ചെന്നൈ ∙ ഐപിഎൽ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസണോട് രോഷാകുലനായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹെയ്ൻറിച് ക്ലാസൻ. ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഹൈദരാബാദ് ഇന്നിങ്സിന്റെ 15–ാം ഓവറിലെ മൂന്നാം പന്തിൽ നൂർ അഹമ്മദിന്റെ ബോളിങ്ങിൽ ക്ലാസനെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടിവി അംപയർ റീപ്ലേയിലൂടെയാണ് വിക്കറ്റ് സ്ഥിരീകരിച്ചത്.
ഔട്ട് എന്ന് സ്ക്രീനിൽ തെളിഞ്ഞതിനു പിന്നാലെ ഡഗൗട്ടിലേക്കു നടന്നുനീങ്ങിയ ക്ലാസൻ, ടീമംഗങ്ങൾക്കൊപ്പം ആഘോഷം നടത്തുകയായിരുന്ന സഞ്ജു സാംസണോട് കയർക്കുകയായിരുന്നു. എന്താണെന്നു പറഞ്ഞതെന്നു വ്യക്തമല്ലെങ്കിലും അതുവരെ ചിരിച്ചുകൊണ്ട് നിന്നിരുന്ന സഞ്ജുവിന്റെ മുഖഭാവം മാറുന്നത് വ്യക്തമാണ്. എന്താണെന്നു ചോദിച്ചു കൊണ്ട് സഞ്ജുവും മുന്നോട്ടു വന്നെങ്കിലും സമീപം നിന്ന സഹതാരം ശിവം ദുബെ, ഇരുവരെയും പിടിച്ചുമാറ്റി. പിന്നാലെ സഞ്ജു സാംസൺ ഫീൽഡ് അംപയറോടു പരാതി പറയുകയും ചെയ്തു. സംഭവം മാച്ച് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. താരങ്ങൾക്കെതിരെ നടപടിക്കു സാധ്യതയുണ്ട്.
മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപ്പിച്ചത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ– ക്ലാസൻ സഖ്യമാണ് ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചത്. 15–ാം ഓവറിൽ ക്ലാസനെ, ‘തല’ ധോണിയെ ഓർമിപ്പിക്കുന്ന കിടിലൻ സ്റ്റംപിങ്ങിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആ ഘട്ടത്തിൽ അത് ചെന്നൈയ്ക്ക് മത്സരത്തിൽ നേരിയ മുൻതൂക്കം നൽകുകയും ചെയ്തു. ഇതാണ് ക്ലാസനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, ഡിയേവാൾഡ് ബ്രെവിസിന്റെ (27 പന്തിൽ 44) കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. ഹൈദരാബാദിനായി പാറ്റ് കമിൻസ് മൂന്നും സാകിബ് ഹുസെയ്ൻ രണ്ടു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ഇഷാന്റെ മികവിൽ തിരിച്ചടിച്ച ഹൈദരാബാദ് ഒരു ഓവർ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിന് യോഗ്യത നേടി. ചെന്നൈ തോറ്റതോടെ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു. സ്കോർ: ചെന്നൈ: 20 ഓവറിൽ 7ന് 180. ഹൈദരാബാദ് 19 ഓവറിൽ 5ന് 181. തോൽവിയോടെ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കു മങ്ങലേറ്റു. അവസാന മത്സരം ജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാകുകയും ചെയ്താൽ മാത്രമേ ഇനി ചെന്നൈക്ക് പ്ലേഓഫ് സാധ്യതയുള്ളൂ.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഹൈദരാബാദിന് ഓപ്പണർ ട്രാവിസ് ഹെഡിനെ (6) നഷ്ടമായി. ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ അഭിഷേക് ശർമയും (21 പന്തിൽ 26) ഇഷാൻ കിഷനും ചേർന്ന് മറ്റു പരുക്കുകളില്ലാതെ ഹൈദരാബാദിനെ മുന്നോട്ടുനയിച്ചെങ്കിലും റൺനിരക്ക് ഉയർത്താൻ സാധിച്ചില്ല. പിന്നാലെ അഭിഷേകിനെയും വീഴ്ത്തിയ ചെന്നൈ പിടിമുറുക്കി. നാലാമനായി ഹെയ്ൻറിച് ക്ലാസൻ (26 പന്തിൽ 47) വന്നതോടെയാണ് ഹൈദരാബാദ് ബാറ്റിങ്ങിന് ജീവൻവച്ചത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ക്ലാസൻ ഹൈദരാബാദിന് പ്രതീക്ഷ നൽകി. പതിയെ ഇഷാനും താളം കണ്ടെത്തിയതോടെ സന്ദർശകരുടെ സ്കോർ ബോർഡിന് വേഗംവച്ചു. ക്ലാസനെ വീഴ്ത്തിയ ചെന്നൈ വീണ്ടും തിരിച്ചടിച്ചെങ്കിലും ഒരറ്റത്തു പൊരുതിയ ഇഷാൻ ഹൈദരാബാദിന്റെ ജയം ഉറപ്പാക്കി. 3 സിക്സും 7 ഫോറും അടങ്ങുന്നതാണ് ഇഷാന്റെ ഇന്നിങ്സ്.ലനേരത്തെ, ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 13 പന്തിൽ 27 റൺസുമായി സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയെങ്കിലുംപിന്നാലെവന്ന ബാറ്റർമാർ നിരാശപ്പെടുത്തി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@ImGauravYadav9 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·