Published: May 08, 2026 08:56 PM IST Updated: May 08, 2026 11:10 PM IST
2 minute Read
മുംബൈ ∙ പെൺകുട്ടിയുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ചതിനു പിന്നാലെ ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുംബൈ താരവുമായ സൂര്യകുമാർ യാദവിന് ആശംസാപ്രവാഹം. ബോളിവുഡ് താരം രൺവീർ സിങ്, മുംബൈ ഇന്ത്യൻസ് സഹതാരം ദീപക് ചാഹർ, മുംബൈ ഇന്ത്യൻസ് ടീം തുടങ്ങിയവർ താരത്തിന് ആശംസ അറിയിച്ചവരിലുണ്ട്. വ്യാഴാഴ്ച ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് സൂര്യകുമാറും ഭാര്യ ദേവിഷ ഷെട്ടിയും തങ്ങൾ മാതാപിതാക്കളായ വിവരം പങ്കുവച്ചത്. ‘ഗേൾ ഡാഡ്’ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രൺവീർ സിങ്, സൂര്യകുമാറിന് ആശംസ അറിയിച്ചത്.
ഞായറാഴ്ച, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് മുംബൈ ടീമിൽ കളിച്ചേക്കില്ലെന്നാണ് വിവരം. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ സൂര്യയാണ് മുംബൈയെ നയിച്ചിരുന്നത്. പരുക്കേറ്റ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു പകരമായിരുന്നു ഇത്. ആർസിബിക്കെതിരെയും ഹാർദിക് കളിച്ചില്ലെങ്കിൽ രോഹിത് ശർമ പകരം നായകനായേക്കുമെന്നാണ് സൂചന. പോയിന്റ് പട്ടികയിൽ ഒൻപതാമതുള്ള മുംബൈയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.
∙ നിരാശവാർത്തഅതേസമയം, പെൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷവാർത്തയ്ക്കു പിന്നാലെ ഒരു നിരാശവാർത്തയും സൂര്യകുമാറിനെ തേടിയെത്തി. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കുമെന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന അഭ്യൂഹം. ഐപിഎലിലെ സ്ഥിരതയാർന്ന പ്രകടനത്തിന് പകരമായി ശ്രേയസ് അയ്യരെ ട്വന്റി20 ടീമിലേക്ക് തിരികെ കൊണ്ടുവരാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, അയ്യർക്ക് ടീമിന്റെ നായകസ്ഥാനം നൽകാനും സാധ്യതയുണ്ടെന്നാണ് വിവരം. ഐപിഎലിനു ശേഷം ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ജൂണിൽ അയർലൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിക്കുന്നുണ്ട്.
രോഹിത് ശർമ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ഇന്ത്യ തോറ്റിട്ടില്ല. എന്നാൽ ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാന്‍ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് 10 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ. ലോകകപ്പിൽ ഒൻപത് ഇന്നിങ്സുകളിൽനിന്ന് 242 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. ബാറ്റിങ്ങിൽ ബുദ്ധിമുട്ടുന്ന താരത്തെ ക്യാപ്റ്റൻ മാത്രമായി ടീമില്‍ നിർത്തേണ്ടതില്ലെന്നാണ് ബിസിസിഐയിലെ വലിയൊരു വിഭാഗം വാദിക്കുന്നത്. കൈത്തണ്ടയിലേറ്റ പരുക്കും സൂര്യയെ അലട്ടുന്നുണ്ട്.
∙ ഏകദിനത്തിലും അയ്യർ?വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റൻ എന്ന നയം സ്വീകരിക്കാനും ബിസിസിഐ ആലോചിക്കുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ ശുഭ്മൻ ഗില്ലിനു പകരം ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ശ്രേയസ്സ് അയ്യർ ഏറ്റെടുക്കും. നിലവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ്സ് അയ്യർ. ‘‘പുതിയ ട്വന്റി20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ട്വന്റി20, ഏകദിന ടീമുകളെ ഒരാൾ തന്നെ നയിക്കുന്ന രീതിയിലേക്കാണ് ഞങ്ങൾ നോക്കുന്നത്. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം പരിചയസമ്പന്നരായ കളിക്കാർക്ക് അവസരം നൽകാനും ബിസിസിഐ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രേയസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്; അദ്ദേഹത്തിന്റെ പരുക്കുകൾ നിർഭാഗ്യകരമായിരുന്നു.’’– ഒരു ബിസിസിഐവൃത്തം എൻഡിടിവിയോടു പറഞ്ഞു.
ജൂൺ 6ന് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തോടെ ഇന്ത്യയുടെ രാജ്യാന്തര സീസൺ പുനരാരംഭിക്കും. തുടർന്ന് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഫ്ഗാനിസ്ഥാനെതിരെയുണ്ട്. അടുത്തവർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഏകദിന ഫോർമാറ്റിനാകും അടുത്ത സീസണിൽ ഇന്ത്യ മുൻഗണന നൽകുക.
English Summary:







English (US) ·