Published: May 17, 2026 03:02 PM IST
1 minute Read
കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിൽ ശനിയാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ മത്സരത്തിന്റെ ടോസിനിടെ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ രവി ശാസ്ത്രിക്ക് നാക്കുപിഴ. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ടോസിട്ടതിനു ശേഷം സംസാരിച്ചപ്പോൾ, ഗുജറാത്ത് ഇതിനകം തന്നെ പ്ലേഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ടെന്നാണ് രവി ശാസ്ത്രി അബദ്ധത്തിൽ പറഞ്ഞത്. ‘‘നിങ്ങളുടെ ടീമിന് നേരെ ‘ക്യൂ’ (ക്വാളിഫൈഡ്) എന്ന അക്ഷരം ഇതിനകം തന്നെയുണ്ട്, നിങ്ങൾ ഇതിനെ എങ്ങനെയാണ് സമീപിക്കുന്നത്?’’ എന്നായിരുന്നു ശാസ്ത്രിയുടെ ചോദ്യം. എന്നാൽ ഗിൽ, ഇതിനെക്കുറിച്ച് പരാമർശിക്കാതെ ടീമിന്റെ പ്രകടനത്തെക്കുറിച്ചാണ് സംസാരിച്ചത്.
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപ് 12 മത്സങ്ങളിൽനിന്ന് 16 പോയിന്റാണ് ഗുജറാത്തിനുണ്ടായിരുന്നത്. 18 പോയിന്റാണ് പ്ലേഓഫ് ഉറപ്പിക്കാൻ വേണ്ടത്. കൊൽക്കത്തയ്ക്കെതിരായ മത്സരം തോറ്റതോടെ ഇന്നലെയും അവർക്ക് പ്ലേഓഫ് ഉറപ്പിക്കാനായില്ല. 13 മത്സരങ്ങളിൽനിന്ന് 16 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽനിന്ന് 16 പോയിന്റുള്ള ആർസിബിയാണ് ഒന്നാമത്. ഞായറാഴ്ച പഞ്ചാബ് കിങ്സിനെതിരെ വിജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കഴിഞ്ഞവർഷത്തെ ചാംപ്യന്മാരായ ആർസിബി മാറും. ഗുജറാത്തും പ്ലേഓഫ് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ശനിയാഴ്ച നടന്ന ഐപിഎലിലെ ത്രില്ലർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 29 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ഫിൻ അലൻ (35 പന്തിൽ 93), അംഗ്ക്രിഷ് രഘുവംശി (44 പന്തിൽ 82 നോട്ടൗട്ട്), കാമറൂൺ ഗ്രീൻ (28 പന്തിൽ 52 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 247 റൺസ്.
22 സിക്സും 12 ഫോറും അടങ്ങുന്നതാണ് കൊൽക്കത്ത ഇന്നിങ്സ്. സീസണിൽ കൊൽക്കത്തയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (49 പന്തിൽ 85), ജോസ് ബട്‌ലർ (35 പന്തിൽ 57), സായ് സുദർശൻ (28 പന്തിൽ 53 നോട്ടൗട്ട്) എന്നിവരിലൂടെ ഗുജറാത്ത് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.സ്കോർ: കൊൽക്കത്ത 20 ഓവറിൽ 2ന് 247. ഗുജറാത്ത് 20 ഓവറിൽ 4ന് 218.
English Summary:







English (US) ·