Published: July 07, 2026 09:06 PM IST
2 minute Read
മുംബൈ∙ കൗതുകകരമായ രണ്ടു മത്സരങ്ങളോടെയാണ് 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16 അവസാനിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ അർജന്റീന മികച്ച പ്രതിരോധ ശേഷിയുള്ള ഈജിപ്തിനെ നേരിടുമ്പോൾ സ്വിറ്റ്സർലൻഡ് ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ കൊളംബിയയുമായി ഏറ്റുമുട്ടുന്നു. അച്ചടക്കം, പ്രതിരോധ സംഘാടനം തീരുമാനമെടുക്കുന്നതിലെ മികവ് എന്നിവ ഈ രണ്ട് നോക്കൗട്ട് മത്സരങ്ങളിലും നിർണായക പങ്ക് വഹിക്കുമെന്ന് ഇന്ത്യൻ ദേശീയ ടീമിന്റെയും എഫ്‌സി ഗോവയുടെയും ഡിഫൻഡറും സീ5 കമന്ററി പാനലിസ്റ്റുമായ സന്ദേശ് ജിങ്കാൻ അഭിപ്രായപ്പെട്ടു. ലയണൽ സ്‌കലോണിയുടെ അർജന്റീന ടീം റൗണ്ട് ഓഫ് 32–ൽ റൗണ്ട് ഗോൾ വഴങ്ങിയെങ്കിലും കാബോ വെർദെയ്ക്കെതിരെ മികച്ച പ്രതിരോധം കാഴ്ചവച്ചെന്ന് ജിങ്കൻ അഭിപ്രായപ്പെട്ടു. അർജന്റീന ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘തീർച്ചയായും ഒരു ടീം രണ്ടു ഗോളുകൾ വഴങ്ങുമ്പോൾ, ആളുകൾ അവരുടെ പ്രതിരോധത്തെ ചോദ്യം ചെയ്യും. എന്നാൽ ഒരു ശരാശരി പ്രകടനംകൊണ്ടു മാത്രം ടീം അത്ര മികച്ചതല്ലെന്ന് വിധിയെഴുതരുത്. ഒരു മികച്ച പ്രകടനം കൊണ്ടുമാത്രം ടീം അജയ്യരാണ് എന്ന് വിധിക്കരുത് എന്നു പറയുന്നതു പോലെത്തന്നെയാണിത്. കഴിഞ്ഞ 10-15 മത്സരങ്ങളിലെ അർജന്റീനയുടെ റെക്കോർഡ് നോക്കുകയാണെങ്കിൽ, അവർ ഒരുപാട് ഗോൾ വഴങ്ങിയിട്ടില്ല. അവരുടെ ഏറ്റവും വലിയ ശക്തികളിലൊന്നായി എനിക്ക് തോന്നുന്നത് അവരുടെ പ്രതിരോധത്തിലെ ദൃഢതയാണ്. കാബോ വെർദെയുമായുള്ള മത്സരത്തെ അവർ ഒരു ചെറിയ തിരിച്ചടിയായി കണക്കാക്കുമെന്നത് തീർച്ചയാണ്. മത്സരത്തിലെ പ്രധാന കാര്യം വിജയം നേടുക എന്നതാണല്ലോ. ഈജിപ്തിനെതിരെ അവർ കൂടുതൽ മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’’– സന്ദേശ് ജിങ്കാൻ പറഞ്ഞു.
മുഹമ്മദ് സലാ, ഒമർ മർമൂഷ് എന്നിവരുടെ മികച്ച പ്രകടനത്തിലൂടെയുള്ള ആക്രമണമാകും ഈജിപ്ത് അഴിച്ചുവിടുക എന്നും സന്ദേശ് ജിങ്കാൻ അഭിപ്രായപ്പെട്ടു. അതേസമയം അർജന്റീനയുടെ കൗണ്ടർ-പ്രെസ്സിങ്ങും കളിയിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഈജിപ്ത് അർജന്റീനയെ ആക്രമിക്കാനായിരിക്കും ശ്രമിക്കുക, അവരുടെ ശക്തി അവിടെയാണ്. പക്ഷേ, അർജന്റീനയിൽ ഞാൻ അഭിനന്ദിക്കുന്ന ഒരു കാര്യം, അവർ പൊസഷൻ നഷ്ടപ്പെട്ടതിനുശേഷം എത്ര വേഗത്തിൽ പന്ത് തിരിച്ചെടുത്ത് പ്രസ് ചെയ്യുന്നു എന്നതാണ്. എതിരാളികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാതിരിക്കാൻ അവർ ശ്രമിക്കും. മത്സരത്തിൽ മെസ്സിയുടെ ആധിപത്യം കുറയ്ക്കാനാണ് ഈജിപ്ത് ആഗ്രഹിക്കുന്നതെങ്കിൽ, കേവലെ മെസ്സിയെ മാത്രം തടഞ്ഞതുകൊണ്ട് അവർക്കത് സാധിക്കില്ല. മറിച്ച്, റോഡ്രിഗോ ഡി പോൾ, അലക്‌സിസ് മാക് അലിസ്റ്റർ തുടങ്ങിയ കളിക്കാരിൽ നിന്ന് പന്ത് മെസ്സിയിലേക്ക് എത്തുന്നത് തടയണം. മെസ്സിയുടെ സ്വാധീനം കുറയ്ക്കാനുള്ള ഒരേയൊരു മാർഗം അതാണ്.’’– സന്ദേശ് ജിങ്കാൻ പറഞ്ഞു.
കൊളംബിയയുടെ അറ്റാക്കിങ് സമീപനത്തെ ഒരു അവസരമായി ഉപയോഗിച്ച്, സ്വിറ്റ്‌സർലൻഡ് പൊസഷൻ അധിഷ്ഠിതമായായിരിക്കും കളിക്കുകയെന്നും ജിങ്കാൻ അഭിപ്രായപ്പെട്ടു. ‘‘സ്വിറ്റ്‌സർലൻഡ് ബിൽഡ്-അപ് പ്ലാൻ നിലനിർത്താനായിരിക്കും ശ്രമിക്കുക എന്നാണ് തോന്നുന്നത്. കാരണം ടീമുകൾ ബിൽഡ്-അപ് ചെയ്യുന്നതിന്റെ ഒരു കാരണം സമ്മർദ്ദം ക്ഷണിച്ചുവരുത്തുക എന്നതാണ്. പ്രസ്സിങ്ങിൽ ഊന്നി കളി മുന്നോട്ടുകൊണ്ടുപോകുമ്പോൾ പിന്നിൽ ധാരാളം സ്ഥലം അവശേഷിക്കുന്നു. കൊളംബിയ സ്വന്തം പകുതിയിൽ നിന്ന് പുറത്തുവരണമെന്നായിരിക്കും സ്വിറ്റ്സർലൻഡ് ആഗ്രഹിക്കുക, കാരണം അത് അവർക്ക് ഒന്നോ രണ്ടോ മൂന്നോ പാസുകൾ ഉപയോഗിച്ച് മറികടക്കാൻ കഴിയുന്ന വിടവുകൾ സൃഷ്ടിക്കും. ബിൽഡ്-അപ്പിന്റെ പ്രധാന ലക്ഷ്യം സമ്മർദ്ദം ക്ഷണിച്ചുവരുത്തുക എന്നതാണ്, ഇതിലൂടെ ആക്രമിക്കാൻ ഇടം ലഭിക്കും.’’
അതേസമയം കൊളംബിയയുടെ തന്ത്രപരമായ വഴക്കത്തെയും ആക്രമണ നിലവാരത്തെയും ജിങ്കാൻ പ്രശംസിച്ചു. സ്വിറ്റ്സർലൻഡിന്റെ അച്ചടക്കവും പ്രതിരോധ സംവിധാനവും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ ടീമുകളിൽ ഒന്നാണ് കൊളംബിയ. ജെയിംസ് റോഡ്രിഗസിലൂടെ മധ്യനിരയിൽ അവർ ആധിപത്യം പുലർത്തുന്നു. പൊസഷൻ നന്നായി നിയന്ത്രിക്കുന്നു. ലൂയിസ് ഡയസിന്റെ വേഗത ഉപയോഗിച്ച് അവർ ശക്തമായി ആക്രമിക്കുന്നു. കൊളംബിയ ഒരു മികച്ച ടീമാണ്. എന്നാൽ വ്യത്യസ്തമായ രീതിയിൽ സ്വിറ്റ്സർലൻഡും ഇതിനോടൊപ്പം നിൽക്കും. ഒതുക്കമുള്ളവരും അച്ചടക്കമുള്ളവരും വളരെ സംഘടിതമായ മിഡ്-ബ്ലോക്ക് ഉപയോഗിച്ച് പ്രതിരോധിക്കുന്നവരുമാണ് കൊളംബിയ. മൻസാമ്പി ഒരു എക്സ്-ഫാക്ടറാണെന്നും അവർക്ക് ആക്രമണത്തിന് അധിക എഡ്ജ് നൽകിയിട്ടുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. മികച്ച രണ്ട് ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ മിഡ്ഫീൽഡിൽ കുറച്ച് തെറ്റുകൾ വരുത്തുകയും മികച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുമെന്നാണ് എനിക്ക് തോന്നുന്നത്.’’ – സന്ദേശ് ജിങ്കാൻ കൂട്ടിച്ചേർത്തു.
English Summary:





English (US) ·