Published: April 14, 2026 09:05 AM IST Updated: April 14, 2026 04:16 PM IST
1 minute Read
ഫുട്ബോൾ ലോകകപ്പിനു പിന്നാലെ വരാനിരിക്കുന്നത് ട്രാക്കും ഫീൽഡും സജീവമാകുന്ന അത്‌ലറ്റിക്സ് മത്സരാവേശം കൂടിയാണ്. 100 ദിവസങ്ങൾക്കപ്പുറം സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ കോമൺവെൽത്ത് ഗെയിംസിനു കൊടിയേറ്റം. ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെയാണു കോമൺവെൽത്ത് ഗെയിംസ്. അതിനു പിന്നാലെ സെപ്റ്റംബർ 19 മുതൽ ജപ്പാനിലെ ഐച്ചി നാഗോയാ നഗരത്തിൽ ഏഷ്യൻ ഗെയിംസ്.
2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദാണു വേദി. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഗെയിംസിനുള്ള തയാറെടുപ്പുകളിൽ ഇന്ത്യ കൂടുതൽ ആവേശത്തിലാണ്. 2022ൽ ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 12 ഇനങ്ങളിലായി 22 സ്വർണം ഉൾപ്പെടെ 61 മെഡലുകളുമായി നാലാമതായിരുന്നു ഇന്ത്യ. അന്ന് ഇന്ത്യ മെഡൽ കൊയ്ത ക്രിക്കറ്റ്, ഹോക്കി, ഗുസ്തി, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, സ്ക്വാഷ് എന്നീ ഇനങ്ങൾ ഇത്തവണയില്ല.
ഗെയിംസ് സംഘാടക സമിതിയുടെ നിയന്ത്രണങ്ങളുള്ളതിനാൽ അത്‌ലറ്റിക്സിൽ 16 വനിതകൾ ഉൾപ്പെടെ പരമാവധി 32 അത്‌ലീറ്റുകളെ മാത്രമേ ഇന്ത്യയ്ക്ക് അയയ്ക്കാനാകൂ. മിക്ക ഇനങ്ങളിലും ടീമിലിടം നേടണമെങ്കിൽ ദേശീയ റെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിഷ്കർഷ.
മേയ് 22 മുതൽ 25 വരെ ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പ്രകടനംകൂടി കണക്കിലെടുത്താണു കോമൺവെൽത്ത് ഗെയിംസിനുള്ള അത്‌ലറ്റിക്സ് ടീമിന് അന്തിമ രൂപം നൽകുക. മലയാളി അത്‌ലീറ്റുകളായ അബ്ദുല്ല അബൂബക്കർ, എം. ശ്രീശങ്കർ, ആൻസി സോജൻ, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ ടീമിലിടം നേടുമെന്നാണു പ്രതീക്ഷ.
English Summary:








English (US) ·