ഗില്ലിന്റെ ‘അടി’ ഏറ്റില്ല! ഗുജറാത്ത് പ്ലേഓഫ് കടന്നില്ല; ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്ക് 29 റൺസ് ജയം

2 weeks ago 4

കൊൽക്കത്ത∙ ഈ സീസണിൽ അത്ര പെട്ടെന്ന് ആർക്കും പ്ലേഓഫ് കടക്കാമെന്ന് കരുതേണ്ട! പ്ലേഓഫ് ഉറപ്പിക്കാൻ ഒരു ജയം മാത്രം വേണ്ടിയിരുന്ന ഗുജറാത്തിനെയും  ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത ‘ബ്ലോക്ക്’ ചെയ്തു. ഗുജറാത്ത് ടൈറ്റൻസിനെതിരെ 29 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയം. കൊൽക്കത്ത ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ സാധിച്ചുള്ളൂ.

അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (49 പന്തിൽ 85), ജോസ് ബട്‍ലർ (35 പന്തിൽ 57), സായ് സുദർശൻ (28 പന്തിൽ 53*) എന്നിവർ പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. നാല് ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്ത് 2 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ സുനിൽ നരെയ്ന്റെയും ഒരു വിക്കറ്റ് വീഴ്ത്തിയ സൗരഭ് ദുബെയുടെയും ബോളിങ് കൊൽക്കത്ത ജയത്തിൽ നിർണായകമായി. ജയത്തോടെ 11 പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തേയ്ക്കു കയറി. 16 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിന് ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ സായ് സുദർശന്റെ വിരലിന് പരുക്കേറ്റതോടെ താരം റിട്ടയർ ഹർട്ടായി മടങ്ങേണ്ടി വന്നു. പിന്നാലെയെത്തിയ നിഷാന്ത് സിന്ധുവും (4 പന്തിൽ 1) തിളങ്ങിയില്ല. തുടർന്നാണ് ഗില്ലും ജോസ് ബട്‌ലറും ഒന്നിച്ചത്. മെല്ലെ തുടങ്ങിയ ഗില്ലും ഇതോടെ ഗിയർ മാറ്റി. പവർപ്ലേയിൽ 1ന് 56 എന്ന നിലയിൽനിന്ന് പത്താം ഓവറിൽ ടോട്ടൽ നൂറ് കടന്നു. 33 പന്തിലാണ് ഐപിഎലിലെ തന്റെ 31–ാം അർധസെഞ്ചറി ഗിൽ പൂർത്തിയാക്കിയത്. സീസണിലെ ആകെ സമ്പാദ്യം 500 റൺസ് കടത്തുകയും ചെയ്തു. 2023, 2025 സീസണുകളിലും ഗിൽ 500+ റൺസ് നേടിയിരുന്നു. ഈ സീസണിൽ നിലവിൽ റണ്‍വേട്ടക്കാരിൽ ഗിൽ രണ്ടാമതാണ്. സായ് സുദർശൻ ആണ് ഒന്നാമത്.

മറുവശത്ത് ബട്‌ലറും ഉറച്ച ഗില്ലിന് പിന്തുണ നൽകി. 17-ാം ഓവറിൽ ഗില്ലിനെ പുറത്താക്കി സുനിൽ നരെയ്നാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇതു കൊൽക്കത്ത വിജയത്തിൽ നിർണായകമായി. ഗില്ലും ബട്‍ലറും ചേർന്ന് 128 റൺസാണ് കൂട്ടിച്ചേർത്ത്. പിന്നാലെ, റിട്ടയർ ഹർട്ടായ സായ് സുദർശൻ ക്രീസീലേക്ക് മടങ്ങിയെത്തി. 18–ാം ഓവറിൽ സായ്‌യും ബട്‌ലറും ചേർന്ന് കാർത്തിക് ത്യാഗിക്കെതിരെ 21 റൺസ് അടിച്ചുകൂട്ടിയതോടെ അവസാന രണ്ട് ഓവറിൽ വിജയലക്ഷ്യം 45 റൺസായി ചുരുങ്ങി. എന്നാൽ 19–ാം ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത സൗരഭ് ദുബെ ജോസ് ബട്‍ലറെ (35 പന്തിൽ 57) പുറത്താക്കുകയും ചെയ്തു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 40 റൺസ്. എന്നാൽ വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത കാമറൂൺ ഗ്രീൻ അവസാന പന്തിൽ രാഹുൽ തെവാത്തിയയെ (4 പന്തിൽ 2) പുറത്താക്കുകയും ചെയ്തതോടെ കൊൽക്കത്തയ്ക്ക് ജയം. 

∙ അലന്റെ ‘അടി’; ഒപ്പം രഘുവംശിയും ഗ്രീനുംടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ക്യാപ്റ്റൻ അജിൻക്യ രഹാനെയെ (14 പന്തിൽ 14) നേരത്തെ നഷ്ടമായെങ്കിലും അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൻ അലൻ (35 പന്തിൽ 93), അംഗ്ക്രിഷ് രഘുവംശി (44 പന്തിൽ 82*), കാമറൂൺ ഗ്രീൻ (28 പന്തിൽ 52*) എന്നിവർ തകർപ്പൻ ബാറ്റിങ്ങാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 247 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ കൂട്ടായി രഘുവംശി എത്തിയതോടെയാണ് അലൻ കത്തിക്കയറിയത്. വെറും 21 പന്തിലാണ് താരം അർധസെഞ്ചറി നേടിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഫിൻ അലന്റെ ബാറ്റിങ്.  (PTI Photo/Manvender Vashist Lav)

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഫിൻ അലന്റെ ബാറ്റിങ്. (PTI Photo/Manvender Vashist Lav)

കഗീസോ റബാദ്, മുഹമ്മദ് സിറാജ്, ജയ്സൻ ഹോൾഡർ തുടങ്ങിയ എല്ലാ ബോളർമാരും അലന്റെ ബാറ്റിന്റെ ‘ചൂടറിഞ്ഞു’. 11–ാം ഓവറിൽ അർഷദ് ഖാനെതിരെ മൂന്നു സിക്സും ഒരു ഫോറും സഹിതം 22 റൺസാണ് അലൻ അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിൽ അർഹിച്ച സെ‍ഞ്ചറിക്ക് വെറും ഏഴ് റൺകലെ, അലൻ പുറത്താകുമ്പോൾ കൊൽക്കത്ത സ്കോർ 139ൽ എത്തിയിരുന്നു. 10 സിക്സും നാലു ഫോറുമാണ് അലന്റെ ബാറ്റിൽനിന്നു പിറന്നത്. രണ്ടാ വിക്കറ്റിൽ പിറന്നത് 95 റൺസ്.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച രഘുവംശി–ഗ്രീൻ സഖ്യവും അതേ ‘വൈബ്’ വിടാതെ ബാറ്റിങ് തുടർന്നു. 17–ാം ഓവറിൽ കൊൽക്കത്ത സ്കോർ 200 കടന്നു. 19–ാം ഓവറിൽ സിറാജിനെതിരെ മൂന്നു സിക്സും ഒരു ഫോറും സഹിതം 25 റൺസാണ് രഘുവംശി അടിച്ചത്. ഐപിഎലിൽ രഘുവംശിയുുടെ ഏറ്റവും ഉയർന്ന സ്കോറാണ് 82. അവസാന ഓവറിൽ ഗ്രീനും അർധസെഞ്ചറി പൂർത്തിയാക്കിയതോടെ കൊൽക്കത്തയുടെ ടോട്ടൽ 247ൽ എത്തി. രഘുവംശി ഏഴു സിക്സും നാലു ഫോറും പായിച്ചപ്പോൾ ഗ്രീന്റെ ബാറ്റിൽനിന്നു പിറന്നത് നാലു സിക്സും മൂന്നു ഫോറും. ഇരുവരും ചേർന്ന് നേടിയ 108 റൺസ്, ഐപിഎലിൽ കൊൽക്കത്തയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.

ഐപിഎലിൽ കൊൽക്കത്തയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. 2024ൽ ഡൽഹിക്കെതിരെ നേടിയ 272/7, അതേവർഷം പഞ്ചാബിനെതിരെ നേടിയ 261/6 മറ്റു രണ്ടു ടോപ് സ്കോറുകൾ. ഗുജറാത്തിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലാണിത്.

English Summary:

IPL 2026: Kolkata Knight Riders vs Gujarat Titans, Live Score

Read Entire Article