ക്യുറസാവോ ആദ്യമായൊരു ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നതാണ്. അതിന്റെ ആവേശത്തിൽ ഒരു ഗോളും അടിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ കളി 1–1 എന്ന നിലയിൽ എത്തിച്ചതിന്റെ പേരിൽ ജർമനി, ഇത്തിരി കുഞ്ഞൻമാർക്കെതിരെ അടിച്ചുകൂട്ടിയത് ഏഴു ഗോളുകൾ. ജർമൻ താരങ്ങൾ ഗോളടിക്കാൻ ക്യൂ നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ക്യുറസാവോയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ജർമൻ താരങ്ങൾ രണ്ടാം പകുതിയിലെ ഓരോ പത്തു മിനിറ്റു കൂടുമ്പോഴും ഗോളുകളുമായെത്തുമ്പോൾ, കാര്യമായി പ്രതിരോധിക്കാൻ പോലും സാധിക്കാതെ പതറിപ്പോയി കന്നി ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ക്യുറസാവോ. ജയിച്ചത് ജർമനിയും തോറ്റത് ക്യുറസാവോയുമാണെങ്കിലും ഈ മത്സരഫലം കൊണ്ട് അസ്വസ്ഥരാകുന്നത് ബ്രസീൽ ആരാധകരാകും. 7–1 എന്ന സ്കോർ അവരെ കുറേക്കാലം വേട്ടയാടിയതാണ്. 2014 ലോകകപ്പിന്റെ സെമി ഫൈനലിലാണ് സ്വന്തം നാട്ടുകാരുടെ മുന്നിൽ ബ്രസീലിനെ ജർമനി 7–1ന് തോൽപിച്ച് നാണംകെടുത്തിയത്. ഫുട്ബോള്‍ ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ അന്നത്തെ തോൽവി ബ്രസീൽ ആരാധകർ ഒന്നു മറന്നു വരികയായിരുന്നു. അതിനിടെയാണ് 7–1 എന്ന സ്കോറുമായി ജർമനി വീണ്ടും രംഗത്തെത്തിയത്. അന്ന് ബ്രസീലിനെ തൂക്കിയെറിഞ്ഞ ജർമനിക്ക് ക്യുറസാവോയൊക്കെ നിസാരം.
What you should work next
ക്യുറസാവോയുടെ ചരിത്ര ഗോൾ, ജർമനിക്ക് ക്ഷീണം
ക്യുറസാവോയ്ക്കെതിരെ ഏകാധിപത്യമാണ് ജർമനിയുടെ ആരാധകർ പ്രതീക്ഷിച്ചതെങ്കില്‍ ആദ്യ പകുതിയിൽ ഗ്രൗണ്ടിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ വൻ ശക്തികളായ ജർമനിക്കു തന്നെയായിരുന്നു സ്വാധീനം. അതിന്റെ ഫലമായിരുന്നു ആറാം മിനിറ്റിലെ ഗോൾ. 2026 ലോകകപ്പിലെ ഇതുവരെയുള്ളതിൽ വേഗതയേറിയ ഗോളാണിത്. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു പന്തു ലഭിച്ച ഫെലിക്സ് നെംച ഫ്ലോറിയൻ വിറ്റ്സിനു പാസ് നല്‍കിയ ശേഷം അകത്തേക്ക് ഓടിക്കയറുകയായിരുന്നു. വിറ്റ്സിന്റെ വൺ ടച്ചിൽ പന്തു വാങ്ങിയ ഫെലിക്സ് ക്യുറസാവോ പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഈ സമയത്ത് ക്യുറസാവോ ഗോൾ കീപ്പർക്കു നോക്കിനിൽക്കാൻ മാത്രമാണു സാധിച്ചത്. ആറാം മിനിറ്റിൽ ലീഡ് വഴങ്ങിയെങ്കിലും ക്യുറസാവോ കരുത്തു പുറത്തെടുക്കാൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ക്യുറസാവോ മുന്നേറ്റ നിരയും ജർമൻ ബോക്സിലേക്ക് ഏതാനും മിന്നലാക്രമണങ്ങൾ നടത്തി. ജർമനി എപ്പോൾ രണ്ടാം ഗോൾ അടിക്കുമെന്ന് ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് നെഞ്ചു തകർത്ത് ക്യുറസാവോ സമനില പിടിക്കുന്നത്.
ആദ്യമായി ലോകകപ്പ് കളിക്കുന്ന ടീം 20–ാം മിനിറ്റിൽ ടൂർണമെന്റിലെ അവരുടെ ആദ്യ ഗോളടിച്ച് ചരിത്രം സൃഷ്ടിച്ചു. ലിവാനോ കോമനെൻസിയയാണ് ക്യുറസാവോയുടെ ആദ്യ ഗോളടിച്ച പോരാളി. പ്രതിരോധ താരങ്ങൾ നീട്ടി നൽകിയ പന്ത് ജർമൻ പെനാൽറ്റി ഏരിരയിലെത്തിയപ്പോൾ ജർമനി അടിച്ചുകളയേണ്ടതായിരുന്നു. എന്നാൽ ജർമൻ പ്രതിരോധ താരങ്ങളുടെ പിഴവ് പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിൽക്കുകയായിരുന്ന കോമനെൻസിയ മുതലെടുത്തു. മുന്നിലേക്കു കയറിയ താരം അതിവേഗം പന്ത് ജർമൻ ഗോൾ പോസ്റ്റിലേക്കു നീട്ടി. ജർമനിയുടെ ഇതിഹാസ താരം മാനുവൽ നൂയർ ഡൈവ് ചെയ്തു നോക്കിയെങ്കിലും പന്തു പിടിച്ചെടുക്കാൻ സാധിച്ചില്ല. സ്കോർ 1–1. 28–ാം മിനിറ്റിൽ ജർമൻ താരം നിക്കോ ഷ്ളോട്ടർബെകിന്റെ തകർപ്പൻ ഹെഡർ കുറസാവോ ഗോളി എലോയ് റൂം തട്ടിമാറ്റി. സമനില ഗോൾ വഴങ്ങിയതോടെ ക്യുറസാവോ ബോക്സിലേക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ പന്തെത്തിക്കുന്ന ജർമൻ താരങ്ങളെയാണു കണ്ടത്.
38–ാം മിനിറ്റിൽ നിക്കോ ഷ്ളോട്ടർബെക് ജർമനിക്കായി ലക്ഷ്യം കണ്ടു. 18–ാം നമ്പർ താരം നതനിയേൽ ബ്രൗൺ എടുത്ത കോർണറാണ് ഗോളിലേക്കുള്ള വഴി തുറന്നത്. കോർണറിനിടെ ക്യുറസാവോ പ്രതിരോധ താരങ്ങൾക്കിടയിൽനിന്ന് നിക്കോ ഷ്ളോട്ടർബെക് പന്ത് തലകൊണ്ടു തട്ടിയിട്ടു. ജര്‍മനി 2–1ന് മുന്നിൽ. വീണ്ടും ലീഡെടുത്തിട്ടും ജർമനി ആക്രമണ തന്ത്രം തന്നെയാണു പിന്തുടർന്നത്. ക്യുറസാവോയുടെ പ്രത്യാക്രമണങ്ങൾ പേരിലൊതുങ്ങി. ആദ്യ പകുതിയിൽ മൂന്നാമതൊരു ഗോൾ കൂടി വഴങ്ങാതിരിക്കാനായിരുന്നു ക്യുറസാവോ ശ്രമിച്ചത്. പക്ഷേ അധിക സമയത്തെ ഫൗൾ അവരെ ചതിച്ചു. 45–ാം മിനിറ്റിൽ ജര്‍മൻ താരം ഫെലിക്സ് നെംചയെ ക്യുറസാവോയുടെ റിച്ചഡ്‍ലി ബസോർ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു റഫറിയുടെ ശിക്ഷാ നടപടി. കിക്കെടുക്കാനെത്തിയ ജർമനിയുടെ ഏഴാം നമ്പർ താരം കായ് ഹാവെർട്സ് പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു. ക്യുറസാവോ ഗോളി എലോയ് റൂമിനെ തെറ്റായ ദിശയിലേക്കു ഡൈവ് ചെയ്യിച്ച ശേഷമായിരുന്നു ഹാവെർട്സിന്റെ ഗോൾ. പിന്നാലെ ഹാഫ്ടൈം വിസിൽ മുഴങ്ങിയതോടെ ജർമനി 3–1ന് മുന്നിൽ.
68,78,88 ഓരോ പത്തു മിനിറ്റിലും ഗോളുകൾ
സുരക്ഷിതമായ നിലയിലെത്താൻ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജർമനി നീക്കം തുടങ്ങി. 46–ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ പാസ് ജമാല്‍ മുസിയാലയുടെ കാലുകളിൽ. പന്തു ലഭിച്ച ബയൺ മ്യൂണിക് മിഡ്ഫീൽഡർ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പന്തെത്തിച്ചു. ജര്‍മൻ ജഴ്സിയിൽ യുവതാരത്തിന്റെ പത്താം ഗോളായിരുന്നു ഇത്. ജർമനി 4–1ന് മുന്നിൽ. ജർമനി എത്ര ഗോളുകൾ അടിച്ചുകൂട്ടുമെന്നതായിരുന്നു പിന്നീടത്തെ ചോദ്യം. കാരണം തുടക്കത്തിലെ പ്രതിരോധത്തിനു ശേഷം ക്യുറസാവോ താരങ്ങളും ഗോളി റൂമും അപ്പോഴേക്കും പിന്നോട്ടുപോയി തുടങ്ങിയിരുന്നു. 63–ാം മിനിറ്റിൽ യോനഥൻ തായുടെ ലോഫ്റ്റഡ് ത്രൂ ബോളിൽ ജർമൻ താരം സാനെയുടെ ഗോൾ നീക്കം. എന്നാൽ ഷൂട്ടിങ് പിഴച്ചതോടെ പന്ത് ലക്ഷ്യത്തിലെത്താതെ പോയി. 64–ാം മിനിറ്റിൽ ജമാൽ മുസിയാലയെ പിൻവലിച്ച ജർമനി പകരക്കാരനായി ഡെനിസ് ഉണ്ടവിനെ ഇറക്കി. 67–ാം മിനിറ്റിൽ തകർപ്പനൊരു നീക്കത്തിലൂടെ കുറസാവോ താരം ലിവാനോ കൊമനന്‍സിയ വീണ്ടും വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. കുറസാവോ താരം അർമാൻഡോ ഒബിപ്സോ ഓഫ് സൈഡായതാണു കാരണം. തൊട്ടുപിന്നാലെ 68–ാം മിനിറ്റിൽ നതാനിയേൽ ബ്രൗണിലൂടെ ജർമനി അഞ്ചാം ഗോൾ കണ്ടെത്തി.
What you should work next
76-ാം മിനിറ്റിൽ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കുറസാവോയ്ക്ക് രണ്ടാം ഗോൾ നഷ്ടമായത്. ജേൾ മാർഗരിത്തയുടെ നീക്കം ജർമൻ ഗോളി മാനുവൽ നൂയർക്ക് പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിലും പന്ത് നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. എന്നാൽ ഗോളടി മേളം ജർമനി അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ജോഷ്വ കിമ്മിച്ച് ഗോളടിക്കാൻ തക്കവണ്ണം എടുത്തു നൽകിയ പന്തിൽ ഡെനിസ് ഉൻഡാവ് സ്കോർ ആറാക്കി. കുറസാവോ താരം ലിയാൻഡ്രോ ബകുന പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഷോട്ട് ഡിഫ്ലക്ട് ചെയ്തെങ്കിവും വലയിൽ തന്നെ പതിച്ചു. 78-ാം മിനിറ്റിലായിരുന്നു ഉൻഡാവിന്റെ ഗോൾ. അവിടെയും തീര്‍ന്നില്ല. 88–ാം മിനിറ്റിൽ കൈ ഹാവെർട്സ് മത്സരത്തിലെ താരത്തിന്റെ രണ്ടാം ഗോൾ കണ്ടെത്തി. ആറാം ഗോൾ നേടിയ ഉൻഡാവിന്റെ അസിസ്റ്റിലായിരുന്നു ഹാവെർട്സിന്റെ ഏഴാം ഗോൾ. പ്രതിരോധിക്കാൻ വെല്ലുവിളിയായെത്തിയ കുറസാവോ താരം ഗർവെൻ കാസ്റ്റനീറിനെ മറികടന്നാണ് ഗോളി എലോയ് റൂമിന് മുകളിലൂടെ ഹാവെർട്സ് ഏഴാം ഗോളടിച്ചത്. ഇടയ്ക്ക് കുറസാവോ താരത്തിനു പരുക്കേറ്റു വീണതോടെ എട്ടാം ഗോൾ നേടാനുള്ള അവസരം ജർമനിക്കു നഷ്ടമായെന്നു പറഞ്ഞാൽ തെറ്റില്ല!.
English Summary:





English (US) ·