ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വിരമിക്കൽ ജീവിതം സാധാരണയായി എങ്ങനെയെല്ലാമാണ് നാം സങ്കൽപിക്കാറുള്ളത്? കമന്ററി ബോക്സുകളിലെ നിറഞ്ഞ സാന്നിധ്യം, വൻകിട അക്കാദമികളിലെ പരിശീലക വേഷങ്ങൾ, അല്ലെങ്കിൽ അവിസ്മരണീയമായ സെഞ്ചറികളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ... എന്നാൽ 1990കളുടെ അവസാനത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ബറോഡക്കാരൻ ജേക്കബ് മാർട്ടിന് കാലം കരുതിവച്ചത് ഇതൊന്നുമായിരുന്നില്ല.
What you should work next
10 ഏകദിനങ്ങൾ മാത്രം നീണ്ടുനിന്ന രാജ്യാന്തര കരിയർ, പിന്നാലെ കാൽ നൂറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾ, ജീവൻ തൊട്ടറിഞ്ഞ വാഹനാപകടം, പൊലീസ് കേസ്, അന്ത്യത്തിൽ ആശ്വാസത്തിന്റെ വിധിന്യായം! ജേക്കബ് മാർട്ടിന്റെ ജീവിതം ഒരു സ്പോർട്സ് ഫീച്ചറിലെ കണക്കുകൾക്കപ്പുറം നാടകീയതകൾ നിറഞ്ഞ ഒരു സിനിമാക്കഥ പോലെ അമ്പരപ്പിക്കുന്നതാണ്.
∙ റൺമലകൾ പണിതുയർത്തിയ ആഭ്യന്തര കരിയർ
1991-92 സീസണിലെ രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കായി അരങ്ങേറുമ്പോൾ ഒരു ഓൾറൗണ്ടറുടെ സൂചനകളാണ് മാർട്ടിൻ നൽകിയത്. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറിയും ഒരിന്നിങ്സിൽ അഞ്ച് വിക്കറ്റും. എന്നാൽ വൈകാതെ ബോളിങ് മാറ്റിനിർത്തി ബാറ്റ് കൊണ്ട് സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു.
മാർട്ടിന്റെ കരിയറിലെ സുവർണകാലഘട്ടം 1998-99 സീസണായിരുന്നു. ആ ഒറ്റ സീസണിൽ മാത്രം 103.70 ശരാശരിയിൽ 1037 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഒരൊറ്റ രഞ്ജി സീസണിൽ ആയിരം റൺസ് തികയ്ക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ ബാറ്ററായി അദ്ദേഹം മാറി. അഞ്ച് അതിശയിപ്പിക്കുന്ന സെഞ്ചറികൾ (അതിൽ 242 റൺസിന്റെ ഒരു ഇന്നിങ്സും ഉൾപ്പെടുന്നു) പിറന്ന ആ സീസണിനൊടുവിൽ ഇന്ത്യൻ ടീമിലേക്കുള്ള മാർട്ടിന്റെ വിളിയെ ആർക്കും തടഞ്ഞുനിർത്താനാകുമായിരുന്നില്ല.
138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 46.65 ശരാശരിയിൽ 23 സെഞ്ചറികളും 47 അർധസെഞ്ചറികളും അടക്കം 9,192 റൺസാണ് മാർട്ടിന്റെ സമ്പാദ്യം. എന്നാൽ ഈ വലിയ കണക്കുകൾക്കൊന്നും അദ്ദേഹത്തിന് രാജ്യാന്തര തലത്തിൽ അർഹിച്ച പ്രഭ നൽകാൻ സാധിച്ചില്ല.
∙ ക്രിസ് ഗെയ്‌ലിനൊപ്പം അരങ്ങേറ്റം, എന്നാൽ...
1999 സെപ്റ്റംബർ 11ന് ടൊറന്റോയിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു മാർട്ടിന്റെ ഏകദിന അരങ്ങേറ്റം. ക്രിക്കറ്റ് ചരിത്രത്തിലെ കൗതുകകരമായ ഒരു ഓർമക്കുറിപ്പ് കൂടിയാണ് ആ മത്സരം. കാരണം, അതേ മത്സരത്തിലാണ് വെസ്റ്റിൻഡീസിന്റെ മഹാനായ ഓപ്പണർ ക്രിസ് ഗെയ്‌ലും രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്! ഗെയ്ൽ പിന്നീട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകാരിയായ ബാറ്ററായി മാറി സാമ്രാജ്യം കീഴടക്കിയപ്പോൾ, മാർട്ടിന്റെ രാജ്യാന്തര കരിയർ വെറും 10 ഏകദിനങ്ങളിൽ ഒതുങ്ങി. ടീമിലെ വൻമരങ്ങൾക്കിടയിൽ നിരന്തരം അവസരങ്ങൾ നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് ഒരു അർധസെഞ്ചറി പോലും നേടാനായില്ല.
എങ്കിലും, ഓസ്ട്രേലിയയിലെ പെർത്തിൽ പാക്കിസ്ഥാനെതിരായ ആ ഇന്നിങ്സ് എന്നും ഓർമിക്കപ്പെടും. വസീം അക്രവും വഖാർ യൂനിസും കൊടുങ്കാറ്റായി വീശിയടിച്ചപ്പോൾ സച്ചിനും ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണുമെല്ലാം പവലിയനിൽ തിരിച്ചെത്തി. ഇന്ത്യ 33/5 എന്ന നിലയിൽ തകർന്നുനിൽക്കുമ്പോൾ ക്രീസിലെത്തിയ മാർട്ടിൻ 71 പന്തുകളിൽ നിന്ന് 39 റൺസ് നേടി ചെറുത്തുനിന്നു. അത് കേവലം ഒരു 39 റൺസായിരുന്നില്ല, പ്രതിസന്ധികളിൽ പോരാടാനുള്ള അദ്ദേഹത്തിന്റെ മനസ്സിന്റെ പ്രതിഫലനമായിരുന്നു. 2001ൽ കെനിയയ്‌ക്കെതിരെ കളിച്ച 36 റൺസിന്റെ ഇന്നിങ്സോടെ അദ്ദേഹത്തിന്റെ ഇന്ത്യൻ ജഴ്സിയിലെ നാളുകൾ അവസാനിച്ചു. 10 മത്സരങ്ങളിൽ നിന്ന് 158 റൺസ് മാത്രമായിരുന്നു സമ്പാദ്യം.
∙ ബറോഡയുടെ നായകൻ
ദേശീയ ടീമിൽനിന്നു പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം വീണ്ടും രാജാവായി. 2000-01 സീസണിൽ ബറോഡയെ നാല് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റൻ ജേക്കബ് മാർട്ടിനായിരുന്നു. റെയിൽവേസിനെതിരായ ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ 151 റൺസിന്റെ വമ്പൻ ലീഡ് വഴങ്ങിയ ശേഷം, രണ്ടാം ഇന്നിങ്സിൽ 225 പന്തുകൾ നേരിട്ട് പുറത്താകാതെ 87 റൺസ് നേടി മാർട്ടിൻ നടത്തിയ പോരാട്ടമാണ് ബറോഡയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് സഹീർ ഖാന്റെ മാരക ബോളിങ്ങിൽ ബറോഡ 21 റൺസിന്റെ ചരിത്ര വിജയം സ്വന്തമാക്കി.
∙ 22 വർഷത്തെ തടവറയും ആശ്വാസ വിധിയും
ക്രിക്കറ്റ് ജീവിതത്തിന് ശേഷമാണ് മാർട്ടിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ആരംഭിക്കുന്നത്. 2004ൽ ലണ്ടനിലേക്ക് വ്യാജ രേഖകൾ ചമച്ച് ആളുകളെ കടത്തി എന്ന ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന മനുഷ്യക്കടത്ത് കേസിൽ മാർട്ടിന്റെ പേരും ചേർക്കപ്പെട്ടു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചെങ്കിലും 2011 ഏപ്രിലിൽ അദ്ദേഹം അറസ്റ്റിലായി. റെയിൽവേസിലെ ജോലിയും സമാധാനവും നഷ്ടപ്പെട്ട വർഷങ്ങളായിരുന്നു പിന്നീട്.
എന്നാൽ, ഒടുവിൽ 2026 ജൂൺ 1ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടു. മാർട്ടിനെതിരെ തട്ടിപ്പോ പണമോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി, 22 വർഷം നീണ്ട ആ നീതിപീഠത്തിലെ പോരാട്ടത്തിന് വിരാമമിട്ടു. ‘ജീവിതത്തിലെ വലിയൊരു യു-ടേൺ’ എന്നാണ് ഈ വിധിയെക്കുറിച്ച് പിന്നീട് 54 വയസ്സുകാരനായ മാർട്ടിൻ പ്രതികരിച്ചത്.
∙ ജീവിതത്തോടുള്ള പോരാട്ടങ്ങൾ
നിയമപോരാട്ടങ്ങൾക്ക് പുറമെ, 2018 ഡിസംബറിൽ വഡോദരയിലുണ്ടായ ഒരു ദാരുണമായ വാഹനാപകടത്തിൽ മാർട്ടിന് ഗുരുതരമായി പരുക്കേറ്റു. ശ്വാസകോശത്തിനും കരളിനും പരുക്കേറ്റ് ആഴ്ചകളോളം വെന്റിലേറ്ററിൽ ജീവനുമായി പോരാടിയ അദ്ദേഹത്തെ രക്ഷിക്കാൻ ക്രിക്കറ്റ് ലോകം ഒന്നടങ്കം കൈകോർത്തു. ഭർത്താവിന്റെ ചികിത്സയ്ക്കായി സഹായം തേടി ഭാര്യ ഖ്യാതി മാർട്ടിൻ ബിസിസിഐയെ സമീപിച്ചു. തുടർന്ന് ബിസിസിഐയും മുൻ സഹതാരങ്ങളായ സൗരവ് ഗാംഗുലി, സഹീർ ഖാൻ, ആശിഷ് നെഹ്റ എന്നിവരും സാമ്പത്തികമായി സഹായിച്ചു.
ക്രുനാൽ പാണ്ഡ്യ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് നൽകിയത് അന്നത്തെ വലിയ വാർത്തയായിരുന്നു. തുടർന്നും പലവിധ വിവാദങ്ങളും കേസുകളും അദ്ദേഹത്തെ തേടിയെത്തിയെങ്കിലും, മൈതാനത്തെന്ന പോലെ ജീവിതത്തിലും വിട്ടുകൊടുക്കാതെ പോരാടുകയായിരുന്നു ഈ മുൻ ഇന്ത്യൻ താരം. എന്നാൽ 2026 ജനുവരിൽ മറ്റൊരു വാഹനാപകടവും ജേക്കബ് മാർട്ടിൻ സംഭവിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു
∙ ഒരു ഓർമക്കുറിപ്പ്
10 ഏകദിനങ്ങൾ, 158 റൺസ്... ഈ സ്റ്റാറ്റിസ്റ്റിക്സ് മാത്രം നോക്കിയാൽ ജേക്കബ് മാർട്ടിൻ എന്നാൽ ക്രിക്കറ്റ് ചരിത്രത്തിൽ മറന്നുപോയ ഒരു പേര് മാത്രമാണ്. എന്നാൽ 9000ത്തിലധികം ഫസ്റ്റ് ക്ലാസ് റൺസും, ചരിത്രപരമായ ഒരു രഞ്ജി വിജയവും, 22 വർഷം നീണ്ട കോടതിമുറിയിലെ ‘അതിജീവന ഇന്നിങ്സും’ ചേർത്തുവച്ച് നോക്കുമ്പോൾ ജേക്കബ് മാർട്ടിൻ എന്നത് ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളുടെയും അതിജീവനത്തിന്റെയും പര്യായമായി മാറുന്നു.അതെ, വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ആ 54 വയസ്സുകാരന്റെ തന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയതും കാഠിന്യമേറിയതുമായ ഇന്നിങ്സ് പൂർത്തിയാക്കി, രണ്ടാം ഇന്നിങ്സിലേക്ക് കടന്നിരിക്കുകയാണ്.
English Summary:






English (US) ·