Published: August 11, 2026 12:09 PM IST Updated: August 11, 2026 02:48 PM IST
1 minute Read
കൊറിറ്റിബ (ബ്രസീൽ) ∙ ഫുട്ബോൾ മത്സരങ്ങൾക്കിടെ ഗോളാഘോഷങ്ങൾ സ്വാഭാവികമാണ്. താരങ്ങൾ ഗാലറിയിലേക്ക് ഓടിക്കയറുന്നതും, ഗോൾ നേടിയ ശേഷം ജഴ്സി ഊരി ആഘോഷിക്കുന്നതുമെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഗോളാഘോഷത്തിനിടയിൽ ഒരു താരം തുരങ്കത്തിലേക്ക് വീഴുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
What you should work next
ഡിഫെൻഡറായ ജാസി മരൻഹാവോയ്ക്കാണ് സ്വന്തം ഗോളാഘോഷം കാരണം വിചിത്രമായ അനുഭവം ഉണ്ടായത്. കൗട്ടോ പെരേര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊറിറ്റിബ ടീമിനായി ഗോൾ നേടിയ ജാസി, ഗോളാഘോഷത്തിനിടെ പരസ്യ ബോർഡുകൾക്ക് മുകളിലൂടെ ചാടുകയും അബന്ധത്തിൽ അവിടെയുണ്ടായിരുന്ന തുരങ്കത്തിലേക്ക് വീഴുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബ്രസീലിയൻ ടോപ് ഫ്ലൈറ്റ് മത്സരത്തിൽ ഷപെകോയൻസിനെതിരെ 41-ാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെയാണ് തന്റെ ടീമായ കൊറിറ്റിബയ്ക്ക് വേണ്ടി 29 കാരനായ സെന്റർ ബാക് താരം ജാസി മരൻഹാവോ ഗോൾ നേടിയത്. ഗോൾ നേടിയ ആവേശത്തിൽ പന്തുമായി ജാസി ആരാധകർക്ക് നേരെ ഓടുകയും പരസ്യ ബോർഡുകൾക്ക് മുകളിലൂടെ ചാടുകയുമായിരുന്നു.
എതിർ ടീമിന്റെ ഡ്രസിങ് റൂമിലേക്ക് നയിക്കുന്ന വഴിയിലേക്ക് വീണ ജാസി, പെട്ടെന്ന് ‘അപ്രത്യക്ഷനായത്’ ആശങ്കയ്ക്കിടയാക്കി. ഒടുവിൽ താരം എങ്ങനെയൊക്കെയോ അവിടെനിന്നു മുകളിലേക്ക് കയറിവന്നെങ്കിലും, വീഴ്ചയിൽ താരത്തിന്റെ കണങ്കാലിന് പരുക്കേറ്റിരുന്നു. എന്നിട്ടും ആദ്യം ജാസി കളി തുടർന്നെങ്കിലും രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ അദ്ദേഹത്തിന് പകരക്കാരനെ ഇറക്കേണ്ടി വന്നു.
ഒടുവിൽ മറ്റൊരു തിരിച്ചടി കൂടി താരത്തെ കാത്തിരിപ്പുണ്ടായിരുന്നു. വാർ പരിശോധനയ്ക്ക് ശേഷം ആ ഗോൾ അനുവദിച്ചില്ല. എന്നാൽ ഇതിനുശേഷവും കളിയിൽ മേധാവിത്വം പുലർത്തിയ കൊറിറ്റിബ ഒടുവിൽ ഷപെകോയൻസിനെ 2-1 ന് പരാജയപ്പെടുത്തി. മത്സരശേഷം സംഭവത്തെക്കുറിച്ച് ജാസി പ്രതികരിച്ചു. ‘‘അവിടെ വച്ച് എന്റെ കാൽ ഒന്ന് മടങ്ങി. ചെറിയ വേദനയുണ്ട്, എങ്കിലും ഞാൻ സുഖമായിരിക്കുന്നു. സെന്റർ ബാക്കുകൾക്ക് ഗോൾ നേടാൻ അപൂർവ്വമായേ അവസരം ലഭിക്കാറുള്ളൂ. അതുകൊണ്ട് ഗോൾ നേടിയപ്പോൾ ഞാൻ ആ നിമിഷത്തിൽ കുറച്ചധികം ആവേശഭരിതനായി.’’– ജാസി പറഞ്ഞു.
English Summary:
In a bizarre crook of events during a shot match, Coritiba FC's defender Jaci Maranhão accidentally fell into a passageway portion celebrating a goal. The viral video captured the unexpected moment, highlighting a unsocial and amusing sports incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·