Published: July 23, 2026 01:14 PM IST
1 minute Read
സ്‌കോട്‌ലൻഡിന്റെ ഹൃദയഭൂമിയായ ഗ്ലാസ്ഗോയുടെ ഓരോ മിടിപ്പിലും സംഗീതത്തിന്റെ അലയൊലികളുണ്ട്. നഗരത്തിന്റെ വിവിധ കോണുകൾ മുതൽ തലയെടുപ്പോടെ നിൽക്കുന്ന ഹൈഡ്രോ അരീനയിൽ വരെ സംഗീതത്തിന്റെ ഇളംപല്ലവികൾ സ്വരമാധുര്യത്തോടെ കേൾക്കാം. ‘സിറ്റി ഓഫ് മ്യൂസിക്’ എന്ന് യുനെസ്കോ ഈണത്തോടെ വിളിച്ച ഗ്ലാസ്ഗോയിൽ ഇന്നു മുതൽ കായികാവേശത്തിന്റെ ആർപ്പുവിളികൾ മുഴങ്ങും. കോമൺവെൽത്ത് ഗെയിംസിന് ഇന്നു ഗ്ലാസ്ഗോയിൽ തുടക്കം. 74 രാജ്യങ്ങളിൽ നിന്നെത്തുന്ന മൂവായിരത്തോളം കായികതാരങ്ങളാണു ഗെയിംസിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം ഇന്നു രാത്രി 10.30നാണ് ഉദ്ഘാടനച്ചടങ്ങ്. സോണി ടെൻ 2,3,4 ചാനലുകളിലും സോണി ലിവ് ആപ്പിലും തൽസമയം കാണാം. നാളെ മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. സമാപനം ഓഗസ്റ്റ് രണ്ടിന്.
വെട്ടിച്ചുരുക്കിയ മത്സരവീര്യം
23–ാം കോമൺവെൽത്ത് ഗെയിംസിനു വേദിയാകേണ്ടിയിരുന്ന ഓസ്ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി കാരണം പിന്മാറിയതോടെയാണ് ഗ്ലാസ്ഗോ വീണ്ടും വേദിയായത്. 2014ലും കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരായ ഗ്ലാസ്ഗോ അതിവേഗം നടപടികൾ മുന്നോട്ടു കൊണ്ടുപോയെങ്കിലും അവരെയും സാമ്പത്തിക പ്രതിസന്ധി തളർത്തി. ഇതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഗെയിംസിലെ മത്സരങ്ങൾ വെട്ടിക്കുറച്ചു. ഇന്ത്യയ്ക്ക് ഏറെ മെഡൽ പ്രതീക്ഷ ഉണ്ടായിരുന്ന ബാഡ്മിന്റൻ, ഗുസ്തി, ഷൂട്ടിങ്, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയവ ഇത്തവണ ഗെയിംസിനില്ല. 6 പാരാ അത്‌ലറ്റിക് മത്സരങ്ങളും ഇത്തവണ ഗെയിംസിൽ അരങ്ങേറും.
ഇന്ത്യൻ സംഘത്തിൽ 5 മലയാളികൾ
കോമൺവെൽത്ത് ഗെയിംസ് സംഘത്തിൽ 5 മലയാളികൾ. ലോങ്ജംപ് താരം എം.ശ്രീശങ്കർ, റിലേ ടീമംഗം അൻസ ബാബു, നീന്തൽ താരം സജൻ പ്രകാശ്, പാരാ അത്‌ലറ്റിക്സ് ടീമംഗം മുഹമ്മദ് ബാസിൽ, ജിനാംസ്റ്റിക്സ് ടീമംഗം കെ.പി.സ്വാതിഷ് എന്നിവരാണ് ഗ്ലാസ്ഗോയിൽ മെഡൽപ്രതീക്ഷയുമായി ഇറങ്ങുന്ന 5 പേർ.
English Summary:






English (US) ·