Published: April 27, 2026 12:19 PM IST
1 minute Read
ജയ്പുർ∙ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായതിനു ശേഷം, രണ്ടാമതൊരു അവസരത്തിനായി താൻ കാത്തിരിക്കുകയായിരുന്നെന്ന് രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശി. ഹൈദരാബാദിൽ നടന്ന പോരാട്ടത്തിൽ പേസർ പ്രഫുൽ ഹിംഗെ വൈഭവിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയിരുന്നു. എന്നാൽ സൺറൈസേഴ്സ് ജയ്പുരിൽ കളിക്കാനെത്തിയപ്പോൾ ഹിംഗെയെ കയ്യിൽ കിട്ടിയ ആദ്യ ഓവറിൽ തന്നെ നാലു സിക്സുകളാണ് വൈഭവ് ബൗണ്ടറി കടത്തിയത്. ഒരു അവസരത്തിനു വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നെന്നു വൈഭവ് മത്സരത്തിനു ശേഷം പറഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ടാമതു നേരിട്ടപ്പോൾ 15 വയസ്സുകാരൻ താരം സെഞ്ചറി നേടിയിരുന്നു.
ജയ്പുരിൽ 36 പന്തുകളിലാണ് വൈഭവ് സെഞ്ചറിയിലെത്തിയത്. മത്സരത്തിൽ 37 പന്തുകൾ നേരിട്ട വൈഭവ് 103 റണ്‍സടിച്ചു. ഐപിഎലിലെ വേഗതയേറിയ മൂന്നാമത്തെ സെഞ്ചറിയാണിത്. വേഗത്തിൽ 1000 ട്വന്റി20 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ വൈഭവിന്റെ പേരിലായി. ഹൈദരാബാദിനെതിരെ 12 സിക്സുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഐപിഎലിൽ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും ഇതോടെ വൈഭവിനു സ്വന്തമായി.
‘‘ആ ബോളർക്കെതിരെ എനിക്കു വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. ഹൈദരാബാദിനെതിരെ ആദ്യം പുറത്തായപ്പോൾ ഫോണിൽ ഞാൻ ചില മോശം കമന്റുകൾ കണ്ടിരുന്നു. ഞാൻ സാധാരണ ഇതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ ഇത് എനിക്കെതിരെ വ്യക്തിപരമായ കാര്യമാണ്.’’– രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദറുമായി നടത്തിയ ചർച്ചയിൽ വൈഭവ് വ്യക്തമാക്കി. പരുക്ക് കാര്യമായി ബാധിച്ചിട്ടില്ലെന്നും അടുത്ത മത്സരത്തിൽ കളിക്കുമെന്നും വൈഭവ് പറഞ്ഞു. ‘‘എനിക്കു നേരത്തേ തന്നെ കാലിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിൽ കൂടുതൽ സമ്മർദങ്ങളുണ്ടായതോടെയാണ് പരുക്കു ഗുരുതരമായത്. എങ്കിലും ഇപ്പോൾ കുഴപ്പമില്ല. അടുത്ത മത്സരത്തിൽ ഞാൻ കളിക്കും.’’- വൈഭവ് പ്രതികരിച്ചു.
ചൊവ്വാഴ്ച കരുത്തരായ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഇതുവരെ തോൽവിയറിയാത്ത പഞ്ചാബിനെ ജയ്പുരിലാണ് രാജസ്ഥാൻ നേരിടുക. സീസണിൽ എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ അഞ്ച് വിജയങ്ങളിൽനിന്നു 10 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇതുവരെ 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്.
English Summary:







English (US) ·