ക്രൊയേഷ്യ ലോകകപ്പ് നോക്കൗട്ടിൽ, ഘാനയെ 2–1ന് വീഴ്ത്തി, ഗോളടിച്ച് പീറ്റർ സുസിച്ചും നിക്കോള വ്ലാസിച്ചും

3 weeks ago 6

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: June 28, 2026 02:12 AM IST Updated: June 28, 2026 04:51 AM IST

2 minute Read

peter-sucic
ഗോൾ നേട്ടം ആഘോഷിക്കുന്ന ക്രൊയേഷ്യ താരങ്ങൾ

ഫിലഡ‍ൽഫിയ∙ ഫിഫ ലോകകപ്പിൽ ഘാനയെ 2–1ന് കീഴടക്കി ലോകകപ്പ് നോക്കൗട്ടിൽ കടന്ന് ക്രൊയേഷ്യ. മൂന്ന് മത്സരങ്ങളില്‍ രണ്ടു വിജയങ്ങളുള്ള ക്രൊയേഷ്യ ആറു പോയിന്റുമായി എൽ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് കെയിലെ വിജയികളെയാണ് ക്രൊയേഷ്യ നോക്കൗട്ടിൽ നേരിടേണ്ടത്. ക്രൊയേഷ്യയോടു തോറ്റെങ്കിലും നാലു പോയിന്റുള്ള ഘാനയും നോക്കൗട്ടിലെത്തും. നിര്‍ണായക മത്സരത്തിൽ പീറ്റർ സുചിച് (31–ാം മിനിറ്റ്), നിക്കോള വ്ലാസിച്ച് (83) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളടിച്ചത്. 73–ാം മിനിറ്റിൽ ഡെറിക് ലൂക്കാസൻ ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തി.

ഘാനയുടെ ഫൗളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. മത്സരത്തിലെ ആദ്യ ഗോൾ നീക്കം നടത്തിയത് ക്രൊയേഷ്യ. പന്തുമായെത്തിയ ഇവാൻ പെരിസിച്ച് ഘാന ബോക്സിലേക്കു നൽകിയ ക്രോസ് ഗോൾ കീപ്പർ ബെഞ്ചമിൻ അസാരെ പിടിച്ചെടുത്തു. 17–ാം മിനിറ്റിൽ മത്സരത്തിന്റെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് പിറന്നു. ഘാന പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്ത നികോള വ്ലാസിച് പന്തുമായി ഗോൾ മുഖത്തെത്തി. പക്ഷേ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് വ്ലാസിച്ച് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്കുപോയി. 24–ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കുതിച്ച ആന്റെ ബുഡിമിര്‍ വീണെങ്കിലും റഫറി ക്രൊയേഷ്യക്ക് അനുകൂലമായ പെനാല്‍റ്റി അനുവദിച്ചില്ല. 30–ാം മിനിറ്റിൽ ക്രൊയേഷ്യ താരം ഇവാൻ പെരിസിച്ചിന്റെ ഹെഡറും ലക്ഷ്യം കാണാതെ പോകുന്നു. 32–ാം മിനിറ്റിൽ മാതിയോ കൊവാച്ചിചിന്റെ പാസിൽ പീറ്റർ സുചിച് ക്രൊയഷ്യയ്ക്കായി ലീഡെടുത്തു. ബോക്സിന്റെ പുറത്ത് മധ്യഭാഗത്തുനിന്ന് ഷോട്ടെടുത്ത സുചിച് ഘാന ഗോൾ കീപ്പറെ മറികടന്ന് ലക്ഷ്യത്തിലെത്തി. സ്കോർ 1–0.

What you should work next

2026 ലോകകപ്പിൽ ആദ്യമായാണ് ഘാന ഒരു മത്സരത്തിൽ ലീഡ് വഴങ്ങുന്നത്. 39–ാം മിനിറ്റില്‍ ക്രൊയേഷ്യൻ താരങ്ങായ ഇവാൻ പെരിസിച്ചും ബട്ടുരിനയും പാസുകളുമായെത്തി ഘാന ബോക്സ് കുലുക്കിയെങ്കിലും, ക്രോസ് പിടിച്ചെടുക്കാൻ ആർക്കും സാധിച്ചില്ല. മൂന്നു മിനിറ്റാണ് ആദ്യ പകുതിക്ക് അധിക സമയമായി അനുവദിച്ചത്. അവസാന മിനിറ്റുകളിൽ ലീഡ് ഉയർത്തുക ലക്ഷ്യമിട്ട് ക്രൊയേഷ്യൻ മധ്യനിരയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ ഘാനയുടെ പ്രത്യാക്രമണങ്ങൾ ഏതാനും നീക്കങ്ങളിൽ ഒതുങ്ങി. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ സ്കോർ 1–0. ആദ്യ പകുതിയിൽ അഞ്ച് ഗോളവസരങ്ങൾ സൃഷ്ടിച്ച ക്രൊയേഷ്യ, രണ്ടു തവണ ഓൺ ടാർഗറ്റിലേക്കു ലക്ഷ്യമിട്ടു. അതേസമയം ഘാന ആക്രമണ നിരയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

ഘാനയുടെ സമനിലയ്ക്ക് തിരിച്ചടി

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടീമിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ ഘാന നിർബന്ധിതരായി. അബ്ദുൽ ഫത്താവു, കോജോ പെപ്ര ഒപ്പോങ് എന്നിവർ ഘാനയ്ക്കായി കളിക്കാനിറങ്ങി. 47–ാം മിനിറ്റിൽ ഘാനയ്ക്കായി അബ്ദുൽ ഫത്താവുവിന്റെ ഗോള്‍ നീക്കം. പെനാൽറ്റി ഏരിയയ്ക്കു വലതു ഭാഗത്തുനിന്നും ഫത്താവു എടുത്ത ഷോട്ട്, ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 49–ാം മിനിറ്റിൽ ഘാന താരം ഫത്താവുവിന്റെ ക്രോസിൽ അന്റോയിൻ സെമന്യോവിന്റെ ഗോൾ ശ്രമവും പാഴായി. 52–ാം മിനിറ്റിൽ ഫത്താവു നടത്തിയ നീക്കം ഓഫ് സൈഡായി. 67–ാം മിനിറ്റിൽ അന്റെ ബുധിമിറിനെ മാറ്റിയ ക്രൊയേഷ്യ ഇഗോർ മതൻകോവിച്ചിനെ പകരക്കാരനായി ഇറക്കി. തുടർച്ചയായുള്ള സമ്മര്‍ദങ്ങൾക്കൊടുവിൽ 73–ാം മിനിറ്റിൽ ഘാന സമനില ഗോൾ കണ്ടെത്തി. ക്രൊയേഷ്യ താരം മരിൻ പൊങ്ക്രാചിചിന്റെ ഫൗളിൽ ഘാനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഗോൾ. ബോക്സിനു പുറത്തുനിന്ന് കിക്കെടുത്ത എർണസ്റ്റ് നുവാമ ഗോൾ ഏരിയയിലേക്കാണു പന്തു നീട്ടിയത്. ഓടിയെത്തിയ ഡെറിക് ലൂക്കാസൻ ക്രൊയേഷ്യ ഗോളിയെ മറികടന്ന് ലക്ഷ്യം കണ്ടു. സ്കോർ 1–1.

What you should work next

ആദ്യം ഓഫ് സൈ‍ഡ് സംശയിച്ച റഫറി ഗോൾ അനുവദിച്ചില്ലെങ്കിലും, പിന്നീട് വാർ പരിശോധനകൾക്കു ശേഷം ഘാനയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. 83–ാം മിനിറ്റിൽ നിക്കോള വ്ലാസിച്ച് ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടി. കോർണറിൽനിന്ന് ലൂക്ക മോഡ്രിച്ച് നീട്ടി നൽകിയ പന്ത് ഹെഡ് ചെയ്താണ് വ്ലാസിച് ലക്ഷ്യം കണ്ടത്. ക്രൊയേഷ്യ വീണ്ടും മുന്നിൽ. ലീഡെടുത്തെങ്കിലും തുടർന്നും ആക്രമണങ്ങളുമായി ക്രൊയേഷ്യ ഘാനയെ വിറപ്പിച്ചു. ഇതോടെ ഘാനയ്ക്ക് പ്രതിരോധത്തിലേക്കു വലിയേണ്ടിവന്നു. രണ്ടാം പകുതിയിൽ ഏഴു മിനിറ്റായിരുന്നു ഇൻജറി ടൈം. ഈ സമയത്തും സമനില ഗോൾ നേടാന്‍ സാധിക്കാതെ പോയതോടെ ക്രൊയേഷ്യ 2–1ന് വിജയിച്ചു.

English Summary:

FIFA World Cup 2026, Croatia vs Ghana Match Live Updates

Read Entire Article