Published: July 01, 2026 01:17 AM IST Updated: July 01, 2026 05:23 AM IST
3 minute Read
ഒരു ഗോൾ, ഒരു ഗോൾ ലൈൻ സേവ്, പകരക്കാരനായി ഇറങ്ങിയ അമാദ് ഡിയാലോ, ഐവറികോസ്റ്റിനെ നോർവേയ്ക്ക് ഒപ്പമെത്തിക്കാൻ എല്ലാം ചെയ്തു. പക്ഷേ എർലിങ് ഹാളണ്ടെന്ന നോർവീജിയൻ ഗോൾ വേട്ടക്കാരനെ തടയാൻ മാത്രം സാധിച്ചില്ല. ഫലം ഐവറികോസ്റ്റിന് ലോകകപ്പ് പ്രീക്വാർട്ടർ കാണാതെ മടക്കം. വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കാനെത്തിയ നോർവേ ടീമിനും ഗാലറിയിലെ ആരാധകക്കൂട്ടത്തിനും ആഘോഷ നിമിഷം. ഡാലസ് സ്റ്റേഡിയത്തിൽ നോർവേയുടെ ‘വൈക്കിങ് റോ’ സെലിബ്രേഷൻ. പ്രീക്വാർട്ടറിൽ ഈ ലോകകപ്പിലെ ഏറ്റവും കരുത്തരെന്നു വിശേഷിപ്പിക്കുന്ന ബ്രസീലാണ് നോർവേയുടെ എതിരാളികൾ. സൂപ്പർ താരങ്ങളായ വിനീസ്യൂസ് ജൂനിയറും ഹാളണ്ടും നേർക്കുനേർ വരുന്ന പോരാട്ടം. ഒപ്പം നെയ്മാർ കൂടി ഇറങ്ങിയാലോ? ഗ്രൗണ്ടിൽ ഗോളടിമേളം തന്നെ പ്രതീക്ഷിക്കാം. പന്തടക്കത്തിൽ നോർവേയെക്കാൾ മുന്നിലായിരുന്ന ഐവറികോസ്റ്റ്, ഗോൾ ശ്രമങ്ങളിലും (14–9), ഓൺടാർഗറ്റ് ഷോട്ടുകളിലും (5–4) വ്യക്തമായ മേധാവിത്തം സ്ഥാപിച്ചതാണ്. സമനില ഗോളുമായി മത്സരം എക്സ്ട്രാ ടൈമിലേക്കു നീട്ടിയെടുക്കാനുള്ള ഐവറികോസ്റ്റിന്റെ മോഹങ്ങൾക്കു വിലങ്ങിട്ടത് 86–ാം മിനിറ്റിലെ ഹാളണ്ടിന്റെ വിജയ ഗോളായിരുന്നു. സൂപ്പർ താരത്തിനു വെല്ലുവിളിയുയർത്താൻ പോന്നൊരു പ്രതിരോധ താരമില്ലാതെ പോയ ആ നിമിഷത്തിലാണ് ആഫ്രിക്കൻ കരുത്തർ കളി കൈവിട്ടത്.
What you should work next
ഗോളടിച്ച് അന്റോണിയോ നുസ, നോർവേ മുന്നിൽ
നോക്കൗട്ട് യോഗ്യത നേടിയ നോർവേ, ഫ്രാൻസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എർലിങ് ഹാളണ്ട് ഉൾപ്പടെയുള്ള പ്രധാന താരങ്ങളെയെല്ലാം ബഞ്ചിൽ ഇരുത്തിയിരുന്നു. നോക്കൗട്ടിലെ പോരാട്ടത്തിനു വേണ്ടി എല്ലാ കരുത്തും സംഭരിക്കുകയായിരുന്നു പരിശീലകൻ സ്റ്റേൽ സൊൽബാക്കൻ ഇതിലൂടെ ലക്ഷ്യമിട്ടത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ എർലിങ് ഹാളണ്ടിന്റെ ആക്രമണത്തോടെയാണ് കളി ചൂടുപിടിച്ചത്. മൂന്നാം മിനിറ്റിൽ ബുദ്ധിമുട്ടേറിയ പൊസിഷനിൽനിന്ന് എർലിങ് ഹാളണ്ട് എടുത്ത ഹെഡർ, ഐവറി കോസ്റ്റ് ഗോൾ കീപ്പർ യഹിയ ഫൊഫാന ബ്ലോക്ക് ചെയ്തു. എട്ടാം മിനിറ്റിൽ ഐവറികോസ്റ്റ് താരം യാൻ ഡിയോമൻഡെയുടെ ഹെഡറും ലക്ഷ്യം കണ്ടില്ല. നിക്കോളാസ് പെപ്പെയിലൂടെ നോർവേ പ്രതിരോധത്തിന്റെ പിഴവുകൾ മുതലെടുത്ത് ഇടതു വിങ്ങിൽ കൂടിയായിരുന്നു ഐവറികോസ്റ്റിന്റെ ആദ്യ നീക്കങ്ങൾ. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ, ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപ്പെ ക്രോസിൽനിന്നു ലഭിച്ച പന്തെടുത്ത് ഗോളിനായി ഷോട്ട് ഉതിർത്തെങ്കിലും നോർവേ പ്രതിരോധിച്ചു. 37–ാം മിനിറ്റിൽ ഹെഡറിലൂടെ നോർവേ താരം എർലിങ് ഹാളണ്ടിന്റെ ഗോൾ ശ്രമം. നോർവേയുടെ ഏഴാം നമ്പർ താരം അലക്സാണ്ടർ സോർലോത് നൽകിയ ക്രോസിൽ ഉയർന്നുചാടി ഹാളണ്ട് എടുത്ത ഹെഡർ, ഐവറികോസ്റ്റ് ഗോൾ കീപ്പർ പിടിച്ചെടുത്തു.
38–ാം മിനിറ്റിൽ നോർവേയുടെ മാര്‍ട്ടിൻ ഒഡഗാർഡിന്റെ ഗോൾ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ തൊട്ടുപിന്നാലെ നോർവേയുടെ ആദ്യ ഗോളിന് വഴിയൊരുക്കാൻ ക്യാപ്റ്റനു സാധിച്ചു. പെനാൽറ്റി ഏരിയയ്ക്കു മുന്നിൽവച്ച് പന്തു ലഭിച്ച ഒഡെഗാർഡ്, ഏതാനും നീക്കങ്ങൾക്കൊടുവിൽ ഇടതു വിങ്ങിൽ നിൽക്കുകയായിരുന്ന അന്റോണിയോ നുസയ്ക്കു പന്തു നൽകി. പന്തുമായി ബോക്സിലേക്കു കയറിയ നുസ, ഐവറികോസ്റ്റ് പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ ശേഷം ഗോൾ പോസ്റ്റിന്റെ വലതു ടോപ് കോർണറിലേക്ക് ഉന്നമിട്ടു. ഐവറികോസ്റ്റ് ഗോൾ കീപ്പർ മികച്ചൊരു ഡൈവ് തന്നെ നടത്തിയെങ്കിലും പന്ത് പ്രതിരോധിക്കാൻ സാധിച്ചില്ല. ഇതോടെ നോർവേ 1–0ന് മുന്നിൽ. 42–ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് എർലിങ് ഹാളണ്ടും വല കുലുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഐവറികോസ്റ്റ് അതു തടഞ്ഞു. പിന്നാലെ നോർവേയുടെ അലക്സാണ്ടർ സോൽറോത്തും ലീഡ് രണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും ഫിനിഷിങ് പാളി. ഹൈഡ്രേഷൻ ബ്രേക്കിനു മുൻപ് വിങ്ങുകളിലൂടെ നോർവേ ബോക്സിലേക്ക് ഇരച്ചു കയറിയ ഐവറികോസ്റ്റിന് ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതിയിൽ സ്കോർ 1–0ന് അവസാനിച്ചു.
What you should work next
അമാദിന്റെ സമനില ഗോൾ, പിന്നാലെ ഹാളണ്ട് ബ്രില്യൻസ്
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില പിടിക്കുക ലക്ഷ്യമിട്ട് ഐവറികോസ്റ്റ് താരങ്ങൾ കളം നിറഞ്ഞു. 52–ാം മിനിറ്റിൽ ഐവറികോസ്റ്റ് താരം ഇബ്രാഹിം സംഗാരെ എടുത്ത ഷോട്ട് നോർവേ ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. 55–ാം മിനിറ്റിൽ ഐവറികോസ്റ്റ് താരം പെപ്പെയുടെ ഗോൾ നീക്കം. പക്ഷേ നോർവേ ഗോൾകീപ്പർ ഓർജൻ നൈലൻഡ് പന്തു രക്ഷപെടുത്തി. പിന്നാലെ ഫ്രാങ്ക് കെസ്സിയും ഇമ്മാനുവൽ അബാദുവും ഐവറികോസ്റ്റിനെ ഒപ്പമെത്തിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. 66-ാം മിനിറ്റില്‍ നോർവേയുടെ സുവർണാവസരം. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് എടുത്ത കോർണറിൽ പന്തു ചെന്നു വീണത് ടോർബോൺ ഹെഗ്ഗെമിന്റെ കാലുകളിലേക്കാണ്. ഹെഗ്ഗേം നോർവേയുടെ ലീഡ് രണ്ടാക്കുമെന്നു പ്രതീക്ഷിച്ചിരിക്കെ പകരക്കാരനായി ഇറങ്ങിയ അമാദ് ഡിയാലോ ഗോൾ ലൈൻ സേവ് നടത്തി ഐവറികോസ്റ്റിനെ രക്ഷപെടുത്തി. 72–ാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം ഗിസ്‍ലെയ്ൻ കോനാന്റെ ഷോട്ട് നോർവെ പ്രതിരോധ താരം ബ്ലോക്ക് ചെയ്തു. രണ്ടാം പകുതിയിൽ മത്സരത്തിലേക്കു തിരിച്ചെത്തുക ലക്ഷ്യമിട്ട് ഐവറികോസ്റ്റ് നടത്തിയ തുടർച്ചയായ ആക്രമണങ്ങളുടെ ഫലം അവർക്കു ലഭിച്ചത് 74–ാം മിനിറ്റിലാണ്. നിക്കോളാസ് പെപ്പെയുടെ അസിസ്റ്റിൽ അമാദ് ഡിയാലോയുടെ ഗോൾ. സ്കോർ 1–1. ബോക്സിനു പുറത്തുനിന്ന് പെപ്പെയ്ക്കു പന്തു കൈമാറിയ ശേഷം അമാദ് ബോക്സിലേക്കു കയറി പന്തു വാങ്ങുകയായിരുന്നു. നോർവേ പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾ ഏരിയയിലേക്കു കടന്നുകയറിയ അമാദ് അതിവേഗം പന്തു വലയിലെത്തിച്ചു. ഗോൾ കീപ്പർ ഓർജാൻ നൈലൻഡിനും ഇത്തവണ നോർവേയെ രക്ഷിക്കാൻ സാധിച്ചില്ല. പകരക്കാരനായിറങ്ങിയ അമാദ് ആദ്യം ഗോളെന്നുറപ്പിച്ച ഷോട്ടിൽ ഗോള്‍ലൈന്‍ സേവ് നടത്തി ഐവറികോസ്റ്റിന്റെ രക്ഷകനായി. ഒടുവിൽ നിര്‍ണായകമായ സമനില പിടിച്ച് വീണ്ടും ടീമിനെ രക്ഷിച്ചു.
നോക്കൗട്ടിൽ വീണ്ടുമൊരു എക്സ്ട്രാ ടൈം പോരാട്ടം ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് 86–ാം മിനിറ്റില്‍ നോർവീജിയൻ സൂപ്പർ താരം ഹാളണ്ട് അവതരിക്കുന്നത്. ബോക്സിനകത്തുനിന്ന് ഐവറി പ്രതിരോധ താരങ്ങളുടെ ഭീഷണി മറികടന്നു പന്തു സ്വീകരിച്ച പാട്രിക് ബെർഗ് ഗോൾ മുഖത്ത് സമാന്തരമായി ഹാളണ്ടിന് പാസ് നൽകി. പ്രതിരോധ താരങ്ങളിൽനിന്നൊഴിഞ്ഞ് കൃത്യമായ സ്ഥാനത്തുനിലയുറപ്പിച്ച ഹാളണ്ടിന് പന്ത് വലയിലേക്കു തട്ടിയിടേണ്ട ജോലി മാത്രമാണുണ്ടായിരുന്നത്. ലോകകപ്പിലെ അഞ്ചാം ഗോൾ നേടിയതോടെ ഗോൾ വേട്ടയിൽ ലയണൽ മെസ്സിക്കു പിന്നിൽ രണ്ടാമതെത്താനും ഹാളണ്ടിനു സാധിച്ചു. നോർവേ വീണ്ടും മുന്നിൽ. രണ്ടാം പകുതിക്ക് ഏഴു മിനിറ്റാണ് ഇൻജറി ടൈമായി അനുവദിച്ചിരുന്നത്. ഈ സമയമത്രയും സമനില ഗോളിനായി ഐവറികോസ്റ്റ് താരങ്ങൾനിന്നു പൊരുതി. ഇൻജറി ടൈമിൽ നോർവേ ക്യാപ്റ്റന്റെ ഫൗളിൽ ഐവറി കോസ്റ്റിന് മികച്ചൊരു അവസരം ലഭിച്ചതാണ്. ഫ്രീകിക്കെടുത്ത അമാദ് ഡിയാലോ പോസ്റ്റിന്റെ ടോപ് കോർണറിലേക്കു ലക്ഷ്യമിട്ടു. അമാദിന്റേത് ഒരു ഗംഭീര ഷോട്ടാണെങ്കിൽ അതിലും ഗംഭീരമായൊരു സേവിലൂടെ ഗോൾ കീപ്പർ നൈലൻഡ് നോർവേയെ കാത്തു. പിന്നാലെ തുടര്‍ച്ചയായി കോർണർകിക്കുകൾ ലഭിച്ചെങ്കിലും മുതലാക്കാൻ ഐവറികോസ്റ്റിനു സാധിച്ചില്ല. ഫുൾടൈം വിസിൽ മുഴങ്ങിയതോടെ 2–1ന് വിജയിച്ച് നോർവേ പ്രീക്വാർട്ടറിൽ.
English Summary:





English (US) ·