Published: May 11, 2026 11:45 PM IST Updated: May 11, 2026 11:53 PM IST
1 minute Read
ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസിന് മൂന്ന് വിക്കറ്റ് വിജയം. പ്ലേ ഓഫ് പ്രതീക്ഷകളുമായി കളിക്കാനിറങ്ങിയ പഞ്ചാബിനെ ഏഴാം സ്ഥാനക്കാരായ ഡൽഹി മുട്ടുകുത്തിക്കുകയായിരുന്നു. പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ 15 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ധരംശാലയിൽ ചേസ് ചെയ്തു വിജയിക്കുന്ന ഉയർന്ന സ്കോറാണിത്.
33 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഡൽഹിയെ ക്യാപ്റ്റൻ അക്ഷർ പട്ടേലിന്റെയും ഡേവിഡ് മില്ലറുടെയും അർധ സെഞ്ചറികളാണ് രക്ഷിച്ചത്. കെ.എൽ. രാഹുൽ (ഒൻപത്), അഭിഷേക് പൊറേൽ (അഞ്ച്), സഹിൽ പരാഖ് (13) എന്നിവർ നിരാശപ്പെടുത്തി. പവർപ്ലേയിൽ 47 റൺസെടുത്ത ഡൽഹിയെ ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിങ്ങ് 100 കടത്തി. 30 പന്തുകൾ നേരിട്ട അക്ഷർ 56 റൺസും 28 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 51 റൺസും നേടി പുറത്തായി. 10 പന്തില്‍ 24 റൺസെടുത്ത മധ്യനിര താരം അശുതോഷ് ശർമയുടേയും പ്രകടനം നിർണായകമായി.
അവസാന 12 പന്തുകളിൽ 17 റൺസാണ് ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. യഷ് താക്കൂർ എറിഞ്ഞ 19–ാം ഓവറിൽ അശുതോഷിന്റെ വിക്കറ്റു നഷ്ടമായെങ്കിലും അക്വിബ് നബിയും (രണ്ട് പന്തിൽ 10) മാധവ് തിവാരിയും (എട്ട് പന്തിൽ 18) ചേർന്ന് ആറു പന്തുകൾ ബാക്കി നില്‍ക്കെ ഡൽഹിയെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരും പ്രിയൻഷ് ആര്യയും അർധ സെഞ്ചറികൾ നേടി. 36 പന്തുകൾ നേരിട്ട അയ്യർ മൂന്ന് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 59 റൺസെടുത്തു പുറത്താകാതെനിന്നു. 33 പന്തുകൾ നേരിട്ട പ്രിയൻഷ് ആര്യ 56 റൺസടിച്ചു.
കൂപ്പർ കോണോലി (27 പന്തില്‍ 38), സുര്യാൻഷ് ഷെഡ്ഗെ (എട്ടു പന്തിൽ 21) എന്നിവരും പഞ്ചാബിനായി തിളങ്ങി. മികച്ച തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. പവർപ്ലേയിൽ വിക്കറ്റുപോകാതെ 72 റൺസെടുക്കാൻ പഞ്ചാബിനു സാധിച്ചു. സ്കോർ 78ൽ നിൽക്കെ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങിനെ മുകേഷ് കുമാർ പുറത്താക്കി. 100 കടക്കും മുൻപേ മാധവ് തിവാരിയുടെ പന്തിൽ പ്രിയൻഷ് ആര്യയും വീണു. പിന്നാലെയെത്തിയ ശ്രേയസും കൂപ്പർ കോണോലിയും തകർത്തടിച്ചതോടെ പഞ്ചാബ് സ്കോർ കുതിച്ചുയര്‍ന്നു.
സ്കോർ 180 ൽ എത്തിയപ്പോള്‍ കോണോലിയെ ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ച തിവാരി വിക്കറ്റ് നേട്ടം രണ്ടാക്കി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 19–ാം ഓവറിൽ ആദ്യ പന്തിൽ മാർകസ് സ്റ്റോയ്നിസും (ഒന്ന്), രണ്ടാം പന്തിൽ ശശാങ്ക് സിങ്ങും (പൂജ്യം) പുറത്തായി മടങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച സുര്യാൻഷ് ഷെഡ്ഗെ പഞ്ചാബിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചു.
English Summary:







English (US) ·