് സെവൻ ബാറ്റർമാർ. ഈ ബാറ്റിങ് ക്രമമായിരിക്കും ഞാൻ‍ നടപ്പാക്കുക.’’– ജാഫർ പറഞ്ഞു.

ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ലക്നൗ. കളിച്ച എട്ടു മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവര്‍ക്കു വിജയിക്കാൻ സാധിച്ചത്. എട്ടു മത്സരങ്ങൾ കളിച്ച ഋഷഭ് പന്ത് ഒരു അർധ സെഞ്ചറിയുൾപ്പടെ 189 റൺസ് മാത്രമാണ് ഇതുവരെ നേടിയത്.

English Summary:

Wasim Jaffer Suggests Rishabh Pant Step Down arsenic LSG Captain

Read Entire Article