Published: July 09, 2026 10:07 PM IST Updated: July 09, 2026 10:29 PM IST
1 minute Read
കൊച്ചി ∙ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ കൊച്ചി നഗരവും. ഫുട്ബോൾ ലഹരി നെഞ്ചിലേറ്റുന്ന യുവതലമുറയെ ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘ഗെയിം ഓൺ, ഡ്രഗ്സ് ഓഫ്’ എന്ന ജനകീയ ക്യാംപെയിന് ഫോർട്ട് കൊച്ചിയിലെ വെളി മൈതാനത്ത് തുടക്കമായി. മനോരമ ഓൺലൈൻ കൊച്ചി നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ വൻകിട ലഹരിവിരുദ്ധ ക്യാംപെയിൻ മേയർ വി.കെ.മിനിമോൾ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.
ഫുട്ബോളിനെ യഥാർഥ ലഹരിയാക്കി മാറ്റിക്കൊണ്ട് സമൂഹത്തിൽ വലിയൊരു അവബോധം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ, െസമി, ഫൈനൽ പോരാട്ടങ്ങൾ വെളി മൈതാനത്ത് സജ്ജീകരിച്ചിരിക്കുന്ന ബിഗ് സ്ക്രീനിൽ കാണാനാണ് അവസരം. പ്രമുഖ സ്വർണവ്യാപാര ശൃംഖലയായ ചുങ്കത്ത് ജ്വല്ലറിയാണ് ഈ ക്യാംപയിന്റെ ബ്രാൻഡ് പാർട്ണർ.
ഉദ്ഘാടന ചടങ്ങിൽ മുഹമ്മദ് ഷിയാസ് എംഎൽഎ മുഖ്യാതിഥിയായി. ഇന്ത്യ ലോകകപ്പിൽ കളിക്കുന്നില്ലെങ്കിലും ലക്ഷക്കണക്കിന് ജനങ്ങൾ ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന രാജ്യമാണ് നമ്മുടേതെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മികച്ച വേദികളായി ഫുട്ബോൾ മത്സരങ്ങൾ മാറിയിരിക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രശസ്ത ഫുട്ബോൾ പരിശീലകൻ റൂഫസ് ഡിസൂസ, നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ കെ.എ.മനാഫ്, കൗൺസിലർ മഞ്ജുള അനിൽകുമാർ, ഫോർട്ട്കൊച്ചി എസ്എച്ച്ഒ കെ.സി.രതീഷ് എന്നിവരും വൈകിട്ട് ആറു മണിക്കു നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 1.30ന് അരങ്ങേറുന്ന ഫ്രാൻസ്– മൊറോക്കോ ക്വാർട്ടർ ഫൈനൽ പോരാട്ടത്തോടെയാണ് വെളി ഗ്രൗണ്ടിലെ വലിയ സ്ക്രീനിലുള്ള മത്സര പ്രദർശനങ്ങൾക്ക് തുടക്കമാകുന്നത്. ക്വാർട്ടർ ഫൈനൽ മുതൽ 20ന് നടന്ന ഫൈനൽ വരെ ഫിഫ ലോകകപ്പിന്റെ നിർണായകമായ എല്ലാ മത്സരങ്ങളും വെളി ഗ്രൗണ്ടിൽ സജ്ജീകരിച്ചിരിക്കുന്ന ഭീമൻ എൽഇഡി സ്ക്രീനിൽ തത്സമയം സംപ്രേഷണം ചെയ്യും. പൊതുജനങ്ങൾക്ക് ഈ മത്സരങ്ങൾ സൗജന്യമായി കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വെറും മത്സരപ്രദർശനം എന്നതിനപ്പുറം കുടുംബങ്ങൾക്കും സഞ്ചാരികൾക്കുമായി വലിയൊരു ഫുട്ബോൾ കാർണിവൽ തന്നെയാണ് വെളി ഗ്രൗണ്ടിൽ ഒരുങ്ങിയിരിക്കുന്നത്. ലൈവ് സ്ക്രീനിങ്ങിനൊപ്പം വൈവിധ്യമാർന്ന വിനോദ പരിപാടികൾ, ഫുഡ് സ്റ്റാളുകൾ എന്നിവയും കാർണിവലിന്റെ മാറ്റുകൂട്ടും. മത്സരങ്ങൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഗ്രൗണ്ടിലെത്തുന്ന പ്രേക്ഷകർക്കായി ആകർഷകമായ സമ്മാനങ്ങൾ ഒളിപ്പിച്ചിട്ടുള്ള വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മനോരമ ഓൺലൈനിന്റെ ഡിജിറ്റൽ, ഓൺഗ്രൗണ്ട് ക്യാംപെയിനുകളിലൂടെ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
English Summary:





English (US) ·