ഗില്ലാട്ടത്തില്‍ കൊൽക്കത്തയ്ക്ക് അഞ്ചാം തോൽവി, ഗുജറാത്തിന് അഞ്ച് വിക്കറ്റ് വിജയം

1 month ago 8

ഓൺലൈൻ ഡെസ്ക്

Published: April 17, 2026 09:43 PM IST Updated: April 17, 2026 11:52 PM IST

1 minute Read

gill
അർധ സെഞ്ചറി നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിന്റെ ആഹ്ലാദം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനു മൂന്നാം വിജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 19.4 ഓവറിൽ അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ ഗുജറാത്ത് എത്തി. ആറു പോയിന്റുള്ള ഗുജറാത്ത് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

അതേസമയം ആറിൽ അഞ്ചു മത്സരങ്ങളും തോറ്റ കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്സ് പത്താമതാണ്. കൊൽക്കത്തയ്ക്ക് ഇതുവരെ ഒരു കളി പോലും ജയിക്കാൻ സാധിച്ചിട്ടില്ല. മറുപടി ബാറ്റിങ്ങിൽ അർ‍ധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിനെ മുന്നിൽനിന്നു നയിച്ചത്. 50 പന്തുകൾ നേരിട്ട ഗിൽ നാല് സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 86 റൺസടിച്ചു. ജോസ് ബട്‍ലർ (15 പന്തിൽ 25), സായ് സുദർശൻ (16 പന്തിൽ 22), ഗ്ലെൻ ഫിലിപ്സ് (16 പന്തിൽ 19) എന്നിവരാണ് ഗുജറാത്തിന്റെ മറ്റു പ്രധാന സ്കോറര്‍മാർ.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 180 റണ്‍സെടുത്തു പുറത്തായി. 55 പന്തുകൾ നേരിട്ട കാമറൂൺ ഗ്രീൻ നാല് സിക്സുകളും ഏഴു ഫോറുകളുമുൾപ്പടെ 79 റൺസെടുത്തു. റോവ്മൻ പവൽ (20 പന്തിൽ 27), ടിം സെയ്ഫർട്ട് (14 പന്തിൽ 19), രമൺദീപ് സിങ് (എട്ടു പന്തിൽ 17) എന്നിവരാണ് കൊൽക്കത്തയുടെ മറ്റു പ്രധാന സ്കോറർമാര്‍. 

 IPL

കാമറൂൺ ഗ്രീൻ‍ ബാറ്റിങ്ങിനിടെ. Photo: IPL

വലിയ പ്രതീക്ഷകളുമായി കൊൽക്കത്ത വാങ്ങിയ ഗ്രീൻ, സീസണിൽ ആദ്യമായാണ് അർ‍ധ സെഞ്ചറി കടക്കുന്നത്. 0,32,4,2,18 എന്നിങ്ങനെയായിരുന്നു മുൻപുള്ള മത്സരങ്ങളിൽ ഗ്രീനിന്റെ സ്കോറുകൾ. 32 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടേതുൾപ്പടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ കൊൽക്കത്ത, പവർപ്ലേയിൽ 37 റൺസാണ് ആകെ നേടിയത്. കഗിസോ റബാദയുടേയും മുഹമ്മദ് സിറാജിന്റേയും പന്തുകളാണ് കൊൽക്കത്തയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കിയത്.

കാമറൂൺ ഗ്രീൻ പിടിച്ചുനിന്നതോടെ 12 ഓവറിൽ ടീം സ്കോർ 100 പിന്നിട്ടു. മധ്യനിരയില്‍ അനുകൂല്‍ റോയ് (ഒൻപത്), റിങ്കു സിങ് (ഒന്ന്), രമൺദീപ് സിങ് (17), സുനിൽ നരെയ്ൻ (പൂജ്യം) എന്നിവരും ഒന്നും ചെയ്യാനാകാതെ മടങ്ങിയതോടെ കൊൽക്കത്തയുടെ പോരാട്ടം ഗ്രീനിൽ ഒതുങ്ങി. 20–ാം ഓവറിലെ അവസാന പന്തിൽ ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനാണ് ഗ്രീനിനെ മടക്കുന്നത്. ഗുജറാത്തിനായി കഗിസോ റബാദ മൂന്നും മുഹമ്മദ് സിറാജ്, അശോക് ശർമ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്കും റാഷിദ് ഖാനും ഓരോ വിക്കറ്റുണ്ട്.

English Summary:

Indian Premier League, Kolkata Knight Riders vs Gujarat Titans Match Live Updates

Read Entire Article